New Delhi: 2022 തുടക്കത്തില്‍ 5 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ആരോഗ്യ മന്ത്രാലയവും (Election commission and health ministry) തമ്മിലുള്ള നിര്‍ണ്ണായക യോഗം തിങ്കളാഴ്ച 11 മണിക്ക് ചേര്‍ന്നിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് മാറ്റി വച്ചേക്കാം, എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ഇന്ന് ചേര്‍ന്ന യോഗം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനോട് തീര്‍ത്തും വിയോജിപ്പാണ് പ്രകടിപ്പിച്ചത്.
ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക യോഗത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന തരത്തിലുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. മറിച്ച്, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി തൃപ്തികരമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
കൂടാതെ, ഈ സംസ്ഥാനങ്ങളിലെ കോവിഡ് / ഒമിക്രോണ്‍ വ്യാപനം, വാക്സിനേഷന്‍ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യ സെക്രട്ടറിയിൽ നിന്ന് ശേഖരിച്ചു. വിവരങ്ങള്‍ പരിശോധിച്ച കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസിന്‍റെ അവസ്ഥ തൃപ്തികരമാണെന്നും ഈ സംസ്ഥാനങ്ങളില്‍ 70% പേർക്കും കൊറോണയുടെ ആദ്യ ഡോസ് ലഭിച്ചതായും യോഗത്തിൽ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ 83% വും പഞ്ചാബിൽ 77%വും ആളുകൾക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് ലഭിച്ചു, ഗോവയിലും ഉത്തരാഖണ്ഡിലുമാണ് 100% പേരും കൊറോണയുടെ ആദ്യ ഡോസ് എടുത്തത്. അതേസമയം, മണിപ്പൂരിലെ 70 ശതമാനം ആളുകൾക്കും ആദ്യ ഡോസ് ലഭിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റാലികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് യോഗം അറിയിച്ചു.
ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തിരഞ്ഞെടുപ്പ് റാലികള്‍ സാധാരണമായതോടെ ആശങ്ക രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പൊതുയോഗങ്ങളിലും റാലികളിലും ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നതും കോവിഡ് പ്രതിരോധ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തിരഞ്ഞെടുപ്പ് കമ്മീഷൻ സന്ദർശിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ നിയമസഭകളുടെ കാലാവധി അടുത്ത വർഷം മാർച്ചിൽ അവസാനിക്കുമ്പോൾ ഉത്തർപ്രദേശിലെ നിയമസഭയുടെ കാലാവധി മേയിലാണ് അവസാനിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...