പരീക്ഷകളില്ലാ; നാല് മണിക്കൂർ മാത്രം പഠനം; ഫീനിഷ് മോഡൽ വിദ്യാഭ്യാസം കേരളത്തിൽ സാധ്യമാകുമോ?

Finnish Education System : ഒൻപത് വർഷം വരെ മാത്രമാണ് നിർബന്ധിത വിദ്യാഭ്യാസം. ഏഴ് മുതൽ 16 വയസ് വരെ. അതിന് ശേഷം ഒരു കുട്ടിക്ക് അവരുടെ ഇഷ്ടങ്ങളും താൽപര്യവും നോക്കി തുടർവിദ്യാഭ്യാസം സ്വയം ചെയ്യാം.

Written by - ആതിര ഇന്ദിര സുധാകരൻ | Edited by - Jenish Thomas | Last Updated : Sep 14, 2022, 04:41 PM IST
  • പരീക്ഷകളില്ലാത്ത പഠനം;
  • നിർബന്ധിത വിദ്യാഭ്യാസം 16 വയസ് വരെ മാത്രം
  • ദിവസം നാല് മണിക്കൂർ മാത്രം പഠനം; ഒരു കുട്ടിക്ക് ആറ് വർഷവും ഒരേ അധ്യാപകർ
  • ഫിൻലൻഡ് മോഡൽ ഓഫ് എഡ്യുക്കേഷൻ സാധ്യമോ നമ്മുടെ നാട്ടിൽ
പരീക്ഷകളില്ലാ; നാല് മണിക്കൂർ മാത്രം പഠനം; ഫീനിഷ് മോഡൽ വിദ്യാഭ്യാസം കേരളത്തിൽ സാധ്യമാകുമോ?

കാലത്തെഴുന്നേറ്റ് ഉറക്കച്ചടവ് പോലും മാറാതെ കുളിച്ച് സ്കൂളിലേക്കോടും... ബെല്ലടിച്ച ഉടൻ ക്ലാസിലെത്തി നേരെ പുസ്കതം നോക്കി സിലബസ് പഠിപ്പിച്ചുപോകുന്ന അധ്യാപകർ. ഉറക്കം തൂങ്ങി വീഴുന്ന പീരിയഡുകൾ.  ക്ലാസിലിരുന്ന് സംസാരിച്ചാൽ പേരെഴുതിക്കൊടുത്ത് ടീച്ചറിന്റെ കയ്യിൽ നിന്നും തല്ലും ഇംമ്പോസിഷനും വാങ്ങിത്തരുന്ന ക്ലാസ് ലീഡർമാർ. ടീച്ചറെ പേടിച്ച് യാന്ത്രികമായി ചെയ്തുതീർക്കുന്ന ഹോംവർക്കുകൾ.  മുതിർന്ന സഹോദരങ്ങൾ പഠിച്ചുപോയ പഴകിത്തുടങ്ങിയ അതേ പാഠപുസ്തകം തന്നെയായിയിരിക്കും വീട്ടിലെ  ഇളയ കുട്ടികളും പഠിച്ചിട്ടുണ്ടാകുക. നമ്മുടെയെല്ലാം സ്കൂൾ കാലഘട്ടം ഏകദേശം ഇതുപോലെ ആകും അല്ലേ? വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റങ്ങൾക്ക് സംസ്ഥാന സർക്കാർ ശ്രമിക്കുന്ന കാലഘട്ടമാണിത്. ഒട്ടേറെ ദൂരം മുന്നോട്ട് പോവുകയും ചെയ്തു. ലോകത്തിന് തന്നെ മാതൃകയായി നിൽക്കുന്ന ഫിൻലൻഡ് മോഡൽ ഓഫ് എഡ്യുക്കേഷന്റെ പ്രാധാന്യവും കൂടുകയാണ്. 

ഫിൻലൻഡ് മോഡൽ ഓഫ് എഡ്യുക്കേഷൻ നമ്മുടെ നാട്ടിൽ നിന്ന് എങ്ങനെ വ്യത്യസ്ഥമാകുന്നു?

