ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ നൽകാൻ ഇടപെട്ടെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിൻറെ അറസ്റ്റ് ഉടനെന്ന് സൂചന. ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാകും അറസ്റ്റ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കാർത്തി ചിദംബരത്തിൻറെ മുൻകൂർ ജാമ്യം സിബിഐ കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
2011ൽ പിതാവ് പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിലാണ് കാർത്തി ചിദംബരത്തിൻറെ അറസ്റ്റ്. ഈ വിഷയവുമായി ബന്ധപ്പെട്ട അഴിമതിയിൽ കാർത്തി ചിദംബരത്തിനെതിരെ ഇഡി അടുത്തിടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കാർത്തി ചിദംബരത്തെ കൂടാതെ ഭാസ്‌കര രാമൻ, വികാസ് മഖാരിയ എന്നിവരുൾപ്പടെ മറ്റ് നാല് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
പഞ്ചാബിലെ മാനസയിലെ താപ വൈദ്യുതി നിലയത്തിൻറെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വിസ നൽകാനും നിലവിലുള്ളവർക്ക് വിസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു . എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കാർത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തിയത്. ഇതിനായി 50 ലക്ഷം രൂപ കാർത്തിക്ക് നൽകിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വിസയും ലഭിച്ചിരുന്നു.
അതേസമയം സിബിഐക്ക് എതിരെ കടുത്ത ആരോപണവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം രംഗത്തെത്തിയിരുന്നു. സിബിഐ നടത്തിയ റെയ്ഡിൽ പാർലമെന്‍റ് ഐടി സമിതിയുമായി ബന്ധപ്പെട്ട രേഖകൾ കൊണ്ടുപോയെന്നായിരുന്നു കാർത്തി ചിദംബരം ആരോപണം ഉന്നയിച്ചത്. വിഷയത്തിൽ അവകാശ ലംഘനത്തിന് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയെന്നും കാർത്തി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...