നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്രയേറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾ അതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്നത്തെ ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലുമൊക്കെ മാറ്റങ്ങൾ വന്നിരിക്കുന്നതിനാൽ വൃക്ക രോഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിലേ അറിയാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും രോഗം കലശലായി ഒടുവിൽ വൃക്കകൾക്ക് തകരാർ സംഭവിക്കുന്ന നിലയിലേക്ക് എത്തുന്നത്. ഇന്ന് ലോക വൃക്ക ദിനമാണ്. എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി (ISN), ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷൻസ് - വേൾഡ് കിഡ്‌നി അലയൻസ് (IFKF-WKA) എന്നിവയുടെ സംയുക്ത ശ്രമമാണിത്. 2006 മുതൽ എല്ലാ വർഷവും ഈ ദിനം ആചരിച്ചുവരുന്നു. വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യവുമായാണ് ഈ ദിനം ആചരിക്കുന്നത്.
ശരീരത്തിൽ നിന്ന് അധിക ദ്രാവകം, മാലിന്യങ്ങൾ, വിഷവസ്തുക്കൾ എന്നിവ നീക്കം ചെയ്യാൻ വൃക്കകൾ സഹായിക്കുന്നു. അനാരോഗ്യകരമായ വൃക്ക ശരീര കോശങ്ങൾ, കോശങ്ങൾ, ന്യൂറോണുകൾ തുടങ്ങിയവയുടെ തകരാറിലേക്ക് നയിച്ചേക്കാം. ഇത് കൂടുതൽ ഗുരുതരമായ ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വൃക്കകൾക്ക് എത്രത്തോളം ദോഷകരമാകുമെന്ന് നിങ്ങൾക്ക് അരിയുമോ?
"വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും" (Kidney Health For All) എന്നതാണ് ലോക വൃക്ക ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം.
Also Read: Protein Deficiency: ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ ഉണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങൾ ഇവയാണ്
2006 ആചരിച്ച് തുടങ്ങിയ ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം വൃക്ക സംബന്ധമായ രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിക്ക് വേണ്ടി മാറ്റങ്ങൾ വരുത്തുന്നതിന് പതിവായി സ്ക്രീനിംഗിനും പരിശോധനയ്ക്കും പോകാൻ ഈ ദിവസത്തിൽ ആളുകളെ ബോധവത്കരിക്കുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുമായി ക്രോണിക് കിഡ്നി ഡിസീസ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എടുത്തുകാണിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ക്രോണിക് കിഡ്നി ഡിസീസിന്റെ അപകടസാധ്യത കണ്ടെത്തുന്നതിലും കുറയ്ക്കുന്നതിലും മെഡിക്കൽ പ്രൊഫഷണലുകളുടെ നിർണായക പങ്ക് ഊന്നിപ്പറയുക എന്നതാണ് മറ്റൊരു ലക്ഷ്യം.
വൃക്ക രോഗം നിശബ്ദ കൊലയാളിയാണെന്ന് ഇന്നും ആളുകൾ തിരിച്ചറിയുന്നില്ല. കൃത്യമായ സമയത്ത് രോഗ നിർണയം സാധിച്ചില്ലെങ്കിലും അത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. ഏത് പ്രായത്തിലുള്ളവർക്കും വൃക്കരോഗം പിടിപ്പെടാം. ലോകത്ത് 850 ദശലക്ഷത്തിലധികം വൃക്ക രോഗികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രായപൂർത്തിയായവരുടെ കണക്ക് നോക്കിയാൽ 10ൽ ഒരാൾക്ക് വൃക്ക രോഗം ബാധിച്ചിട്ടുണ്ട്. 75 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ പകുതി പേർക്കും ചെറിയ തോതിലെങ്കിലും വൃക്കസ്തംഭനത്തിന്റ ലക്ഷണങ്ങൾ ഉണ്ടാകും.
മനുഷ്യ ശരീരത്തിന്റെ 0.5 ശതമാനം ഭാരം വരുന്ന അവയവമാണ് കിഡ്നി അല്ലെഹ്കിൽ വൃക്ക എന്ന് പറയുന്നത്. ശരീരത്തിന്റെ ആന്തരികമായ സന്തുലനത്തിൽ വൃക്കകളുടെ പങ്ക് വലുതാണ്. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിനും വൃക്കകൾ വലിയ പങ്കുണ്ട്.
മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് വൃക്കരോഗങ്ങളുടെ പ്രധാന ലക്ഷണം. മൂത്രത്തിന്‍റെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക എന്നിവയുണ്ടായാൽ ശ്രദ്ധിക്കണം. ക്ഷീണം ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടാൽ ചികിത്സ തേടുക. കൈകാലുകളിലും മുഖത്തുമൊക്കെ നീര് കണ്ടാൽ നിസാരമാക്കരുത്. വൃക്കരോഗമുണ്ടെങ്കിൽ ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകും. ഭക്ഷണത്തോട് താൽപര്യം കുറയുന്നതും ഇതിന്റെ ലക്ഷണമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...