ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുനുള്ള ബ്രിക്സ് രാജ്യങ്ങളുടെ തീരുമാനം സ്വാഗതം ചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദത്തിനെതിരായ പരസ്പര സഹകരണം വിട്ടുവീഴ്ചയില്ലാതെ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ വിർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അജിത് ഡോവൽ.
ബ്രിക്സ് നേതൃതല യോഗത്തിന് മുന്നോടിയായി നടന്ന സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലായിരുന്നു അജിത് ഡോവൽ നിലപാട് വ്യക്തമാക്കിയത്.ആഗോള വിഷയങ്ങൾ പരിഹരിക്കാൻ ബ്രിക്സ് അംഗങ്ങൾ സഹകരണം ശക്തിപ്പെടുത്തണമെന്നും ഡോവൽ പറഞ്ഞു. മഹാമാരികൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും അജിത് ഡോവൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് എന്നിവരോടൊപ്പം ബ്രസീൽ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമാരും പങ്കെടുക്കുന്ന ബ്രിക്സ് വിർച്വൽ ഉച്ചകോടി ജൂൺ 23-24 തീയതികളിൽ നടക്കും. യോഗത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള നിലപാട് ബ്രിക്സ് പ്രഖ്യാപിക്കും. ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...