Jayalalithaa: 'ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും ഇടപെട്ടിട്ടില്ല'; അന്വേഷണം നേരിടാൻ തയ്യാറാണെന്ന് ശശികല

Jayalalithaa death: ചികിത്സയുടെ കാര്യങ്ങളെല്ലാം മെഡിക്കൽ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്ന് ശശികല

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 09:31 AM IST
  • ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോര്‍ട്ടില്‍ പറയുന്നു
  • 2012 മുതൽ ജയലളിതയും ശശികലയും നല്ല ബന്ധത്തിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Jayalalithaa: 'ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും ഇടപെട്ടിട്ടില്ല'; അന്വേഷണം നേരിടാൻ തയ്യാറാണെന്ന് ശശികല

ചെന്നൈ: ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി അണ്ണാ ഡിഎംകെ മുൻ നേതാവ് വികെ ശശികല. അറുമുഖസാമി അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ശശികല പറഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും താൻ ഇടപെട്ടിട്ടില്ലെന്ന് ശശികല പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം നേരിടാൻ തയ്യാറാണ്. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് തടഞ്ഞിട്ടില്ല.  ചികിത്സയുടെ കാര്യങ്ങളെല്ലാം മെഡിക്കൽ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.

തമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ച അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടിൽ ശശികലയ്ക്കെതിരെ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്  ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മുതൽ ജയലളിതയും ശശികലയും നല്ല ബന്ധത്തിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്റ്റംബർ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ എല്ലാം  രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ നിര്‍ദ്ദേശിച്ച ചികിത്സ ലഭ്യമാക്കിയില്ല. ചികിത്സാ കാലയളവിനിടെ എയിംസിലെ മെഡിക്കൽ സംഘം അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: Jayalalithaa's death: ജയലളിതയുടെ മരണത്തിൽ ദുരൂഹത, വികെ ശശികല കുറ്റക്കാരിയെന്ന് അന്വേഷണ റിപ്പോർട്ട്

കൂടാതെ, ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വൈരുദ്ധ്യങ്ങൾ ഉണ്ട്. ജയലളിതയുടെ മരണ സമയം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. മരണം സംഭവിച്ച് ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളിൽ നിന്ന് വ്യക്തമാകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയലളിത 2015 ഡിസംബർ അഞ്ചിന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍, ഡിസംബർ നാലിന് ഉച്ചക്ക് ശേഷം മൂന്നിനും 3.30നും ഇടയിലാകാം മരണമെന്നാണ് തെളിവുകളേയും ദൃക്സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.

നാല് പ്രമുഖര്‍ക്കെതിരെ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്യുന്നു.  ശശികല, ഡോ.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി.വിജയ് ഭാസ്കർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കമ്മീഷൻ നിർദേശിക്കുന്നത്. കൂടാതെ, ജയലളിതയുടെ മരണസമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.രാമമോഹന റെഡ്ഡിക്കെതിരെയും റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.

608 പേജുള്ള  റിപ്പോര്‍ട്ടാണ്  ജസ്റ്റിസ് അറുമുഖ സ്വാമി നിയമസഭയില്‍ സമര്‍പ്പിച്ചത്. ജയലളിതയുടെ മരണത്തില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ആക്കം കൂട്ടുന്ന പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. 608 പേജുള്ള തമിഴിലും 500 പേജുകളുള്ള ഇംഗ്ലീഷിലുമുള്ള അന്തിമ റിപ്പോർട്ട് ആഗസ്റ്റ് ഇരുപത്തിയേഴിനാണ് കമ്മീഷൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് സമർപ്പിച്ചത്.  ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട് 159 സാക്ഷികൾ കമ്മീഷനുമുമ്പാകെ ഹാജരായി. മുൻ മുഖ്യമന്ത്രി പനീർശെൽവമടക്കം 154 സാക്ഷികളെ കമ്മീഷൻ വിസ്തരിച്ചു. 2017ൽ രൂപീകരിച്ച കമ്മീഷന്‍റെ കാലാവധി 14 തവണ നീട്ടി നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News