ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തിൽ കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണങ്ങളിൽ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും പരിക്കേറ്റു. ബഡ്ഗാമിലെ ഗോപാൽപോര ചദൂര പ്രദേശത്താണ് ഭീകരർ ഒരു ഗ്രനേഡ് ആക്രമണം നടത്തിയത്. കരൺ കുമാർ സിംഗ് എന്ന സിവിലിയന്‍ പരിക്കേറ്റു. അദ്ദേഹത്തെ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കരൺ കുമാർ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് വക്താവ് വ്യക്തമാക്കി.
ഭീകരർ കശ്മീരിലെ പോലീസ് കൺട്രോൾ റൂമിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണെന്നും പോലീസ് വക്താവ് ട്വീറ്റ് ചെയ്തു. സുരക്ഷാസേന അക്രമികളെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചു. കാശ്മീരിലെ പോലീസ് കൺട്രോൾ റൂമിന് നേരെയുണ്ടായ അതിക്രമം ഒരു ദിവസത്തിനിടെ കശ്മീരിൽ നടന്ന രണ്ടാമത്തെ ഗ്രനേഡ് ആക്രമണമാണ്.
കഴിഞ്ഞ ദിവസം, ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഖൈമോ മേഖലയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടത്തിയത്. പൂഞ്ച് സ്വദേശിയായ താഹിർ ഖാൻ എന്ന പോലീസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.“ഖൈമോ കുൽഗാമിൽ ഒരു ഗ്രനേഡ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ ഭീകരാക്രമണത്തിൽ താഹിർ ഖാൻ എന്ന പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചികിത്സയ്ക്കായി അദ്ദേഹത്തെ അനന്ത്നാഗിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചു." കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ശ്രീനഗറിൽ ഭീകരർ നടത്തിയ മറ്റൊരു ഗ്രനേഡ് ആക്രമണത്തിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. "അലി ജാൻ റോഡിൽ വച്ച് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു" ശ്രീനഗർ പോലീസ് ട്വീറ്റിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...