Anil K Antony in BJP: ആളെക്കൂട്ടുന്നവരെ കൂടെക്കൂട്ടാന്‍ കഴിയാത്ത ബിജെപി; ഒരു വാര്‍ത്തക്കപ്പുറം സ്വാധീനം സൃഷ്ടിച്ച എത്രപേരുണ്ട്?

Anil K Antony in BJP: സുരേഷ് ഗോപിയും ഇ ശ്രീധരനും അല്ലാതെ, ഇറക്കുമതി നേതാക്കളിൽ ആർക്കും തിരഞ്ഞെടുപ്പുകളിൽ ഒരു ഓളവും സൃഷ്ടിക്കാൻ ആയിട്ടില്ല.

Written by - Binu Phalgunan A | Last Updated : Apr 6, 2023, 05:42 PM IST
  • പലമേഖലകളിൽ നിന്നുള്ള പ്രമുഖരെ പാർട്ടിയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയിട്ടുള്ളത്
  • കേരളത്തിൽ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്താൻ ഈ നീക്കങ്ങൾ സഹായിച്ചിട്ടില്ല
  • മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്
Anil K Antony in BJP: ആളെക്കൂട്ടുന്നവരെ കൂടെക്കൂട്ടാന്‍ കഴിയാത്ത ബിജെപി; ഒരു വാര്‍ത്തക്കപ്പുറം സ്വാധീനം സൃഷ്ടിച്ച എത്രപേരുണ്ട്?

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും പാര്‍ട്ടി അധ്യക്ഷനേയും ഒക്കെ നിന്ന നില്‍പില്‍ എതിര്‍പാര്‍ട്ടിയില്‍ നിന്ന് തങ്ങളുടെ പാളയത്തിലേക്കെത്തിച്ച കഥകള്‍ ഏറെ പറയാനുണ്ട് കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക്. പല സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചെടുത്തത് പോലും ഇത്തരം തന്ത്രങ്ങളിലൂടെയാണ്. എന്നാല്‍, കാലമിത്രയായിട്ടും കേരളത്തില്‍ മാത്രം അത്തരം ഞെട്ടിപ്പിക്കുന്ന നീക്കങ്ങള്‍ ഒന്നും നടത്താന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. ഒരുപക്ഷേ, കേരളത്തില്‍ ഇപ്പോഴും ഒരു നിര്‍ണായക ശക്തിയാകാന്‍ ബിജെപിയ്ക്കാന്‍ കഴിയാതെ പോകുന്നതും ഇതുകൊണ്ടൊക്കെ തന്നെ ആകാം..

ഏറ്റവും ഒടുവില്‍ അനില്‍ കെ ആന്റണിയെ ആണ് ബിജെപി തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയും എഐസിസി പ്രവര്‍ത്തകസമിതി അംഗവും ഒക്കെ ആയ എകെ ആന്റണിയുടെ മകന്‍ എന്നതിനപ്പുറത്തേക്ക് അനില്‍ കെ ആന്റണിയുടെ പ്രാധാന്യം എന്തെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം. എകെ ആന്റണിയുടെ മകന്‍ എന്ന നിലയില്‍ മാത്രം കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസിയുടെ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററും ആയ ആളാണ് അനില്‍ കെ ആന്റണി.

ചുരുക്കിപ്പറഞ്ഞാല്‍, അനില്‍ ആന്റണി ബിജെപിയില്‍ ചേരുമ്പോള്‍ അദ്ദേഹത്തോടൊപ്പം ചേരാന്‍ ഒരാള്‍ പോലും ഉണ്ടാകില്ല. അങ്ങനെ ഒരാളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നിട്ട് ബിജെപിയ്ക്ക് എന്ത് കാര്യം എന്നതും ചോദ്യമാണ്. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള, കോണ്‍ഗ്രസിന്റെ ഏറ്റവും സമുന്നതനായ നേതാവിന്റെ മകന്‍ പോലും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ഒരു അവകാശവാദം ഉന്നയിക്കാമെന്നതിന് അപ്പുറത്തേക്ക് രാഷ്ട്രീയമായി കേരളത്തില്‍ ബിജെപിയ്ക്ക് ഒരു ഗുണവും ഇത് ചെയ്യാനിടയില്ല. 