സർക്കാർ നിയോഗിക്കുന്ന വിദ്യാഭ്യാസ വിദഗ്ധരുടെ സംഘമോ ഏജൻസികളോ തയ്യാറാക്കുന്ന കരിക്കുലം. പുസ്തകം വായിച്ച് പഠിപ്പിക്കുന്ന അധ്യാപകർ, പരീക്ഷകൾക്ക് വേണ്ടി പാഠഭാഗങ്ങൾ കാണാപ്പാഠം പഠിക്കുന്ന വിദ്യാർഥികൾ. ഇതാണല്ലോ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം. ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയേ അല്ല എന്നത് തന്നെയാണ് ഫിൻലൻഡുമായുള്ള പ്രധാനവ്യത്യാസം. പ്രായോഗികതയിൽ ഊന്നി സ്വയം ചിന്തിച്ച് പഠിക്കണം. പഠനത്തോടൊപ്പം ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയും സംഭവിക്കുന്നു. അതായത്, നെൽപ്പാടങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ അച്ചടിച്ച ചിത്രം നോക്കി പഠിക്കുന്നതിന് പകരം പാടത്തിറങ്ങി പഠിക്കും. പോകും വഴി കാണുന്ന വാഹനങ്ങളെയും , മരങ്ങളെയും ചൂണ്ടി അധ്യാപകർ എണ്ണാനും കണക്കുകൂട്ടാനും പഠിപ്പിക്കും. വടിയും കല്ലുകളും കയ്യിലെടുപ്പിച്ച് വിവിധതരം ഷേപ്പുകളെക്കുറിച്ച് പറഞ്ഞുകൊടുക്കും. അതായത് ഒന്നും പാഠപുസ്തകം നോക്കി വായിച്ചുപഠിപ്പിക്കുന്നതോ പഠിക്കുന്നതോ അല്ല ഫിൻലൻഡിലെ രീതി. വിദ്യാർഥികൾക്ക് കൂടുതൽ അറിവ് നേടുന്നതിനുള്ള അവസരം ധാരാളം നൽകുന്നതാണ് ഇന്ത്യയിൽ നിന്നും ഫിൻലൻഡ് വിദ്യാഭ്യാസത്തെ വ്യത്യസ്ഥമാക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ രീതി മോശമാണെന്ന് പറയാനാകില്ല. എന്നാൽ ഇവിടെ വിദ്യാർഥികൾക്ക് പൊതുവായി ഒരേതരം വിദ്യ നൽകുമ്പോൾ ഓരോ കുട്ടിയെയും വ്യത്യസ്ഥരായി കണ്ട് ഓരോരുത്തർക്കും വേണ്ടിയുള്ള വിദ്യയാണ് ഫിൻലൻഡ് നൽകുന്നത്. ഒരിക്കൽ എഴുതിത്തയ്യാറാക്കിയ കരിക്കുലം കാലങ്ങളോളം ഉപയോഗിക്കുകയല്ല, മറിച്ച് കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു ഫിൻലൻഡിൽ. 

ALSO READ : CM Europe Visit: മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്ക്; ഫിൻലൻഡും നോർവേയും സന്ദർശിക്കും

പഠനം 16 വയസ് വരെ മാത്രം

ഒൻപത് വർഷം വരെ മാത്രമാണ് നിർബന്ധിത വിദ്യാഭ്യാസം. ഏഴ് മുതൽ 16 വയസ് വരെ. അതിന് ശേഷം ഒരു കുട്ടിക്ക് അവരുടെ ഇഷ്ടങ്ങളും താൽപര്യവും നോക്കി തുടർവിദ്യാഭ്യാസം സ്വയം ചെയ്യാം. ഏഴാം വയസിൽ ആണ് സ്കൂളിൽ ചേർക്കുന്നത്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും പഠനഭാരം ഏൽക്കാതിരിക്കാനും ആണിത്. നൂറ് ശതമാനം സർക്കാർ ചെലവിലാണ് വിദ്യാഭ്യാസം.  ആഴ്ചയിൽ 20 മണിക്കൂർ മാത്രമാണ് ഒരു കുട്ടികൾ സ്കൂളിൽ ചെലവഴിക്കേണ്ടി വരിക.  ഇവിടത്തെ എല്ലാ കുട്ടികളും രണ്ടോ മൂന്നോ ഭാഷ സംസാരിക്കാൻ കഴിവുള്ളവരും ആണ്.  ഓരോ 45 മിനിട്ട് പഠനത്തിന് ശേഷം 15 മിനിട്ട് കളികൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും ഉള്ള സമയമാണ്. ആരോഗ്യകരമായ ഭക്ഷണം സ്കൂളിൽ തന്നെ ലഭിക്കും.  

