ദന്തേവാഡ: തലയ്ക്ക് വിലയിട്ട നാല് മാവോയിസ്റ്റുകളുള്‍പ്പെടെ ഇരുപത്തിയെട്ടുപേര്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ കീഴടങ്ങി.
കട്ടെകല്യാണ്‍ പ്രദേശത്ത് പുതുതായി സ്ഥാപിച്ച ചിക്പാല്‍ പൊലീസ് ക്യാമ്പില്‍ മുതിര്‍ന്ന പൊലീസുകാരുടെ മുന്നിലാണ് ഇവര്‍ ആയുധംവെച്ച് കീഴടങ്ങിയത്.
കീഴടങ്ങിയവരില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കീഴടങ്ങിയവരില്‍പ്പെട്ട മംഗ്ലൂ മദ്കാമിയുടെയും ബമന്‍ കവാസിയുടേയും തലയ്ക്ക് രണ്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്.
മറ്റു രണ്ടുപേരുടേയും തലയ്ക്ക് ഓരോ ലക്ഷം രൂപവീതമാണ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്. അതില്‍ ഒരാള്‍ സ്ത്രീയാണ്.
മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള നിരാശയും, ജന്മനാട്ടില്‍ വികസനം കാണാനുള്ള ആഗ്രഹവും കൊണ്ടാണ് തങ്ങള്‍ കീഴടങ്ങിയതെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്.
കീഴടങ്ങിയ 28 പേര്‍ക്കും പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനമായി നല്‍കുമെന്നും കൂടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ സറണ്ടര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ പോളിസി പ്രകാരം കൂടുതല്‍ സഹായം നല്‍കുമെന്നും എസ്പി പറഞ്ഞു.