ഹൈദരാബാദ്: മൂഷീറാബാദില്‍ മൂന്ന് പട്ടിക്കുട്ടികളെ കെട്ടിയിട്ട് ജീവനോടെ കത്തിച്ച സംഭവത്തില്‍ എട്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം പ്രായപൂര്‍ത്തി ആകാത്തവരാണ്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
എട്ട് വിദ്യാര്‍ത്ഥികളും പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ സംഭവത്തില്‍ ഐപിസി 429 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ മാസം 16 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെറലായതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.
മൂന്ന് പട്ടിക്കുട്ടികളെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കെട്ടിവലിച്ചു കൊണ്ടുവന്ന് വിജനമായ ഒരു സ്ഥലത്തിട്ട് വിറകുകൊള്ളികള്‍ കൊണ്ടുമൂടി തീ കത്തിക്കുകയായിരുന്നു. ഇത് ഇവരില്‍ ഒരാള്‍ തന്നെയാണ് ക്യാമറയില്‍ ചിത്രീകരിച്ചത്. ഇയാള്‍ പട്ടികളെ കത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും വീഡിയോയിലുണ്ട്. മുഷീറാബാദിലെ ഒരു മത്സ്യക്കച്ചവടക്കാരനില്‍ നിന്നാണ് പൊലീസ് വീഡിയോ കണ്ടെടുത്തത്.കേസിൽ ജുവൈനൽ ജസ്റ്റിസാവും തുടർ നടപടികൾ സ്വീകരിക്കുക.
അടുത്തിടെ തമിഴ്നാട്ടില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരു നായയെ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞത് വന്‍ വിവാദമായിരുന്നു. ഈ സംഭവവും ക്യാമറയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അധികൃതര്‍ കൊളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.