ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം ഇന്ത്യയിലെ വാഹന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിപണിയില്‍ തുടര്‍ച്ചയായ പതിനൊന്നാം മാസവും ഇടിവ് തുടരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ മാനുഫാക്ചറേഴ്സിന്‍റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ ഇന്ത്യന്‍ വാഹന വിപണി കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നുപോയതെന്നാണ് റിപ്പോര്‍ട്ട്.
2019-20 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 23.7 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരക്ക് വാഹങ്ങളുടെ വില്‍പ്പന 62.11 ശതമാനമായും കുറഞ്ഞു.
ഇതില്‍ നിന്നും കേന്ദ്ര ധനമന്ത്രിയുടെ ഉത്തേജക പദ്ധതികളൊന്നും ഫലം കണ്ടില്ലയെന്നാണ് സൂചിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് എസ്ഐഎഎം റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം യാത്രാ വാഹനങ്ങളുടെ വില്‍പ്പന 2,23,317 യൂണിറ്റായാണ് കുറഞ്ഞത്. അതില്‍ 33.4 ശതമാനം കാറുകളാണ്. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയും 23.29 ശതമാനമായി കുറഞ്ഞു.
വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറവ് ആഭ്യന്തര വാഹന വ്യവസായം അഭിമുഖീകരിക്കുന്നതിനാലാണ് ഉത്പാദന വെട്ടിക്കുറവിനും ആയിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങള്‍ക്കും കാരണമാകുന്നത്.