കോടതി ഉത്തരവുകളിൽ ഇനി അവിവാഹിതയായ അമ്മയും വിശ്വസ്തയായ ഭാര്യയും അവിഹിതവും ഇല്ല; യെസ് അല്ലാത്തതൊന്നും ലൈംഗിക ബന്ധത്തിന് സമ്മതമല്ല

സ്റ്റീരിയോടൈപ്പുകളെ ഗഒഴിവാക്കുന്നതാണ് പുതിയ നിർദേശങ്ങൾ.  ഭിന്ന ലൈംഗികതയെ അപകീർത്തികരമായി വിശേഷിപ്പിക്കുന്ന ഇപ്പോൾ പ്രയോഗത്തിലുള്ള പലവാക്കുകളും പുതിയ നിർദ്ദേശത്തിൽ നീക്കം ചെയ്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 02:49 PM IST
  • സ്ത്രീകൾ വികാരാധീനരാണെന്നും തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരാണെന്നും പറയാൻ പാടില്ല
  • പുരുഷൻമാരെക്കാൾ കായികശേഷിയിൽ കുറഞ്ഞവരാണ് സ്ത്രീകളെന്നും പറയരുത്
  • ഒരാളുടെ അറിവിനെ അവർ ഉൾപ്പെടുന്ന സമൂഹവുമായി താരതമ്യപ്പെടുത്തേണ്ടതില്ല
കോടതി ഉത്തരവുകളിൽ ഇനി അവിവാഹിതയായ അമ്മയും വിശ്വസ്തയായ ഭാര്യയും അവിഹിതവും ഇല്ല;  യെസ് അല്ലാത്തതൊന്നും ലൈംഗിക ബന്ധത്തിന് സമ്മതമല്ല

ന്യൂഡൽഹി: സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതൊന്നും ഇനി കോടതി ഉത്തരവിലും ഉണ്ടാകില്ല. സർവസാധാരണമെന്നോണം ഉപയോഗിച്ചുവന്ന സ്ത്രീവിരുദ്ധ വാക്കുകൾ പൂർണമായും ഒഴിവാക്കുകയാണ്. അവിഹിതം, വേശ്യ, വിശ്വസ്തയായ ഭാര്യ തുടങ്ങിയ പ്രയോഗങ്ങൾ ഇനി ഇല്ല. വ്യഭിചാരിണി എന്ന് ഒരു സ്ത്രീയെവിളിക്കാൻ പാടില്ല. പകരം വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീ എന്നാകും. അവിഹിതം എന്നത് വിവാഹത്തിന് പുറത്തുള്ള ബന്ധം എന്നാക്കി. വേശ്യയ്ക്ക് പകരം ലൈംഗിക തൊഴിലാളി എന്നുപയോഗിക്കണം.

അവിഹാവാഹിതരായ അമ്മ എന്ന പദവും ഇനി കോടതി ഉത്തരവിൽ ഉണ്ടാകില്ല. പകരം അമ്മ എന്ന് മാത്രം ഉപയോഗിക്കും. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ഇരകള്‍ എന്നോ, ‘അതിജീവിതകള്‍’ എന്നോ പറയാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റീരിയോടൈപ്പുകളെ പൂർണമായും ഒഴിവാക്കുന്നതാണ് പുതിയ നിർദേശങ്ങൾ.  ഭിന്ന ലൈംഗികതയെ അപകീർത്തികരമായി വിശേഷിപ്പിക്കുന്ന ഇപ്പോൾ പ്രയോഗത്തിലുള്ള പലവാക്കുകളും പുതിയ നിർദ്ദേശത്തിൽ നീക്കം ചെയ്തിട്ടുണ്ട്. ഹൗസ് വൈഫ് എന്ന വാക്ക് ഹോം മേക്കർ എന്നാക്കിയിട്ടുമുണ്ട്. കൽക്കട്ട ഹൈക്കോടതി ജഡ്ജി മൗഷുമി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണ് പുതിയ നിയമ പദാവലി തയ്യാറാക്കിയത്. സ്ത്രീകൾ വികാരാധീനരാണെന്നും തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരാണെന്നും പറയാൻ പാടില്ല. തീരുമാനം എടുക്കുന്നതിൽ  ജെൻഡറിന് ഒരു സ്ഥാനവും ഇല്ലെന്നാണ് കോടതി നിരീക്ഷണം. പുരുഷൻമാരെക്കാൾ കായികശേഷി കുറഞ്ഞവരാണെന്നും പറയരുത്.

