രാജ്യത്ത് വീണ്ടും മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹിയിൽ സ്ഥിരീകരിച്ച അഞ്ചാമത് മങ്കിപോക്സ് രോഗബാധയാണിത്. 22 വയസുള്ള ആഫ്രിക്കൻ സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി നൈജീരിയിൽ നിന്ന് എത്തിയതാണ്. നിലവിൽ യുവതിയെ ലോക് നായക് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിൽ പ്രവേശിച്ചിരിപ്പിക്കുകയാണ്. വെള്ളിയാഴ്ച്ച, ആഗസ്റ്റ് 13 നാണ് യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ലോക് നായക് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ സുരേഷ് കുമാർ അറിയിച്ചു. യുവതി നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ഡൽഹിയിൽ 4 പേരാണ് മങ്കിപോക്സ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഒരാൾ രോഗമുക്തി നേടി ആശുപത്രി വിട്ടു.
രോഗബാധിതയായ യൗവതി ഒരു മാസം മുമ്പാണ് നൈജീരിയയിൽ നിന്ന് എത്തിയത്. അടുത്തിടെ യുവതി അന്താരാഷ്ട്ര യാത്രകളെ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ജൂലൈ 24 നാണ് ഡൽഹിയിൽ ആദ്യ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. കൊല്ലത്ത് ജൂലൈ 14 നാണ് രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചത്.
എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.
എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.