ആശങ്ക വർദ്ധിപ്പിച്ച് കുട്ടികളിൽ നിഗൂഢമായ കരൾ രോഗം, ബാധിക്കുന്നത് 1 മുതൽ 6 വയസ്സുവരെയുള്ളവരെ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

 1 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളെയാണ് പ്രധാനമായും  രോഗം ബാധിക്കുന്നത് എന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 09:40 PM IST
  • കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരൾ രോഗമാണ് ഇപ്പോൾ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്
  • യുഎസിലും യൂറോപ്പിലും ആശങ്ക വർദ്ധിപ്പിക്കുകയാണ് ഈ അപൂർവ്വ രോഗം
  • യുകെയിൽ ഇതിനോടകം 74ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു
ആശങ്ക വർദ്ധിപ്പിച്ച് കുട്ടികളിൽ നിഗൂഢമായ കരൾ രോഗം, ബാധിക്കുന്നത് 1 മുതൽ 6 വയസ്സുവരെയുള്ളവരെ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ലോകത്തെ ആകമാനം വിറപ്പിച്ച കോവിഡ് മഹാമാരി ഇനിയും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിട്ടില്ല. അതുകൊണ്ടു തന്നെ പുതുതായി കണ്ടെത്തുന്ന അപൂർവ്വ രോഗങ്ങളെ ഒരല്പം ഭീതിയോടെയാണ് നാം കാണുന്നതും. ഇപ്പോഴിതാ അത്തരത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.  കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരൾ രോഗമാണ് ഇപ്പോൾ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.  യുഎസിലും യൂറോപ്പിലും ആശങ്ക വർദ്ധിപ്പിക്കുകയാണ് ഈ അപൂർവ്വ രോഗം. യുകെയിൽ ഇതിനോടകം  74ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. സമാനമായ  ഒൻപത് കേസുകളാണ് യുഎസ്സിൽ  റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമായും 1 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളെയാണ് പ്രധാനമായും  രോഗം ബാധിക്കുന്നത് എന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. രോ​ഗം ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഏഴ് പേരുടെ നില ​ഗുരുതരമായിരുന്നെന്നും ഇവരിൽ കരൾ മാറ്റിവയ്ക്കേണ്ട സ്ഥിതി വരെയുണ്ടായെന്നുമാണ് വിവരം. 

രോ​ഗത്തെ സംബന്ധിച്ച വിവരങ്ങൾ  ഈ മാസം ആദ്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. യുകെയ്ക്കും യുഎസിനും പുറമെ സ്പെയിനും അയർലൻഡും സമാനമായ ഏതാനും കേസുകളെ കുറിച്ച് അന്വേഷിക്കുന്നുണ്ടന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരു മാസമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും രോ​ഗം ബാധിച്ചവരെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ സമാനമായ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഡബ്ലൂഎച്ച്ഒ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

യൂറോപ്യൻ കുട്ടികളിൽ പലരിലും അഡിനോവൈറസ് പോസിറ്റീവ് ആണെന്നും ചിലർക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ കരൾ വീക്കം പോലുള്ള പൊതുവായ കരൾ രോഗങ്ങളാണ് ഈ അപൂർവ്വ രോഗത്തിന്‍റെയും  ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവയും ഇത്തരക്കാരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം രോ​​ഗങ്ങൾക്ക് സാധാരണ കാരണമാകാറുള്ള ഹെപ്പറ്റൈറ്റിസ് ടൈപ്പ് എ, ബി, സി, ഇ വൈറസുകൾ ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിട്ടില്ല എന്നതാണ് രോഗത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. 

രോഗബാധിരായ കുട്ടികള്‍ക്ക് രാജ്യാന്തര യാത്ര പശ്ചാത്തലമുള്ളതായും റിപ്പോർട്ടുകളില്ല.  എന്നാല്‍ അടുത്ത കാലത്തായി അഡെനോവൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.പനി, തൊണ്ട വേദന, പിങ്ക് കണ്ണുകള്‍ എന്നിവയെല്ലാമായി ബന്ധമുള്ള ഡസന്‍ കണക്കിന് അഡെനോവൈറസുകളെ കുറിച്ച് റിപ്പോർട്ടുകളുണ്ട്. ഇവയില്‍ ചിലതിന് വയറിലും കുടലിലും അണുബാധ, നീര്‍ക്കെട്ട് അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കുറഞ്ഞ പ്രതിരോധ ശേഷിയുള്ള കുട്ടികളില്‍ ഇതിന് മുന്‍പ് അഡെനോവൈറസ് ഹെപറ്റൈറ്റിസിന് കാരണമായിട്ടുണ്ട്.  എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ലാബ് പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News