നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലാ ആശുപത്രിയില്‍ കൃത്യമായ ചികിത്സകിട്ടാതെ കഴിഞ്ഞമാസം 55 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെന്റിലേറ്ററും ഇന്‍ക്യുബേറ്ററും ഓക്‌സിജന്‍ സിലിണ്ടറും ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായെന്നാണ് പ്രഥമിക നിഗമനം.
ആഗസ്റ്റ് മാസത്തിൽ 350 കുഞ്ഞുങ്ങളാണ് ചികിത്സ തേടി നാസിക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. അതിൽ 55 കുഞ്ഞുങ്ങൾ മരിച്ചത് മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകാത്തതിനാലാണെന്ന് ആശുപത്രി അധികൃതർ സമ്മതിക്കുന്നു.
വെന്റിലേറ്ററിന്റെ അഭാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോ. ജി.എം.ഹോലെ പറയുന്നു. 21 ബെഡുള്ള പുതിയ മാതൃശിശു വാർഡ് തുടങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കെട്ടിടം പണികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. കെട്ടിടത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തെ മരം മുറിക്കുന്നതിന് അനുമതി ലഭിക്കാത്തതാണ് കാലതാമസം സൃഷ്ടിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ 187 കുഞ്ഞുങ്ങൾ ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം നാസിക് ജില്ലാ ആശുപത്രിയില്‍ മരിച്ചതായാണ് റിപ്പോർട്ട്.
മസ്തിഷ്കജ്വരത്തിന് മതിയായ ചികിത്സ ലഭിക്കാതെ 1285 കുട്ടികൾ ഉത്തർപ്രദേശിലെ ഖോരഗ്പൂരിൽ മാത്രം മരിച്ചുവെന്ന വാർത്തകളുടെ നടുക്കം മാറുന്നതിന് മുൻപാണ് മഹാരാഷ്ട്രയിൽ നിന്ന് നവജാതശിശുക്കളുടെ മരണത്തെ കുറിച്ചുള്ള റിപ്പോർട്ട്.