പരീക്ഷകളില്ലാത്ത ഫിൻലൻഡ്

നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം പ്രധാനമായും പരീക്ഷകളെ കേന്ദ്രീകരിച്ചാണ്. പരീക്ഷയിൽ ഒന്നാമതെത്താൻ നമ്മൾ പഠിക്കുമ്പോൾ ഫിൻലൻഡിൽ  പരീക്ഷകളേ ഇല്ല. മാർക്ക് നേടി ക്ലാസിൽ ഒന്നാമത് ആകുന്നതിനെക്കാൾ പ്രധാനമാണ് ഒരു കുട്ടിയുടെ വിവിധതലങ്ങളിലെ വികാസമെന്ന്  തിരിച്ചറിഞ്ഞവരാണ് അവർ. എത്രമാത്രം കടുത്ത സമ്മർദത്തിലൂടെയാണ് നമ്മൾ എല്ലാരും ഓരോവട്ടവും പരീക്ഷഹാളിലേക്ക് കയറിട്ടുള്ളത്. പഠിച്ചതെല്ലാം വീണ്ടും മനസിൽ ഓർമിച്ചെടുത്ത് പ്രാർഥനയും ടെൻഷനും ആയി മൂന്ന് മണിക്കൂർസമയം. പരീക്ഷാ സമയത്തെ കടുത്ത മാനസിക പിരിമുറുക്കം ഒഴിവാക്കുക എന്ന ലക്ഷ്യംത്തോട് കൂടിയുമാണ് ഇവിടെ പരീക്ഷകളേ വേണ്ടെന്ന് വച്ചത്. അതായത്, ക്ലാസ് മുറിയിലേക്ക് വരാൻ കുട്ടികൾ മടി കാണിക്കരുത്, പഠനം വെറുക്കരുത്. പതിനാറാം വയസിൽ മാത്രമാണ് ഒരു കുട്ടിക്ക് പരീക്ഷ നേരിടേണ്ടി വരിക. നമ്മുടെ നാട്ടിലേത് പോലെ സ്കൂളുകൾ തമ്മിലും മത്സരമില്ല. എല്ലാ സ്കൂളുകൾക്കും ഒരേ സൗകര്യമാണ് സർക്കാർ നൽകിയിരിക്കുന്നത്. 

ALSO READ : 'ഈ ശിവൻകുട്ടി റൊമാന്റിക്കാണ്; ചിരിക്കാത്ത മന്ത്രിയുമല്ല' ഓണവും രാഷ്ട്രീയും എങ്ങനെ? മന്ത്രി ശിവൻകുട്ടിയും ഭാര്യ പാർവതിദേവിയും പറയുന്നു

