Oral Cancer: പുകവലിയും മദ്യപാനവും ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ? വായിലെ അർബുദത്തെക്കുറിച്ച് അറിയാം

Oral Cancer: ഓറൽ കാൻസർ ഉള്ള ഒരാൾക്ക് വേദനാജനകമായ ഓറൽ അൾസ‍ർ, വായിലോ കഴുത്തിലോ മുഴകൾ, അയഞ്ഞ പല്ലുകൾ അല്ലെങ്കിൽ സോക്കറ്റുകൾ, ചുണ്ടിലോ നാവിലോ പലപ്പോഴും മരവിപ്പ് അനുഭവപ്പെടുക, പുറംതൊലിയിലെ വെള്ളയോ ചുവപ്പോ നിറത്തിലുള്ള പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 01:10 PM IST
  • ഓറൽ കാൻസർ ചെറുപ്പക്കാരിലും പ്രായമായവരിലും കാണപ്പെടുന്നു
  • പുകവലി, മദ്യപാനം, പുകയിലയുടെ അമിതമായ ഉപയോഗം, ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) അണുബാധ എന്നിവയാണ് വായിലെ അർബുദത്തിന്റെ പ്രധാന കാരണങ്ങൾ
Oral Cancer: പുകവലിയും മദ്യപാനവും ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ? വായിലെ അർബുദത്തെക്കുറിച്ച് അറിയാം

ഓറൽ കാൻസർ: ധാരാളം ആളുകൾ ഓറൽ കാൻസർ കൊണ്ട് ബുദ്ധിമുട്ടുന്നു. ഇതിന് ഉയർന്ന മരണനിരക്കും ഉണ്ട്. വായയുടെ ഏത് ഭാഗത്തും ഓറൽ കാൻസർ വരാൻ സാധ്യതയുണ്ട്. ഇത് ഒരാളുടെ ചുണ്ടുകൾ, മോണകൾ, നാവ്, വായയുടെ മേൽഭാ​ഗം, വായയുടെ താഴെ ഭാ​ഗം (അതായത് വ്യക്തിയുടെ നാവിനടിയിൽ) എന്നിവിടങ്ങളിലെല്ലാം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. കഴുത്തിലും വായിലുമുള്ള കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ഓറൽ കാൻസർ. ഇത് ചെറുപ്പക്കാരിലും പ്രായമായവരിലും കാണപ്പെടുന്നു. പുകവലി, മദ്യപാനം, പുകയിലയുടെ അമിതമായ ഉപയോഗം, ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) അണുബാധ എന്നിവയാണ് വായിലെ അർബുദത്തിന്റെ പ്രധാന കാരണങ്ങൾ. പ്രത്യക്ഷത്തിൽ വലിയ രോ​ഗലക്ഷണങ്ങൾ കാണിക്കാതെയും ഓറൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വോക്ക്ഹാർഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഓങ്കോസർജൻ ഡോ. തിരത്രം കൗശിക് ഓറൽ കാൻസറിന്റെ ലക്ഷണങ്ങൾ, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് വിശദമാക്കുന്നു.

ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ: ഓറൽ കാൻസർ ഉള്ള ഒരാൾക്ക് വേദനാജനകമായ ഓറൽ അൾസ‍ർ, വായിലോ കഴുത്തിലോ മുഴകൾ, അയഞ്ഞ പല്ലുകൾ അല്ലെങ്കിൽ സോക്കറ്റുകൾ, ചുണ്ടിലോ നാവിലോ പലപ്പോഴും മരവിപ്പ് അനുഭവപ്പെടുക, പുറംതൊലിയിലെ വെള്ളയോ ചുവപ്പോ നിറത്തിലുള്ള പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. വായ അല്ലെങ്കിൽ നാവ് കുഴയുക, അവ്യക്തമായ സംസാരം, പരുക്കൻ ശബ്ദം, കവിളുകളിൽ തടിപ്പ്, രുചിയിലോ നാവിന്റെ സംവേദനത്തിലോ മാറ്റം, ചവയ്ക്കാനോ വിഴുങ്ങാനോ ഉള്ള കഴിവില്ലായ്മ, മുഖത്തെ മരവിപ്പ്, പല്ലുകൾ ഇളകുന്നതായി തോന്നുക, വായിൽ രക്തസ്രാവം, അകാരണമായി ശരീരഭാരം കുറയുക എന്നിവയെല്ലാം ഓറൽ കാൻസറിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ സമയോചിതമായി ഇടപെടൽ തേടുക. ചികിത്സ വൈകുന്നത് രോഗം വഷളാക്കും. അതിനാൽ, നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കുക. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടി പരിശോധനകൾ നടത്തുക. ചികിത്സ വൈകാതിരിക്കാൻ ലക്ഷണങ്ങളെ അവ​ഗണിക്കാതിരിക്കുക.

ALSO READ: Psoriasis: ചർമ്മത്തെ ബാധിക്കുന്ന സങ്കീർണമായ അസുഖം; സോറിയാസിസിന്റെ ലക്ഷണങ്ങളും രോ​ഗനിർണയവും ചികിത്സാ രീതിയും അറിയാം

ഓറൽ ക്യാൻസർ ചികിത്സയും പ്രതിരോധവും: ഓറൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയാൽ കാൻസറിന്റെ സ്ഥാനവും ഘട്ടവും അടിസ്ഥാനമാക്കി ഡോക്ടർ ചികിത്സാ രീതി തീരുമാനിക്കും. റേഡിയേഷൻ തെറാപ്പി, അല്ലെങ്കിൽ കീമോതെറാപ്പി എന്നിവയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയരാകാൻ നിർദേശം നൽകും. അതിനാൽ, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പരിശോധിച്ചതിന് ശേഷം നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ രീതി ഡോക്ടർ തീരുമാനിക്കും. നിങ്ങൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും സ്വയം ചികിത്സ ഒഴിവാക്കുകയും വേണം. വായിലെ അർബുദം തടയുന്നതിന് മദ്യം, പുകയിലയുടെ ഉപയോ​ഗം, പുകവലി എന്നിവ ഉപേക്ഷിക്കുക. 70-80 ശതമാനം ഓറല്‍ കാന്‍സറുകളും പുകവലിയും പുകയിലയുടെ ഉപയോ​ഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പ്രായവും വായിലെ അർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ ഓറൽ കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരിലാണ് ഓറൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓറൽ കാൻസർ ബാധിച്ച മൂന്നിൽ രണ്ട് പേരും പുരുഷന്മാരാണ്. ഓറൽ കാൻസ‍ർ വന്ന കുടുംബ ചരിത്രം ഉള്ളവർക്കും ഒരിക്കൽ ഓറൽ കാൻസർ ബാധിച്ചവർക്കും രോ​ഗ സാധ്യത കൂടുതലാണ്. വായിലെ അർബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ശുചിത്വം പാലിക്കാൻ ശ്രമിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, ദിവസവും വ്യായാമം ചെയ്യുക, പതിവായി ദന്ത പരിശോധനകൾ നടത്തുക എന്നിവയാണ് പ്രതിരോധ മാർ​ഗങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News