ലോക്സഭാ സ്പീക്കര്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തി

Last Updated : Sep 18, 2017, 03:58 PM IST
ലോക്സഭാ സ്പീക്കര്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തി

ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി. സിപിഐ നേതാവ് സി.എൻ.ജയദേവൻ എംപിയും ഒപ്പമുണ്ടായിരുന്നു. 

വൈകിട്ട് അഞ്ചോടെ ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ സമയത്ത് എത്തിയ സ്പീക്കർ സോപാനത്തു കദളിക്കുല സമർപ്പിച്ചു പ്രാര്‍ത്ഥിച്ചു. 
മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി പ്രസാദം നൽകി. 

സ്പീക്കറോടൊപ്പം ക്ഷേത്രത്തിലെത്തിയ സി.എൻ.ജയദേവൻ എംപി, നാലമ്പലത്തിൽ ശ്രീകോവിലിനു മുന്നിൽ സ്പീക്കർ ദർശനം നടത്തിയ സമയമത്രയും ഒപ്പമുണ്ടായിരുന്നു. 

ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.കുഞ്ഞുണ്ണി, എ.സുരേശൻ, അഡ്മിനിസ്ട്രേറ്റർ സി.സി.ശശിധരൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.ശങ്കുണ്ണിരാജ്, ബിജെപി നേതാക്കളായ രേണു സുരേഷ്, എം.എസ്. സമ്പൂർണ, സി.നിവേദിത എന്നിവർ അനുഗമിച്ചു. കലക്ടർ എ.കൗശിഗൻ, സിറ്റി പൊലീസ് കമ്മിഷണർ രാഹുൽ എസ്.നായർ എന്നിവർ സ്പീക്കറെ ക്ഷേത്ര കവാടത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. 

ഗുരുവായൂർ ദർശനത്തിനു ശേഷം പ്രത്യേക പ്രാർഥന നടത്തിയോ എന്ന ചോദ്യത്തിനു മറുപടിയായി പാർലമെന്റിന്‍റെ സുഗമമായ നടത്തിപ്പിനായി താൻ എപ്പോഴും പ്രാർഥിക്കാറുണ്ടെന്നും തന്‍റെ പ്രാർഥന ഈശ്വരനോടും പാർലമെന്റേറിയൻമാരോടുമാണെന്നു ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ മറുപടി നല്‍കി. ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളേയും സംരക്ഷിക്കേണ്ടതു സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്നും വേണ്ട സഹായങ്ങൾ ചെയ്യാൻ സർക്കാരിനു ബാധ്യതയുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രദര്‍ശനത്തിനു മുന്‍പ് അവര്‍ എളമക്കര ഭാസ്കരീയത്തില്‍ നടന്ന മാതൃശക്തി സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സ്ത്രീകള്‍ മുന്നോട്ടു വരണമെന്ന് അവര്‍ പറഞ്ഞു.

സാമൂഹിക പ്രശ്നങ്ങള്‍ പര്‍ഹാരിക്കാനും ഏതൊരു പ്രശ്നവും സഹിഷ്ണുതയോടെ കൈകാര്യം ചെയ്യുവാനും സ്ത്രീകള്‍ക്കു കഴിയും. സ്ത്രീകള്‍ പുരുഷന്മാരുടെ പിന്നിലല്ല എന്നും അവരോടൊപ്പം നിന്ന് മുന്നേറണം എന്നും അവര്‍ പറഞ്ഞു.

Trending News