എല്ലാ സ്ത്രീകളും അങ്ങനെ അല്ല. ഒരാളുടെ കായിക ശക്തി നിർണയിക്കുന്നത് അവരുടെ ജോലി, ജനിതകം, പോഷകഘടകങ്ങൾ, കായികാധ്വാനം തുടങ്ങിയവയാണ്. ദയയും കരുണയും ഉള്ളവരാണ് സ്ത്രീകളെന്ന വിശേഷണവും വേണ്ട. ഓരോ വ്യക്തികളിലും ഇത്തരം വികാരങ്ങൾ വ്യത്യസ്ഥമാകും. അതിൽ ജെൻഡർ വ്യത്യാസമില്ല. വിവാഹം കഴിക്കാത്ത പെൺകുട്ടിയോ അല്ലെങ്കിൽ പ്രായം കുറഞ്ഞ പെൺകുട്ടിയോ സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനം എടുക്കാൻ പക്വത ഇല്ലാത്തവരായും കാണേണ്ട. വിവാഹം കഴിഞ്ഞാൽ മാത്രം തീരുമാനം എടുക്കാൻ പാകമായി എന്ന വിലയിരുത്തലില്ല.  വിവാഹപ്രായമായ പെൺകുട്ടി എന്നും കോടതി വ്യവഹാരങ്ങളിൽ വേണ്ട. 

വസ്ത്രമല്ല സ്ത്രീകളുടെ സ്വഭാവത്തെ നിർണയിക്കുന്നത്. പരമ്പരാഗതമല്ലെന്ന് കരുതുന്ന വസ്ത്രം ധരിക്കുന്നവർ പുരുഷൻമാരുമായി ലൈംഗികബന്ധത്തിന് ആഗ്രഹിക്കുന്നവരെന്ന് അർത്ഥമില്ല. അവരുടെ ശരീരത്തിൽ അനുവാദമില്ലാതെ തൊടാൻ ഒരു പുരുഷനും അധികാരമില്ല. പല കാരണങ്ങൾകൊണ്ട് മദ്യപിക്കുന്ന, പുക വലിക്കുന്ന സ്ത്രീകൾ ഉണ്ടാകും. അതും ലൈംഗികബന്ധത്തിന് സമ്മതം തരുന്ന സൂചനകൾ അല്ല. പരിചയം ഉള്ള പുരുഷൻമാർ സ്ത്രീകളെ ബലാൽക്കാരം ചെയ്യില്ലെന്നും അനുമാനിക്കരുത്. സഹപാഠികൾ, തൊഴിൽദാതാവ്, സഹപ്രവർത്തകൻ, അയൽക്കാരൻ, കുടുംബത്തിലെ അംഗം, സുഹൃത്ത്, അധ്യാപകൻ അങ്ങനെ പെൺകുട്ടിയുടെ പരിചയത്തിലുള്ള ആരും പീ‍ഡകരായേക്കാം. 

എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗീക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതിയുടെ പരാമർശവും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതി പരാമർശം. പ്രതിഭാഗം ഹാജരാക്കിയ ഫോട്ടയിൽ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും സിവികിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി പരാമർശിച്ചത് വിവാദമായിരുന്നു. 

പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ വിഷാദവും, ആത്മഹത്യാ പ്രവണതയും നിർത്താതെ കരയുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഒരു പെൺകുട്ടി ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിൽ അവൾ പീഡനത്തെക്കുറിച്ച് കള്ളം പറയുകയാണെന്ന് വിലയിരുത്തരുത്. അത് കോടതി ഉദാഹരിക്കുന്നത് ഇങ്ങനെയാണ്. ആളുകൾക്ക് പലതരത്തിലുള്ള മാനസികാവസ്ഥകളാണ്. മാതാപിതാക്കൾ മരിച്ചാൽ പൊട്ടിക്കരയുന്നവരും സങ്കടം പുറത്തുകാണിക്കാൻ താൽപര്യം ഇല്ലാത്തവരും ഉണ്ടാകും. ഇതുതന്നെയാണ് ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയിലും കാണേണ്ടത്.

വിഷമിച്ച് ഇരിക്കാത്തത് അവൾ കള്ളപ്പരാതി നൽകുന്നു എന്ന് വിലയിരുത്തരുത്. പീഡനശേഷം അവൾ സാധാരണഗതിയിൽ തന്നെ പീഡിപ്പിച്ച പുരുഷനോട് സംസാരിക്കുന്നതും ഇടപഴകുന്നതും അവളുടെ പരാതിയെ റദ്ദാക്കുന്നില്ല. അവളെ പീഡിപ്പിച്ചത് ഒരുപക്ഷേ അധികാരസ്ഥാനത്ത് ഇരിക്കുന്നവരോ തൊഴിൽ ഉടമയോ സ്വന്തം കുടുംബത്തിൽ തന്നെ ഉള്ളവരോ തന്നെ ആകാം. അവരോട് തുടർന്നും സംസാരിക്കാൻ അവൾ നിർബന്ധിത ആയേക്കും.  കുടുംബത്തിന്റെ പിന്തുണ ഇല്ലാത്തതുകൊണ്ടോ ഭയം കൊണ്ടോ, മറ്റെന്തെങ്കിലും കാരണം കൊണ്ടോ പരാതി നൽകാൻ വൈകിയേക്കാം.

എന്നാൽ ഇതൊന്നും പരാതി വ്യാജമാണെന്ന് പറയാൻ കഴിയുന്ന കാര്യങ്ങളല്ല. പീഡന ശേഷമുള്ള മാനസികാവസ്ഥയും പരാതിപ്പെടുന്നതിൽ നിന്നും വൈകിപ്പിച്ചേക്കാം. ഉയർന്ന ജാതിയിൽപ്പെട്ട പുരുഷൻ താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീയിൽ ലൈംഗികബന്ധം നടത്തില്ലെന്ന ചിന്താഗതിയും ശരിയല്ല. ഇതിനായി ഭൻവാരി ദേവി കേസിനെക്കുറിച്ചും കോടതി പരാമർശിക്കുന്നുണ്ട്. 1995ൽ നടന്ന കേസിൽ രാജസ്ഥാനിലെ വിചാരണകോടതിയുടെ കണ്ടെത്തൽ താഴ്ന്ന സമുദായത്തിലെ ഭൻവാരി ദേവിയെ ഉയർന്ന ജാതിയിലെ പുരുഷന് പീഡിപ്പിക്കാൻ കഴിയില്ല എന്നതായിരുന്നു.

ലൈംഗിക തൊഴിലാളിയെ ബലാത്സംഗം ചെയ്യാൻ കഴിയുമോ?

കഴിയും എന്നാണ് ഉത്തരം. ലൈംഗിക വൈകൃതങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരകളാകുന്നവരാണ് അവർ. ലൈംഗികതയ്ക്ക് സമ്മതം അല്ലെന്ന് അറിയിക്കുന്ന ലൈംഗിക തൊഴിലാളിയെ നിർബന്ധിച്ച് ചെയ്യിച്ചാൽ അത് ബലാത്സംഗമാണ്. പണം നൽകാതെ ബന്ധപ്പെടാൻ ആകില്ലെന്ന് പറയുന്ന ലൈംഗിക തൊഴിലാളിയെ നിർബന്ധിച്ച് ചെയ്യിക്കുന്നതും ബലാത്സംഗപരിധിയിൽപ്പെടുന്നതാണ്.ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിച്ചാൽ കുറ്റം ഇല്ലാതാകുമോ? ഇല്ല എന്ന് കൃത്യമായി പറയുന്നു കോടതി. ശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള മാർഗമായി മാത്രം വിവാഹത്തെ കാണുന്നവരുണ്ട് . മാത്രമല്ല ബലാത്സംഗം ചെയ്ത് ഒരാളെ വിവാഹം കഴിക്കുന്നതിൽ പെൺകുട്ടിയിൽ കൂടുതൽ മാനസിക പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. 

