തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 പദ്ധതിയുമായി ആരോഗ്യവകുപ്പ്. മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകാനും കോവിഡ് മൂലം മറ്റ് പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ ഉണ്ടായ കുറവ് നികത്താനുമാണ് മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പാക്കുന്നത്.
ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കും. കുട്ടികളും ഗർഭിണികളും പൂർണമായി വാക്സിൻ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി എല്ലാവരുടേയും പിന്തുണയും ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശിൽപശാല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നത്. ഒന്നാം ഘട്ടം ഓഗസ്റ്റ് ഏഴ് മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മുന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയുമാണ് നടത്തുന്നത്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് വാക്സിൻ നൽകുക. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് വാക്സിൻ നൽകുക.
കേരളത്തിലെ എല്ലാ ജില്ലകളിലും മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പ്രത്യേകം ഊന്നൽ നൽകും. പ്രായാനുസൃതമായ ഡോസുകൾ എടുക്കാൻ വിട്ടുപോയ 0-23 മാസം പ്രായമുളള കുട്ടികളെയും എം.ആർ 1, എം.ആർ.2, ഡി.പി.റ്റി ബൂസ്റ്റർ, ഒപിവി ബൂസ്റ്റർ ഡോസുകൾ എന്നിവ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം എടുക്കാൻ വിട്ടുപോയ രണ്ട് മുതൽ അഞ്ച് വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും, പൂർണമായോ ഭാഗികമായോ വാക്സിൻ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം എടുക്കാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിൻ നൽകുന്നത്.
സംസ്ഥാനത്ത് 18,744 ഗർഭിണികളെയും രണ്ട് വയസ് വരെയുളള 61,752 കുട്ടികളെയും രണ്ട് മുതൽ അഞ്ച് വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികൾ) വാക്സിൻ നൽകാനായി കണ്ടെത്തിയിട്ടുളളത്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷൻ നൽകും. കൂടാതെ എത്തിപ്പെടാൻ ബുദ്ധിമുട്ടുളള സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സഹായത്തോടെ വാക്സിനേഷൻ നൽകുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 10,086 സെഷനുകൾ പ്ലാൻ ചെയ്തതിൽ 289 എണ്ണം മൊബൈൽ സെഷനുകളാണ്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്. എൻമാരാണ് വാക്സിൻ നൽകുന്നത്. മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് തിരുവന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...