Read Also: കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ല, മോദിയുടെ കൂടെ പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് തോന്നി: അനിൽ ആൻറണി

കേരളത്തില്‍ ബിജെപി ലക്ഷ്യംവച്ച ഭൂരിപക്ഷം പേരുടേയും കാര്യം ഇങ്ങനെ തന്നെ ആയിരുന്നു എന്നോര്‍ക്കണം. രാഷ്ട്രീയക്കാരെ മാത്രം ലക്ഷ്യം വച്ചായിരുന്നില്ല ബിജെപിയുടെ നീക്കം. പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സിനിമാതാരങ്ങള്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടു. ഇതുവഴി പൊതുസമൂഹത്തില്‍ പുതിയൊരു പ്രതിച്ഛായ സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു അവര്‍. എന്നാല്‍ ഇക്കാലമത്രയും വിജയിച്ച ചരിത്രങ്ങള്‍ ഒന്നും മുന്നോട്ടുവയ്ക്കാന്‍ ഇല്ലതാനും. ആ കൂട്ടത്തിലേക്ക് ഇപ്പോള്‍ അനില്‍ ആന്റണിയും എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനും ഇടത് എംഎല്‍എയും ആയിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തെ കൂടെ നിര്‍ത്തി കേന്ദ്ര മന്ത്രിസ്ഥാനം നല്‍കി ആയിരുന്നു ബിജെപിയുടെ ആദ്യത്തെ നീക്കം. അതിന് ശേഷം കണ്ണന്താനം എവിടെ പോയി എന്ന ചോദ്യത്തിന് ബിജെപിക്കാര്‍ക്ക് പോലും ഇപ്പോള്‍ കൃത്യമായ ഉത്തരമില്ല. പോലീസ് ഉദ്യോഗസ്ഥരായിരുന്ന ടിപി സെന്‍കുമാറും ജേക്കബ് തോമസും ബിജെപിയില്‍ ചേര്‍ന്നത് അക്കാലത്ത് വലിയ വാര്‍ത്തകളും ആഘോഷങ്ങളും ആയിരുന്നു. മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരനെ ബിജെപിയിലേക്ക് കൊണ്ടുവന്നതും ഏറെ ആഘോഷിക്കപ്പെട്ടു. കായിക താരമായ ശ്രീശാന്തിന്റെ വരവും ഇതുപോലെ തന്നെ ആയിരുന്നു. സിനിമ താരങ്ങളായ സുരേഷ് ഗോപിയുടേയും കൃഷ്ണകുമാറിന്റേയും വരവും ഇത്തരത്തില്‍ തന്നെ. സിപിഎമ്മിന്റെ മുന്‍ എംപിയും കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എയും ആയിരുന്ന എപി അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്നതായിരിക്കും ഒരുപക്ഷേ കേരളത്തിലെ ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം. പക്ഷേ, അബ്ദുള്ളക്കുട്ടി വന്നതുകൊണ്ട് എന്തെങ്കിലും നേട്ടം പാര്‍ട്ടിയ്ക്കുണ്ടായോ എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ല. കോണ്‍ഗ്രസ് നേതാവും മുന്‍ വൈസ് ചാന്‍സലറും ആയ കെഎസ് രാധാകൃഷ്ണന്റെ കാര്യവും ഇങ്ങനെ തന്നെ.

തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇവരില്‍ രണ്ടുപേര്‍ക്ക് കഴിഞ്ഞു എന്നത് തള്ളിക്കളയാന്‍ ആവില്ല. സുരേഷ് ഗോപിയും ഇ ശ്രീധരനും ആണ് ആ രണ്ടുപേര്‍. സുരേഷ് ഗോപി ഇപ്പോള്‍ കീഴ് വഴക്കങ്ങള്‍ എല്ലാം മറികടന്ന് ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ എത്തി നില്‍ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് മത്സരിക്കാന്‍ ആകുമോ എന്നത് ചോദ്യമാണ്. അനില്‍ കെ ആന്റണിയെ മത്സര രംഗത്തിറക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ ബിജെപിയ്ക്കും ഉണ്ടാകാനിടയില്ല.

കേരളത്തിലെ ഒരു തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉടനടി ബിജെപിയില്‍ ചേരും എന്നൊരു പ്രചാരണം കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്. അങ്ങനെ ഒരു നേതാവിനെ കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് കിട്ടുമോ എന്നത് മാത്രമേ ഇനി അറിയാനുള്ളു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News