New Delhi: അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സൈബര്‍ തട്ടിപ്പില്‍ ഒരു വ്യക്തിക്ക് നഷ്ടമായത് 50 ലക്ഷം രൂപ..!! ഈ തട്ടിപ്പില്‍ തുടരെ തുടരെ മിസ് കോള്‍ ചെയ്യുകയിരുന്നു എന്നത് തട്ടിപ്പിന്‍റെ കൂടുതല്‍ നവീനമായ മാര്‍ഗ്ഗം തട്ടിപ്പുകാര്‍ കണ്ടെത്തി എന്നതിന്‍റെ സൂചനയാണ്.
OTP ചോദിക്കാതെ ഒരു ഡല്‍ഹി നിവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പുകാര്‍ 50 ലക്ഷം രൂപ അടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട് എങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ തട്ടിപ്പിന്‍റെ സൂത്രധാരന്മാർ ജാർഖണ്ഡിലെ ജംതാര മേഖലയിലായിരിക്കാം എന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്.
ഗോത്രവർഗ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സാമൂഹ്യ പരിഷ്ക്കര്‍ത്താവായ ഈശ്വർ ചന്ദ്ര വിദ്യാസാഗർ 18 വർഷം പ്രവർത്തിച്ച ജാർഖണ്ഡിലെ ഗോത്രവർഗ ജില്ലയായ ജംതാര, ഇന്ന് സൈബർ തട്ടിപ്പിന്‍റെ കുപ്രസിദ്ധ കേന്ദ്രമായി മാറിയിരിക്കുകയാണ്. അടുത്തിടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സൈബര്‍ തട്ടിപ്പിന്‍റെ കേന്ദ്രം ജാർഖണ്ഡിലെ ജംതാരയാണ് എന്നാണ് സൂചന.
മറ്റ് സൈബര്‍ തട്ടിപ്പില്‍ നിന്നും വ്യത്യസ്തമായി ഈ സംഭവത്തില്‍ തട്ടിപ്പുകാര്‍ വ്യക്തിയോട് OTP ചോദിയ്ക്കുകയോ സംസാരിയ്ക്കുകയോ ചെയ്തിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണിൽ പലതവണ മിസ്ഡ് കോൾ നൽകിയാണ് ഈ സംഘം 50 ലക്ഷം രൂപ തട്ടിയെടുത്തത്.
ഒരു സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ ഡയറക്ടർക്ക് രാത്രി 7 മുതൽ 8:44 വരെ മിസ്ഡ് കോളുകൾ ലഭിച്ചു.
ചില കോളുകളോട് അദ്ദേഹം പ്രതികരിച്ചു, മറ്റുള്ളവ അവഗണിച്ചു. അതിനിടെ, പണ കൈമാറ്റം സംബന്ധിച്ച നിരവധി സന്ദേശങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. 50 ലക്ഷം രൂപയുടെ RTGS transaction സംബന്ധിച്ച സന്ദേശങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.
സംഭവത്തില്‍ ‘SIM swap’ നടന്നിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടിപ്പുകാര്‍ RTGS ട്രാൻസ്ഫർ ആരംഭിക്കുകയും ഫോണിലൂടെ OTP പ്രവർത്തനക്ഷമമാക്കുകയും ചെയ്തിരിക്കാം എന്നാണ് പൊലീസ് പറയുന്നത്.
എന്താണ് സിം സ്വാപ്പ്/സിം ക്ലോണിംഗ്?
തട്ടിപ്പുകാർ അനധികൃതമായി ഉപഭോക്താവിന്‍റെ സിം കാർഡിന്‍റെ ആക്‌സസ് നേടുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കില്‍ സിം ക്ലോണിംഗ് എന്ന് പറയുന്നത്. ഇതിലൂടെ, തട്ടിപ്പുകാര്‍ ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിനായി ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് (ഇലക്‌ട്രോണിക്-സിം ഉൾപ്പെടെ) നേടിയേക്കാം. ഇത്തരം ഡ്യൂപ്ലിക്കേറ്റ് സിമ്മിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പുകാർ അനധികൃത ഇടപാടുകൾ നടത്തുന്നത്.
ഇതിനായി, തട്ടിപ്പുകാർ സാധാരണയായി ഒരു ടെലിഫോൺ / മൊബൈൽ നെറ്റ്‌വർക്ക് സ്റ്റാഫായി അഭിനയിച്ച് ഉപഭോക്താവിൽ നിന്ന് വ്യക്തിഗത തിരിച്ചറിയല്‍ വിശദാംശങ്ങൾ ശേഖരിക്കുകയാണ് ആദ്യം ചെയ്യുന്നത്. സിം കാർഡ് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യുകയോ അധിക ആനുകൂല്യങ്ങൾ നൽകുകയോ പോലുള്ള ഓഫറുകളുടെ പേരിൽ ഇവര്‍ ഉപഭോക്താവിന്‍റെ വിശദാംശങ്ങൾ കൈക്കലാക്കുന്നു.
സൈബര്‍ തട്ടിപ്പ്, എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിയ്ക്കാം?
നിങ്ങളുടെ സിം കാർഡുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ആരുമായും പങ്കിടരുത്.
നിങ്ങളുടെ ഫോണിലെ മൊബൈൽ നെറ്റ്‌വർക്ക് ആക്‌സസ് സംബന്ധിച്ച് തികഞ്ഞ ജാഗ്രത പാലിക്കുക.
ഒരു സാധാരണ അവസരത്തില്‍ നീണ്ട സമയത്തേക്ക് നിങ്ങളുടെ ഫോണിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലെങ്കിൽ, മൊബൈൽ ഓപ്പറേറ്ററെ ബന്ധപ്പെടുക, നിങ്ങളുടെ മൊബൈൽ നമ്പറിന് ഡ്യൂപ്ലിക്കേറ്റ് സിം നൽകിയിട്ടില്ലെന്ന് ഉറപ്പാക്കുക.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് ജംതാരയുമായുള്ള ബന്ധം പൊലീസ് തള്ളിക്കളയുന്നില്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതോടെ 2018-ൽ ജംതാരയിൽ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചു. അതിനുശേഷം 250-ലധികം സൈബർ കുറ്റവാളികൾ അറസ്റ്റിലായി എങ്കിലും ഇവിടെ തട്ടിപ്പ് അവസാനിച്ചിട്ടില്ല. അതായത് ഈ കുറ്റവാളികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇതേ കച്ചവടം തുടരുന്നതാണ് കാരണം.
കഴിഞ്ഞ ആറേഴു വർഷമായി സൈബർ കുറ്റവാളികളെ തേടിയും സൈബർ ക്രൈം കേസുകളുടെ അന്വേഷണത്തിനുമായി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള പോലീസ് സംഘം ജംതാരയിൽ എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...