ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ ശക്തിപ്രാപിച്ചാൽ രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങൾ. ഇന്ത്യയിൽ കോവിഡ് കേസുകൾ 7,500ഓളം ആയി വർധിക്കുമെന്നും നാഷണൽ കോവിഡ് സൂപ്പർമോഡൽ പാനൽ വ്യക്തമാക്കി. ഇന്ത്യയിൽ ഒമിക്രോൺ മൂന്നാം തരംഗം ഉണ്ടാക്കിയേക്കുമെന്നും എന്നാൽ അത് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നും നാഷണൽ കോവിഡ്-19 സൂപ്പർ മോഡൽ കമ്മിറ്റിയുടെ തലവൻ വിദ്യാസാഗർ പറഞ്ഞു.
മൂന്നാം തരംഗം അടുത്ത വർഷം ആദ്യം ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്. രാജ്യത്ത് ഇപ്പോൾ വലിയ തോതിൽ വാക്സിനേഷൻ നൽകിയതിനാൽ ഇത് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറവായിരിക്കാം. എങ്കിലും മൂന്നാംതരംഗം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒമിക്രോൺ ഡെൽറ്റയേക്കാൾ ശക്തിപ്രാപിച്ചാൽ കേസുകൾ വളരെയധികം വർധിക്കുമെന്നും ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) പ്രൊഫസർ കൂടിയായ വിദ്യാസാഗർ വ്യക്തമാക്കി.
ALSO READ: Covid updates Kerala |സംസ്ഥാനത്ത് ഇന്ന് 3,297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 43 മരണം
രണ്ടാം തരംഗത്തേക്കാൾ കൂടുതൽ പ്രതിദിന കേസുകൾ മൂന്നാം തരംഗത്തിൽ കാണപ്പെടാൻ സാധ്യതയില്ല. വാക്സിനേഷൻ വഴി നൽകുന്ന പ്രതിരോധശേഷിയെ ഒമിക്രോൺ എത്രത്തോളം മറികടക്കുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. ഇന്ത്യ പ്രതിദിനം ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് രണ്ടാം തരംഗത്തേക്കാൾ കുറവായിരിക്കുമെന്നും പാനലിലെ മറ്റൊരു അംഗം മനിന്ദ അഗർവാൾ എഎൻഐയോട് പറഞ്ഞു.
അതേസമയം, മുംബൈയിൽ മൂന്ന് ഡോസ് വാക്സിനെടുത്തയാൾ ഒമിക്രോൺ പോസിറ്റീവായി. വെള്ളിയാഴ്ചയാണ് പരിശോധനയിൽ ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ന്യൂയോർക്കിൽ നിന്നെത്തിയ 29-കാരന് കഴിഞ്ഞ ഒൻപതിനാണ് എയർപോർട്ടിൽ നിന്നും പരിശോധന നടത്തിയത്. കോവിഡ് പോസിറ്റീവായതിനാൽ സാമ്പിളുകൾ ജീനോ സീക്വൻസിങ്ങിന് അയച്ചിരുന്നു.
ALSO READ: Omicron | മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു; ഒമിക്രോൺ സ്ഥിരീകരിച്ചത് മംഗളൂരു സ്വദേശിക്ക്
അതേസമയം ഇദ്ദേഹത്തിൻറെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ ഫലം നെഗറ്റീവാണ്. ആശുപത്രിയിൽ പ്രവേശിച്ച രോഗിക്ക് മറ്റ് ലക്ഷണങ്ങൾ ഒന്നുമില്ല. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെട്ടവരാണ് ഇത്. ഫൈസറിൻറെ മൂന്ന് ഡോസ് വാക്സിനാണ് ഇദ്ദേഹം അമേരിക്കയിൽ നിന്നും സ്വീകരിച്ചത്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതൽ പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 24 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്. ആദ്യ കേസ് കർണാടകയിൽ റിപ്പോർട്ട് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 111 ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 40ഉം ഡൽഹിയിൽ 22ഉം ആയി ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...