മംഗളൂരു: ഗോവയ്ക്ക് സമീപം കടലില്‍ തകര്‍ന്ന മത്സ്യബന്ധനബോട്ടിലെ (Fishing Boat) തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. 11 മത്സ്യതൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെഴ്സിഡെസെന്ന മത്സ്യബന്ധന ബോട്ടാണ് ഇന്നലെ ഉച്ചയോടെ കടലില്‍ തകര്‍ന്ന നിലയില്‍ കാണപ്പെട്ടത് (Boat Accident). ഗോവയില്‍ നിന്ന് 600 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ മറ്റ് ബോട്ടുകളിലെ മത്സ്യതൊഴിളാളികള് കണ്ടെത്തുകയായിരുന്നു.
തകര്‍ന്ന ബോട്ടിന്റെ ഉടമയടക്കം 11 പേരെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒന്‍പതാം തിയതിയാണ് മത്സ്യബന്ധനത്തിനായി കന്യാകുമാരിയില്‍ നിന്ന് മെഴ്സിഡസ് പുറപ്പെട്ടത്. മുംബൈയില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ (Coast Guard) തെരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ പത്ത് ബോട്ടുകളും തെരച്ചില്‍ നടത്തുന്നുണ്ട്. തീരത്ത് നിന്നും ആയിരം കിലോമീറ്റര്‍ അകലെയായതിനാൽ നേവിയുടെ സഹായവും തേടിയിട്ടുണ്ട്. മത്സ്യതൊഴിലാളികളെ (Fishermen) കണ്ടെത്താനുള്ള തെരച്ചില്‍ ഊര്ജിതമാക്കുന്നതിനോടൊപ്പം അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ആഴക്കടല്‍ മത്സ്യബന്ധന തൊഴിലാളി യൂണിയന് ആവശ്യപ്പെട്ടു.
ഗോവ തീരത്തുനിന്ന് 600 നോട്ടിക്കൽ മൈൽ അകലെ ഒമാന്‍ സമീപം അറബിക്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിയിലാണ് അപകടം. കപ്പലിടിച്ച് ബോട്ട് തകർന്നതായാണു സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കന്യാകുമാരിയിലെ ജോസഫ് ഫ്രാങ്ക്ലിന്റെ ഉടമസ്ഥതയിലുള്ള ഐഎൻഡി–ടിഎൻ–15–എംഎം–4775 നമ്പർ മെഴ്സിഡസ് എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. വള്ളവിളൈ സ്വദേശികളായ ജോസഫ് ഫ്രാങ്ക്ലിൻ(47), ഫ്രെഡി(42), യേശുദാസൻ(42), ജോൺ(20), സുരേഷ്(44), ജെബീഷ്(18), വിജീഷ്(20), ജനിസ്റ്റൺ(20), ജഗൻ(29), സ്റ്ററിക്, മെൽവിൻ(20) എന്നിവരാണു ബോട്ടിൽ ഉണ്ടായിരുന്നത്.
ഏപ്രിൽ ആറിനാണ് കന്യാകുമാരി തെങ്കപട്ടണ തുറമുഖത്തുനിന്ന് ബോട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇതിലുണ്ടായിരുന്നവർ അവസാനമായി തീരവുമായി ആശയ വിനിമയം നടത്തിയത്. ഇന്ത്യൻ തീരത്തുനിന്ന് പുറപ്പെട്ട രക്ഷാ കപ്പലുകൾ അപകടം നടന്നതായി കരുതുന്ന മേഖലയിലെത്താൻ നാല് ദിവസത്തോളമെടുക്കും. ഈ സാഹചര്യത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്ന് ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...