Panaji: ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നീക്കവുമായി ശിവസേന. പനാജിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉത്പല്‍ പരീക്കറിന് വേണ്ടി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു....!
ഗോവയിലെ പനാജി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടുകയാണ്. ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ മകന്‍ ഉത്പല്‍ പരീക്കര്‍ ആണ്. അടുത്തിടെയാണ് ഉത്പല്‍ പരീക്കര്‍ BJP വിട്ടത്. പനാജി സീറ്റ് ലഭിക്കാത്തതിനാലാണ് അദ്ദേഹം പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. പരീക്കര്‍ കുടുബത്തിന്‍റെ പരമ്പരാഗത മണ്ഡലവും പിതാവ് മനോഹര്‍ പരീക്കര്‍ അഞ്ച് തവണ മത്സരിച്ചതുമായ പനാജി മണ്ഡലം തനിക്ക് വേണമെന്നായിരുന്നു ഉത്പലിന്‍റെ ആവശ്യം.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഉത്പല്‍ തന്‍റെ പിതാവിന്‍റെ മണ്ഡലമായ പനാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് നിഷേധിച്ച BJP പകരം മറ്റ് രണ്ട് മണ്ഡലങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, തന്‍റെ പിതാവിന്‍റെ മണ്ഡലം തന്നെ വേണമെന്ന തീരുമാനത്തില്‍ ഉറച്ച് ഉത്പല്‍ പാര്‍ട്ടി വിടുകയായിരുന്നു. പനാജി മണ്ഡലത്തില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്.
ഈയവസരത്തിലാണ് ശിവസേന ഉത്പല്‍ പരീക്കറിന് പിന്തുണ വാഗ്ദാനം ചെയ്യുന്നത്. പനാജിയില്‍ ഉത്പല്‍ പരീക്കറിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് ശിവസേന തങ്ങളുടെ പിന്തുണയറിയിക്കുന്നത്.
BJP വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച ഉത്പലിന് എല്ലാ വിധ പന്തുണയും ശിവസേന മുന്‍പേ തന്നെ വാഗ്ദാനം ചെയ്തിരുന്നു. ആ വാക്കാണ് ശിവസേന ഇപ്പോള്‍ പാലിച്ചിരിയ്ക്കുന്നത്.
പനാജിയില്‍ നിന്നും ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ശൈലേന്ദ്ര വെലിംഗ്കറിനെ പിന്‍വലിക്കുകയാണ്. ഇത് മാത്രമല്ല ശിവസേന പ്രവര്‍ത്തകര്‍ ഉത്പലിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും', ശിവസേന നേതാവ് സഞ്ജയ് റൗത് പറഞ്ഞു. പനാജിയില്‍ നടക്കുന്ന പോരാട്ടം വെറും തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, അത് ഗോവന്‍ രാഷ്ട്രീയത്തിന്‍റെ ശുദ്ധികലശത്തിനും കൂടിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉത്പലിനെ പിന്തുണയ്ക്കണം എന്നും സഞ്ജയ് റൗത് പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് നേതാവും മനോഹര്‍ പരീക്കറിന്‍റെ രാഷ്ട്രീയ എതിരാളിയുമായിരുന്ന അറ്റാന്‍സിയോ ‘ബാബുഷ്’ മോന്‍സറേട്ടിനെയാണ് ബി.ജെ.പി പനാജിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, 2019ല്‍ പാര്‍ട്ടിയിലെത്തിയ ഒരു നേതാവിന് വേണ്ടി പരീക്കറിന്‍റെ മകനെ തഴഞ്ഞതില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുകയാണ്.
കഴിഞ്ഞ 25 വര്‍ഷക്കാലം പനാജിയെ പ്രതിനിധീകരിച്ചിരുന്നത് മനോഹര്‍ പരീക്കറായിരുന്നു.
മൂന്ന് തവണ ഗോവയുടെ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ സമുന്നതനായ നേതാവുമായിരുന്ന പരീക്കര്‍ 2019ലാണ് മരണപ്പെടുന്നത്.
ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...