New Delhi: ഒടുവില്‍ സുപ്രീംകോടതി കനിഞ്ഞു, നൂപുർ ശർമയ്‌ക്കെതിരെ പല സംസ്ഥാനങ്ങളില്‍ നിലവിലുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒപ്പം അറസ്റ്റിനുള്ള വിലക്ക് തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു.
തനിയ്ക്കെതിരായ എല്ലാ കേസുകളും ക്ലബ് ചെയ്യണമെന്ന നൂപുര്‍ ശര്‍മയുടെ അഭ്യർത്ഥന വാദം കേൾക്കുന്നതിനിടയിൽ സുപ്രീംകോടതി അംഗീകരിച്ചു, അതിനാൽ, അവർ വിവിധ സംസ്ഥാനങ്ങളിൽ സ്വയം വാദിക്കേണ്ടതില്ല. എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാനും കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കുമെന്നും കോടതി ഉത്തരവിട്ടൂ. ഈ വിധിയോടെ
സുപ്രീംകോടതി വലിയ ആശ്വാസമാണ് നൂപുര്‍ ശര്‍മയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് ജൂൺ 8ന് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന് പുറമെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാ പരാതികളും സംയോജിപ്പിച്ച് ഒരുമിച്ച് അന്വേഷിക്കുന്നുവെന്ന് ഡൽഹി പോലീസ് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഡൽഹി പോലീസിന് വേണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന്‍റെ സഹായം സ്വീകരിക്കാമെന്നും, എന്നാൽ ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കുന്നില്ല എന്നും കോടതി വ്യക്തമാക്കി. കൂടാതെ, അന്വേഷണം തുടരുന്നിടത്തോളം ജൂലൈ 19ലെ കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കും. അതായത്, ആ ഉത്തരവ് പ്രകാരം നൂപുറിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരും.
ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്. ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തില്‍ നൂപുറിന്‍റെ പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, മുഹമ്മദ് നബിക്കെതിരെ പാർട്ടി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന് ബിജെപി അകലം പാലിയ്ക്കുകയാണ് ഉണ്ടായത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...