നടുവേദന ഇപ്പൊ സർവസാധാരണമായ ഒരു പ്രശ്നമായി മാറി കഴിഞ്ഞു. ജോലിയുടെ ആവശ്യങ്ങൾക്കും മറ്റുമായി ദിവസവും മണിക്കൂറുകളോളം കംപ്യുട്ടറിന്റെയും ലാപ്പ്ടോപിന്റെയും മുന്നിൽ ചിലവഴിക്കേണ്ടി വരുന്നതാണ് ഇതിന് പ്രധാന കാരണം. നടുവേദനയ്ക്ക് കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അത് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവെച്ചേക്കും. അതേസമയം നടുവേദന ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
വ്യായാമം
ചെറിയ തോതിൽ വ്യായാമം ചെയ്യുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും. നടത്തം, യോഗ എന്നിവയാണ് ഏറ്റവും ഉത്തമം. വ്യായാമം ചെയ്യുന്നതോടെ പേശികൾക്ക് അയവ് വരികെയും, ശരീരം എൻഡോർഫിൻസ് ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് വേദന കുറയ്ക്കാൻ സഹായിക്കും. ദിനം പ്രതി വ്യായാമം ചെയ്യുന്നത് നടുവേദന ഉണ്ടാകുന്നത് പ്രതിരോധിക്കും. യോഗ ചെയ്യുന്നത് പേശികളെ റിലാക്‌സ് ചെയ്യാനും വേദന കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും.
ALSO READ: പുരുഷൻമാർക്കും ഉണ്ടോ പോസ്റ്റുപാർട്ടം ഡിപ്രഷൻ? എങ്ങനെ തിരിച്ചറിയാം പോസ്റ്റുപാർട്ടം ഡിപ്രഷൻ
ചൂട് പിടിക്കാം, ഐസും വെക്കാം
ചൂട് പിടിക്കുന്നതും ഐസ് വെക്കുന്നതും നടുവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരിക്ക് മൂലമോ, പേശികൾക്ക് ആയാസമുണ്ടായത് മൂലമോ ഉണ്ടാകുന്ന നടുവേദനയാണെങ്കിൽ ഐസ് വെക്കുന്നതാണ് ഉത്തമമായ മാർഗം. ഒരു തുണിയിൽ ഐസ് വെച്ച് വേദനയുള്ള സ്ഥലത്ത് വെച്ചാൽ മതിയാകും. എന്നാൽ 20 മിനിറ്റിൽ കൂടുതൽ ഐസ് ശരീരത്തിൽ വെക്കാതിരിക്കാനും ശ്രദ്ധിക്കണം. പേശികളുടെ വേദനയാണെങ്കിൽ ചൂട് പിടിക്കുന്നതാണ് നല്ലത്. എന്നാൽ അമിതമായ ചൂടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കണം.
ചെരുപ്പ് മാറ്റാം
നിങ്ങളുടെ കാലിന് യോജിക്കാത്ത, ശരിയായ പിന്തുണ നൽകാത്ത തരം ചെരുപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അത് നടുവേദനയ്ക്ക് കാരണമാകും. അത്പോലെ ഹൈഹീൽ ചെരുപ്പുകൾ ഉപയോഗിക്കുന്നതും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാൽ തന്നെ നിങ്ങളുടെ ചെരുപ്പ് മാറ്റുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും.
ഉറക്കം
നമ്മുടെ നടുവേദയ്ക്ക് സ്‌ട്രെസും കാരണമാകാറുണ്ട്. ഉറക്കം നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുകയും ചെയ്യും ഇത് നടു വേദന കുറയ്ക്കാൻ സഹായിക്കും. അത്പോലെ തന്നെ ഉറക്കക്കുറവും നടുവേദന കൂടാൻ കാരണമാകുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നടുവേദന ഉണ്ടാകാത്ത തരത്തിലുള്ള മെത്ത, തലയണ എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചരിഞ്ഞ് കിടക്കുമ്പോൾ കാലുകൾക്കിടയിൽ തലയണ വെക്കുന്നതും നടുവേദന കുറയ്ക്കാൻ സഹായിക്കും.
ജോലിക്കിടയിലെ ഇടവേളകൾ
നമ്മൾ ജോലിക്കിടയിൽ നടക്കണമെന്നും ഊർജ്വസ്വലരായി ഇരിക്കണമെന്ന് കരുതിയാലും ജോലിയിൽ വ്യാപൃതരാകുമ്പോൾ മിക്കപ്പോഴും സാധിക്കാറില്ല. അതിനായി അലാറം വെച്ചതിന് ശേഷം നിശ്ചിതമായ ഇടവേളകളിൽ നടക്കാനും മറ്റെന്തെങ്കിലും വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. ഇത് നടുവേദന കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...