Local Body Election 2020: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയ്ക്ക് മെച്ചപ്പെട്ട ഫലം നൽകിയതിൽ നന്ദി പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ (J P Nadda). സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴായിരത്തോളം വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും അതിൽ പകുതിയോളം ജയിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു എൻഡിഎ (NDA) എങ്കിലും രണ്ടായിരത്തോളം വാർഡുകളാണ് കിട്ടിയത്. എന്നാൽ ഇത് 2015 ലെ സ്ഥിതികളേക്കാൾ മെച്ചമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
തൃശൂരിൽ (Thrissur) മുഖ്യ പ്രതിപക്ഷമാകുമെന്ന അവകാശവാദവും തിരുവനന്തപുരത്ത് കാവിപ്പതാക പാറിക്കുമെന്ന വാദവുമൊന്നും നടത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. എന്നാൽ കണ്ണൂരടക്കം എല്ലാ കോർപ്പറേഷനുകളിലും സാന്നിധ്യം കാണിക്കാനായി. പക്ഷേ പലയിടത്തും സിറ്റിംഗ് സീറ്റുകൾ നിലനിർത്താനും കഴിഞ്ഞില്ല. ഇത് എൽഡിഎഫിന്റെയും (LDF) യുഡിഎഫിന്റെയും ഒത്തുകളിയാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. അതുകൊണ്ടാണ് തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് 10 സീറ്റുകളിൽ ഔതുങ്ങിയെന്നും പാർട്ടി കരുതുന്നത്.
എൻഡിഎയുടെ ആശ്വാസം എന്നുപറയുന്നത് പാലക്കാട് കൂടാതെ പന്തളം മുനിസിപ്പാലിറ്റി (Municipality) പിടിച്ചതാണ്. അതുപോലെ ഏതാനും മുനിസിപ്പാലിറ്റികളിൽ വലിയ ഒറ്റകക്ഷിയോ മുഖ്യ പ്രതിപക്ഷമോ ആകാൻ സാധിച്ചുവെന്നതാണ്.