Parliament Monsoon Session: പാര്‍ലമെന്റ് സ്തംഭനം, പ്രതിപക്ഷം മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാര്‍

വർഷകാല സമ്മേളനം തടസപ്പെടുത്തിയതിൽ പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്ന് ഏഴ് കേന്ദ്രമന്ത്രിമാർ.

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 06:14 PM IST
  • സഭ നടപടികൾ തടസപ്പെടുത്തിയതിന് പ്രതിപക്ഷം മാപ്പ് പറയണമെന്ന് കേന്ദ്രം.
  • ഏഴ് കേന്ദ്രമന്ത്രിമാർ വിളിച്ച സംയുക്ത വാർത്ത സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
  • സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയെന്നും കേന്ദ്രം.
  • പ്രതിപക്ഷത്തിന്റെ പ്രവർത്തികൾ രാജ്യത്തിനാകെ അപമാനമാണെന്നും കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചു.
Parliament Monsoon Session: പാര്‍ലമെന്റ് സ്തംഭനം, പ്രതിപക്ഷം മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ (Parliament) വര്‍ഷകാല സമ്മേളനം (Monsoon Session) തടസപ്പെടുത്തിയതിന് പ്രതിപക്ഷം (Opposition) മാപ്പ് പറയണമെന്ന് കേന്ദ്രം. ഏഴു കേന്ദ്രമന്ത്രിമാര്‍ (Union Ministers) വിളിച്ച സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. പെഗാസസിലും (Pegasus) കാർഷികനിയമങ്ങളിലും (Farm laws) മുങ്ങിയൊലിച്ച് വർഷകാല സമ്മേളനം രണ്ടുദിവസം നേരത്തേ പിരിഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ പ്രതികരണം. ജൂലൈ 19ന് സമ്മേളനം തുടങ്ങിയതു മുതൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധം കാരണം സഭ നടപടികൾ തടസപ്പെട്ടിരുന്നു.

പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് കേന്ദ്രമന്ത്രിമാർ ഉന്നയിച്ചത്. സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കൂടുതല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. ഒബിസി പട്ടിക തയാറാക്കാൻ അധികാരം നൽകുന്ന ഭരണഘടന ഭേദഗതി ബിൽ മാത്രമാണ് പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ പാസാക്കിയത്. പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം അലങ്കോലമാക്കി. സഭ നടപടികൾ സുഗമമായി നടത്തുന്നതിന് പ്രതിപക്ഷവുമായി പല തവണ ചര്‍ച്ച നടത്തിയെങ്കിലും സഹകരിക്കാൻ തയാറായില്ല. സമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചു. 

Also Read: OBC Bill ലോക്സഭയിൽ പാസാക്കി; പിന്തുണച്ച് പ്രതിപക്ഷം

എംപിമാര്‍ മേശപ്പുറത്തുകയറി പ്രതിഷേധിച്ചതിനെയും കേന്ദ്രമന്ത്രിമാര്‍ വിമര്‍ശിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ചേർന്നതല്ല പ്രതിപക്ഷത്തിന്റെ പെരുമാറ്റം. അവരുടെ പ്രവർത്തികൾ രാജ്യത്തിനാകെ അപമാനമാണെന്നും കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചു. രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ (Central Government) പ്രതിജ്ഞാബദ്ധരാണ്. അതിനായി ജനങ്ങള്‍ സര്‍ക്കാരിനെ ചില ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായും തടസപ്പെടുത്തി. വെറുതേ മുതലക്കണ്ണീര്‍ ഒഴുക്കുന്നതിന് പകരം പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ (Anurag Thakur)ആവശ്യപ്പെട്ടു. 

Also Read: OBC Bill രാജ്യസഭയും പാസാക്കി; എല്ലാ അം​ഗങ്ങളും അനുകൂലിച്ചു

സഭ സമ്മേളനത്തിനിടെ പ്രതിപക്ഷം ഫര്‍ണിച്ചറും വാതിലും തകര്‍ക്കുകയും ചെയ്തു. പേപ്പറുകള്‍ കീറിയെറിഞ്ഞു. ഒരു വനിത മാര്‍ഷലിന് പ്രതിപക്ഷ എംപിമാരുടെ കൈയേറ്റത്തിനിടെ പരിക്കേറ്റുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണെന്നും അദ്ദേഹവും കുറ്റപ്പെടുത്തി.  ജനവിധി അംഗീകരിക്കാൻ ഇപ്പോഴും കോൺ​ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി (Pralhad Joshi) പറഞ്ഞു. 

അതേസമയം, രാജ്യസഭയില്‍ (Rajya Sabha) മാര്‍ഷലുകളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ അഴിഞ്ഞാടിയെന്നായിരുന്നു പ്രതിപക്ഷം ആരോപണം. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ഭരണപക്ഷം ബോധപൂര്‍വ്വം ശ്രമിച്ചു. രാജ്യസഭ അധ്യക്ഷനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. 

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എം.പിമാരും ഇന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) വിമർശിച്ചു. പാര്‍ലമെന്റില്‍ നിരവധി വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകര്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News