വിവിധ വൈറസ് ബാധകളിൽ നിന്നും രോഗബാധകളിൽ നിന്നും പ്രതിരോധം നേടാൻ വാക്‌സിനുകൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. കോവിഡ് 19, ചിക്കൻ പോക്‌സ്, ടെറ്റനസ്, റുബെല്ല, പോളിയോ തുടങ്ങി നിരവധി രോഗബാധകൾക്ക് എതിരെ പ്രതിരോധ ശേഷി നേടാൻ വാക്സിനുകൾ സഹായിക്കും. എല്ലാ വർഷവും മാർച്ച് 16 നാണ് ഇന്ത്യൻ ഗവൺമെന്റ് ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്. 1995 ലാണ് ഇന്ത്യയിൽ ആദ്യമായി ദേശീയ വാക്സിനേഷൻ ദിനം ആചരിച്ചത്. പൾസ് പോളിയോ വാക്‌സിനേഷൻ പ്രോഗ്രാം ആരംഭിച്ച് കൊണ്ടാണ് ഇന്ത്യയിൽ ദേശീയ വാക്സിനേഷൻ ദിനവും ആചരിക്കാൻ ആരംഭിച്ചത്.
1988 ൽ ലോകാരോഗ്യ സംഘടന ആരംഭിച്ച ഓറൽ പൾസ് പോളിയോ വാക്‌സിൻ ക്യാമ്പയിൻ പ്രകാരം 1995 മാർച്ച് 16 നാണ് ഇനിയിൽ ആദ്യമായി ഓറൽ പൾസ് വാക്‌സിൻ നൽകിയത്. 1998 ൽ വാക്‌സിന്റെ ഉപയോഗത്തെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്താൻ ജീവന്റെ രണ്ട് തുള്ളി എന്ന ക്യാമ്പയിനും സർക്കാർ നടത്തിയിരുന്നു. ഈ ക്യാമ്പയ്‌നിൽ 5 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഓറൽ പോളിയോ വാക്സിൻ നൽകുകയായിരുന്നു. ഇന്ത്യയിൽ അവസാനമായി പോളിയോ രോഗബാധ സ്ഥിരീകരിച്ചത് കൽക്കട്ടയിലെ ഹൗറയിൽ ആയിരുന്നു. 2011 ലായിരുന്നു ഇത്. പിന്നീട് 2014 മാർച്ച് 27 ന് ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
എംആർ വാക്‌സിനേഷൻ കാമ്പെയ്‌നിലൂടെ 324 ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്‌സിന് നൽകി രാജ്യം ഇപ്പോൾ അഞ്ചാംപനി, റുബെല്ല എന്നിവയുടെ നിർമാർജനത്തിന്റെ പാതയിൽ നീങ്ങുകയാണ്. കുട്ടികളിലും മുതിർന്നവരിലും വാക്സിനേഷൻ എടുക്കേണ്ട ആവശ്യകതയെ കുറിച്ചും ഗുണങ്ങളെ കുറിച്ചും ഉള്ള അവബോധം വളർത്താനാണ് ഈ ദിനം ആചരിക്കുന്നത്. ആരോഗ്യ പൂർണമായുള്ള ജീവിതത്തിന് വാക്സിനേഷന്റെ പ്രാധാന്യം രേഖപ്പെടുത്തുക എന്നതാണ് ഈ ദിനത്തിന്റെ മറ്റൊരു ഉദ്ദേശം. അതേസമയം ഇന്ത്യ കോവിഡ് വാക്‌സിനേഷനിൽ നേടിയ വൻ നേട്ടം കൂടിയാണ് ഈ ദിവസം ആചരിക്കുന്നത്. ഇതുവരെ 2,20,64,71,236 കോവിഡ് വാക്സിൻ ഡോസുകൾ ഇന്ത്യയിൽ നൽകി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...