Gujarat School Syllabus: 6 മുതൽ 12 ം ക്ലാസ് വരെയുള്ള സിലബസിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുമെന്ന് ഗുജറാത്ത് സർക്കാർ

സ്കൂള്‍  പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം വരുത്തി ഗുജറാത്ത്‌ സര്‍ക്കാര്‍.

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 11:30 PM IST
  • 2022-23 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുമെന്ന് ഗുജറാത്ത് സർക്കാർ
Gujarat School Syllabus: 6 മുതൽ 12 ം ക്ലാസ് വരെയുള്ള സിലബസിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുമെന്ന് ഗുജറാത്ത്  സർക്കാർ

Gujarat School Syllabus: സ്കൂള്‍  പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം വരുത്തി ഗുജറാത്ത്‌ സര്‍ക്കാര്‍.

2022-23 അധ്യയനവര്‍ഷം മുതല്‍  സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുമെന്ന് ഗുജറാത്ത് സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചു.  6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സ്കൂൾ പാഠ്യപദ്ധതിയിലാണ്  ഭഗവദ്ഗീത ഉൾപ്പെടുത്തുക.

ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യങ്ങളും സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. 

കുട്ടികളുടെ താൽപ്പര്യത്തിനും ധാരണയ്ക്കും അനുസരിച്ച് ഭഗവദ്ഗീതയുടെ മൂല്യങ്ങളും തത്വങ്ങളും അവതരിപ്പിച്ചുകൊണ്ട്  6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള  ക്ലാസുകളിലെ പാഠ്യപദ്ധതിയിലാണ്  ആദ്യ ഘട്ടം ഉൾപ്പെടുത്തുക. വിദ്യാഭ്യാസ വകുപ്പിനുള്ള ബജറ്റ് വിഹിതം സംബന്ധിച്ച് നിയമസഭയില്‍ നടന്ന ചർച്ചയിലാണ് വിദ്യാഭ്യാസ മന്ത്രി ജിതു വഗാനി ഇക്കാര്യം അറിയിച്ചത്. 

കേന്ദ്രത്തിന്‍റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ  (എൻഇപി) മാതൃകയിൽ ഭഗവദ്ഗീതയിലെ ധാർമ്മിക മൂല്യങ്ങളും തത്വങ്ങളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടതായി മന്ത്രി പറഞ്ഞു. ആധുനികവും പുരാതനവുമായ സംസ്കാരം, പാരമ്പര്യങ്ങൾ, വിജ്ഞാന സമ്പ്രദായം എന്നിവയുടെ സംയോജനത്തിനായി NEP വാദിക്കുന്നു, അതുവഴി വിദ്യാർത്ഥികൾക്ക് ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരത്തെക്കുറിച്ച് അറിയാനും അതില്‍ അഭിമാനിക്കാനും സാധിക്കും, മന്ത്രി പറഞ്ഞു. 

ഈ പുരാതന ഹൈന്ദവ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന ധാർമ്മിക മൂല്യങ്ങളും തത്വങ്ങളും എല്ലാ മതങ്ങളിലും പെട്ട ആളുകളും അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ സ്‌കൂളുകളിൽ പ്രാർത്ഥന, ശ്ലോക പാരായണം, നാടകം, ക്വിസ്, പെയിന്റിംഗ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജിതു വഗാനി പറഞ്ഞു. പുസ്തകങ്ങൾ, ഓഡിയോ-വീഡിയോ തുടങ്ങിയ പഠനോപകരണങ്ങൾ സർക്കാർ സ്‌കൂളുകളിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News