D.K Shivakumar: കർണാടകയിൽ തിരഞ്ഞെടുപ്പ് ചൂട്; ജനങ്ങൾക്ക് മേൽ നോട്ട് മഴ പെയ്യിച്ച് ഡി.കെ ശിവകുമാർ, വീഡിയോ

 D.K Shivakumar Showers Currency Notes: കർണാടകയിലെ മാണ്ഡ്യയിൽ നടന്ന ഒരു റാലിക്കിടെയാണ് ജനങ്ങൾക്ക് മുകളിലേയ്ക്ക് ഡി.കെ ശിവകുമാർ 500 രൂപയുടെ നോട്ടുകൾ വിതറിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 10:11 AM IST
  • ബേവിനഹള്ളിക്ക് സമീപത്ത് വെച്ച് ബസിനു മുകളിൽ നിന്നുകൊണ്ടായിരുന്നു ശിവകുമാർ നോട്ടുകൾ താഴേയ്ക്ക് വിതറിയത്.
  • കോൺഗ്രസ് സംഘടിപ്പിച്ച പ്രജാധ്വനി യാത്രയിൽ പങ്കെടുക്കവെയായിരുന്നു ശിവകുമാറിൻ്റെ നോട്ട് വിതരണം.
  • കഴിഞ്ഞ ദിവസം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
D.K Shivakumar: കർണാടകയിൽ തിരഞ്ഞെടുപ്പ് ചൂട്; ജനങ്ങൾക്ക് മേൽ നോട്ട് മഴ പെയ്യിച്ച് ഡി.കെ ശിവകുമാർ, വീഡിയോ

ജനങ്ങൾക്ക് മേൽ നോട്ടുകൾ വർഷിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. മാണ്ഡ്യ ജില്ലയിൽ നടന്ന റാലിക്കിടെയാണ് ഡി.കെ ശിവകുമാർ ജനങ്ങൾക്ക് മുകളിലേയ്ക്ക് 500 രൂപയുടെ നോട്ടുകൾ വിതറിയത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഡി.കെ ശിവകുമാറിൻ്റെ പുതിയ നീക്കം. 

ശ്രീരംഗപട്ടണത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രജാധ്വനി യാത്രയിൽ പങ്കെടുക്കവെയായിരുന്നു ശിവകുമാറിൻ്റെ നോട്ട് വിതരണം. കഴിഞ്ഞ ദിവസം നടന്ന റാലിയിൽ നിന്നുള്ള വീഡിയോയിൽ ശിവകുമാർ ഒരു ബസിനു മുകളിൽ നിൽക്കുകയും ഘോഷയാത്രയുടെ ഭാഗമായി ബേവിനഹള്ളിക്ക് സമീപത്ത് വെച്ച് ആളുകൾക്ക് മുകളിലേയ്ക്ക് 500 രൂപയുടെ നോട്ടുകൾ എറിയുകയും ചെയ്യുന്നതായി കാണാം. 

ALSO READ: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധം; കോൺ​ഗ്രസിന്റെ രാജ്യവ്യാപക സമരം ഇന്ന് മുതൽ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ കർണാടകയിലെ ബിജെപി സർക്കാർ ഒഴിവാക്കിയ മുസ്ലീം സമുദായത്തിനുള്ള സംവരണം  പുനഃസ്ഥാപിക്കുമെന്ന് ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു. അടുത്ത 45 ദിവസത്തിന് ശേഷം കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബിജെപി സർക്കാർ നടപ്പിലാക്കിയ അടിസ്ഥാനരഹിതമായ സംവരണ നടപടികളെല്ലാം റദ്ദാക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. 

ബിജെപി നൽകിയ പുതിയ സംവരണ ക്വാട്ട വൊക്കലിഗാസ്, ലിംഗായത്ത് സമുദായങ്ങൾ നിരസിക്കുമെന്ന് ശിവകുമാർ പറഞ്ഞു. നമ്മുടെ രാജ്യം സംസ്കാരത്തിൽ വളരെ സമ്പന്നമാണ്. ബിജെപിയാകട്ടെ മുസ്ലീം സമുദായത്തിൻ്റെ 4 ശതമാനം സംവരണം വെട്ടിക്കുറച്ച് 2 ശതമാനം വീതം വൊക്കലിഗകൾക്കും ലിംഗായത്തുകൾക്കും വിതരണം ചെയ്തു. വൊക്കലിഗകളും വീരശൈവ ലിംഗായത്തുകളും ഈ വാഗ്ദാനം നിരസിക്കുകയാണെന്നും ബിജെപി സർക്കാരിന് കീഴിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സമ്പ്രദായം പരിഹാസ്യമാണെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.

 

വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കർണാടക സർക്കാർ മുസ്ലീം സമുദായത്തിൻ്റെ നാല് ശതമാനം ഒബിസി സംവരണം വെട്ടിക്കുറച്ചത്. അതേസമയം, കഴിഞ്ഞ ആഴ്ച കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. 124 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. സിദ്ധരാമയ്യ വരുണ മണ്ഡലത്തിലും ഡി.കെ ശിവകുമാർ കനകപുരയിലും മത്സരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News