പഠനവും കളികളും നിറയുന്ന ക്ലാസ് മുറികൾ

ബാഗും തോളിലിട്ട് ഡബിൾ ബെല്ലടിക്കുമുമ്പ് ക്ലാസ് മുറിയിലേക്ക് കിതച്ചെത്തി ഇരിക്കുന്ന കുട്ടികളെ നിങ്ങൾക്ക് ഫിൻലൻഡിൽ കാണാനാകില്ല. സ്കൂളിൽ എത്തിയാലുടൻ 15 മിനിട്ട് 'ട്രാൻസിഷൻ ഫേസ്' ആണ്. ചുറ്റുപാടുമായി ഇണങ്ങാനും റിലാക്സ് ചെയ്യാനും ഉള്ള സമയം. പാഠഭാഗവുമായി ബന്ധപ്പെട്ട പ്രാക്ടിക്കൽ സെക്ഷനിലൂടെ ആകും ഒരു പീരിയഡ് ആരംഭിക്കുക. കുട്ടികൾ കൃത്യസമയത്ത് ഭക്ഷണത്തിനൊപ്പം കളിക്കാനുള്ള സമയത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. ഭക്ഷണം പാകം ചെയ്യാനും പഠിപ്പിക്കും. ഒരു ദിവസം ഏതെങ്കിലും രണ്ടോ മൂന്നോ വിഷയങ്ങൾ മാത്രമേ പഠിപ്പിക്കൂ. ഭാഷ, അക്കങ്ങൾ എന്നിവ നിർബന്ധമായും എല്ലാ ദിവസവും ഉണ്ടാകും. ക്ലാസ്മുറികൾ വായുസഞ്ചാരം ഉള്ളതാകണമെന്ന് നിർബന്ധമുണ്ട്. അന്തരീക്ഷ താപനില മൈനസ് 15 ഡിഗ്രിക്ക് താഴെയല്ലെങ്കിൽ കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാം. പേപ്പറും പേനയും പരമാവധി ഒഴിവാക്കി കണ്ടും കേട്ടും അനുഭവിച്ചും ആണ് ഇവിടെ വിദ്യാർഥികൾ വളരുന്നത്. പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ഫിന്നിഷ് വിദ്യാഭ്യാസ സമ്പ്രദായം ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിന്റെ ഏത് പ്രായത്തിലും ഘട്ടത്തിലും അത് തുടരാനാകും

നാല് മണിക്കൂർ മാത്രം അധ്യാപനം

അധ്യാപകർ വെറും നാല് മണിക്കൂ‌ർ മാത്രമാണ് ക്ലാസ് റൂമിൽ ചെലവഴിക്കുന്നത്. എല്ലാ ആഴ്ചയും രണ്ട് മണിക്കൂർ അധ്യാപകർ സ്വയം വികാസത്തിനായി ചെലവഴിക്കുന്നു. ബിരുദാനന്തര ബിരുദം നേടിയവരാണ് ഫിൻലൻഡിലെ മുഴുവൻ അധ്യാപകരും.   29,000 ഡോളർ ആണ് തുടക്ക ശമ്പളം. ഒരു ഡോക്ടർക്ക് സമാനമായ സ്റ്റാറ്റസ് ആണ് ഇവിടെ അധ്യാപകർക്ക്. ഫിൻലൻഡിലെ അധ്യാപക പരിശീലനവും വ്യത്യസ്ഥമാണ്. തുടർ പരിശീലനങ്ങളിലൂടെ അവർ അധ്യാപകരെയും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. അധ്യാപക-വിദ്യാർഥി ബന്ധം ഊഷ്മളമാക്കുന്നതിനായി ഒരു കുട്ടിക്ക് ആറ് വർഷത്തേക്ക് ഒരേ അധ്യാപകരെ തന്നെയാണ് നൽകുക. വീട്ടിലേക്ക് ഹോംവർക്ക് ഭാരം കൊടുത്തുവിടുന്ന പതിവും ഇല്ല. 

ഇന്ത്യയിൽ ഫിൻലൻഡ് മാതൃക സാധ്യമാണോ? നിലവിലെ സാഹചര്യത്തിൽ ഫിൻലൻഡ് മോഡൽ നമുക്ക് പകർത്താനാകില്ല. ബോർഡ്, എൻട്രൻസ് പരീക്ഷകളിലൂടെ കടന്നുപോകേണ്ട ഇവിടത്തെ വിദ്യാർഥികൾക്ക് സിലബസ് കേന്ദ്രീകൃത വിദ്യാഭ്യാസം പ്രധാനമാണ്. ഫിൻലൻഡ് മാതൃകയിലേക്ക് എത്തണമെങ്കിൽ വർഷങ്ങളുടെ ആസൂത്രണം വേണം. ഒട്ടേറെ മാറ്റങ്ങൾക്ക് ഇതിനോടകം തന്നെ ഇന്ത്യൻ വിദ്യാഭ്യാസം വിധേയമായിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News