രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം തികയുകയാണ്. വിപുലമായ പരിപാടികളാണ് രാജ്യം മുഴുവൻ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരുക്കുന്നത്. ഭീകരാക്രമണ സാധ്യതകൾ കണക്കിലെടുത്ത് ഇതിന് മുന്നോടിയായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്റലിജൻസ് ബ്യൂറോ. ഡൽഹിയിലും നിരവധി നഗരങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീരിൽ ഐഎസുമായി ബന്ധമുള്ള പുതിയ ഭീകരസംഘടനയായ ലഷ്‌കർ-ഇ-ഖൽസ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് ദിവസങ്ങൾക്ക് ശേഷമാണ് ഐബി വീണ്ടും അലർട്ട് നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിൽ തീവ്രവാദികൾ ഐഇഡി ഉപയോഗിച്ചേക്കാമെന്നാണ് ആദ്യത്തെ മുന്നറിയിപ്പ്. പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പഞ്ചാബ് വഴി ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ഡ്രോണുകൾ കടത്തി വിടാനും സാധ്യതയുണ്ട്. അടുത്തിടെ പിടിയിലായ ഭീകരരെ ചോദ്യം ചെയ്തത് വഴിയാണ് ഇക്കാര്യം വ്യക്തമായത്. പഞ്ചാബിലൂടെ നിരവധി ഡ്രോണുകൾ ഇന്ത്യയിലേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്. ഡ്രോണുകളിലൂടെ AK-47, ഹാൻഡ് ഗ്രനേഡുകൾ, പിസ്റ്റളുകൾ തുടങ്ങി ധാരാളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും അയച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് 'ലോൺ വൂൾഫ്' ആക്രമണം നടന്നേക്കാനും സാധ്യതയുണ്ടെന്നും അത് ഒഴിവാക്കുന്നതിനായി പോലീസിനോട് തയാറായിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 'ലോൺ വൂൾഫ്' അറ്റാക്കിലൂടെ വലിയ വാഹനങ്ങൾ, മൂർച്ചയുള്ള ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് ഒരാൾക്ക് ആക്രമണം നടത്താൻ സാധിക്കും. ഇതുവഴി ഒട്ടനവധി ആളുകളെ കൊലപ്പെടുത്താൻ സാധിക്കും. പട്ടങ്ങളുടെ രൂപത്തിലുള്ള പറക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ചെങ്കോട്ടയെ ആക്രമിക്കാൻ ഭീകരർ ശ്രമിച്ചേക്കാം എന്ന മുന്നറിയിപ്പും ഇന്റലിജൻസ് ബ്യൂറോ നൽകുന്നുണ്ട്. അതിനാൽ ചെങ്കോട്ടയ്ക്ക് ഇത്തരം വസ്തുക്കൾ പറത്തുന്നത് പൂർണമായും നിരോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ നിർദേശം; വിവാദത്തിൽ ബിജെപി നേതാവ്
ബൈസാഖി ഉത്സവം നിരീക്ഷിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ഉത്സവ സാമഗ്രികൾ ഉപയോഗിച്ച് ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. സിഖ്‌സ് ഫോർ ജസ്റ്റിസ്, ജെയ്‌ഷ്-ഇ-മുഹമ്മദ്, ഐഎസ് ഖൊറാസാൻ മൊഡ്യൂൾ എന്നീ സംഘടനകൾ ആക്രമണം നടത്തിയേക്കും. ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ഐഎസ് പ്രത്യേകം രൂപീകരിച്ചതാണ് ലഷ്‌കർ ഇ ഖൽസയെന്ന് ഏജൻസികൾ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...