നോ എന്നാൽ ..?

ലൈംഗികബന്ധത്തിനുള്ള നാണം കൊണ്ട് സമ്മതം എന്ന അർത്ഥത്തിലാണ് നോ എന്ന് പറയുന്നതെന്ന് ഒരിക്കലുംഅംഗീകരിക്കാനാകില്ല. ലൈംഗിക ബന്ധത്തിന് താൽപര്യം ഉണ്ടെങ്കിൽ വ്യക്തമായി യെസ് എന്ന് തന്നെ പറഞ്ഞിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ശരീര ഭാഷയെ സമ്മതമായി കണക്കാക്കാൻ ആകില്ല. ഒരിക്കൽ ആരെങ്കിലുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയെ ധാർമിക മൂല്യങ്ങൾ ഇല്ലാത്തവളായി കാണാനാകില്ല. മോശം സ്വഭാവക്കാരിയായും കാണാനാകില്ല. 'നല്ല' സ്ത്രീ ആണെങ്കിൽ ബലാത്സംഗശേഷം  മരണം തെരഞ്ഞെടുക്കുമെന്ന പാട്രിയാ‌ർക്കൽ ചിന്തകളെയും കോടതികൾ വകവയ്ക്കാൻ പാടില്ല. മാനസികാവസ്ഥകൾ ഓരോരുത്തരിലും വ്യത്യസ്ഥമാണ്. സാമൂഹിക ഘടകങ്ങളുടെ സ്വാധീനവും ഉണ്ടാകും.

സൂര്യനെല്ലി പീഡനക്കേസിൽ പെൺകുട്ടിയ്ക്ക് ഓടി രക്ഷപ്പെട്ടു കൂടായിരുന്നോ എന്ന ജഡ്ജിയുടെ പരാമർശം ഈ ഘട്ടത്തിൽ ഓർമിപ്പിക്കുന്നു. ആരുടെയെങ്കിലും സഹായം തേടാതിരിക്കുകയോ, പീഡിപ്പിക്കാൻ വരുന്ന ആളെ തിരിച്ച് പ്രതിരോധിക്കാതെ ഇരിക്കുകയോ പെണ്ണിന്റെ ശരീരത്തിൽ മുറിപ്പാടുകൾ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് അവൾ പീഡിപ്പിക്കപ്പെട്ടില്ല എന്ന് സാധൂകരിക്കാൻ കഴിയുന്നവയല്ല. അവൾ ഒരുപക്ഷേ ഒച്ചവയ്ക്കാൻ കഴിയുന്ന സാഹചര്യത്തിൽ ആയിരിക്കില്ല. തിരിച്ച് പ്രതിരോധിക്കാൻ കഴിയണമെന്നില്ല.

കൊല്ലുമെന്നോ വീട്ടുകാരെ അപായപ്പെടുത്തുമെന്നോ ഭയപ്പെടുത്തി പീഡനത്തിന് ഇരയാക്കിയിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം വാദങ്ങൾ കോടതിയിൽ നിലനിൽക്കില്ല.  സ്ത്രീ വിരുദ്ധവും പുരുഷാധിപത്യപരവുമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് പലഘട്ടങ്ങളിലായി സുപ്രീംകോടതി കീഴ്ക്കോടതികൾക്ക് നിർദേശം നൽകിയിട്ടുള്ളതാണ്. കോടതി ഉത്തരവുകളിൽ ഇതിൽ കൃത്യമായ നിർദേശം നൽകുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ശൈലീ പുസ്തകം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News