ഡല്‍ഹി: ഡൽഹിയിലെ വായുമലിനീകരണ പ്രശ്നത്തിൽ ഇടപെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. ഡൽഹിയിൽ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് കൃത്രിമ മഴപെയ്യിച്ചുകൂടെയെന്ന് കോടതി ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹിയെയും ഹരിയാനയെയും പഞ്ചാബിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് ലംഘിച്ച് കറ്റ കത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്തരീക്ഷ മലിനീകരണത്തില്‍ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നും ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
ഏഴ് ദിവസത്തേക്ക് ഡൽഹിയിലെയും അഞ്ച് അയൽ സംസ്ഥാനങ്ങളിലെയും എല്ലാതരം നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും ഹരിത ട്രിബ്യൂണൽ നിർദേശിച്ചു. കൂടാതെ, ഹെലികോപ്റ്ററുപയോഗിച്ച് വെള്ളം മഴ പോലെ തളിക്കണമെന്നും ഇത് പൊടിപടലങ്ങള്‍ അടങ്ങാന്‍ ഏറെ സഹായിക്കുമെന്നും ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.
നടപടി സ്വീകരിക്കുന്നതിനുപകരം മറ്റുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് പുകമഞ്ഞിന് കാരണമായതെന്നെല്ലാം പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നതെന്നും ഹരിത ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി.
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഭിഭാഷകരാണ് സർക്കാറുകളെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായത്. മലിനീകരണത്തിനെതിരെ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവുകൾ പൂർണമായും വായിച്ചിട്ടില്ലെന്ന് അഭിഭാഷകർ കോടതിയിൽ സമ്മതിച്ചു.
അതേസമയം, അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മലിനീകരണം പ്രധാന വിഷയമാണെന്നിരിക്കെ, പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഗ്യാസ് ചേംബറിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലും പരിസര പ്രദേശത്തും ശക്തമായ പുകമഞ്ഞ് രൂപപ്പെട്ടത്. മഴയും കാറ്റുമില്ലാത്തതിനാല്‍ സ്ഥിതി ഗുരുതരമാവുകയും ചെയ്തു. ജനജീവിതം ദുസഹമായതോടെ സ്‌കൂളുകളടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.