Mammootty: പ്രകാശ് രാജിന് മുന്നില്‍ തലകുനിക്കണം മമ്മൂട്ടി... എത്ര എളുപ്പം വിഷയം മാറ്റി; ദി ഗ്രേറ്റ് കേരള മോഡല്‍!

Mammootty and KR Narayanan Institute: തന്റെ നിലപാട് തുറന്ന് പറയാനുള്ള ആർജ്ജവം അടൂർ കാണിച്ചു എന്ന് പറയാം. അടൂരിന്റെ ആ ധൈര്യമെങ്കിലും സൂപ്പർ താരങ്ങൾ കാണിക്കേണ്ടതുണ്ട്.   

Written by - Binu Phalgunan A | Last Updated : Jan 17, 2023, 01:44 PM IST
  • കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് മമ്മൂട്ടി ഒഴിഞ്ഞുമാറുകയായിരുന്നു
  • ഇതേ വിഷയത്തിൽ പ്രകാശ് രാജ് നടത്തിയ പ്രതികരണം വലിയ ശ്രദ്ധയാണ് നേടിയത്
  • ജാതി വിവേചനം എന്ന ആരോപണത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കൊപ്പമാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ
Mammootty: പ്രകാശ് രാജിന് മുന്നില്‍ തലകുനിക്കണം മമ്മൂട്ടി... എത്ര എളുപ്പം വിഷയം മാറ്റി; ദി ഗ്രേറ്റ് കേരള മോഡല്‍!

കോട്ടയത്തെ കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ നടക്കുന്നു എന്നറിയാത്തവര്‍ ഇന്നൊരുപക്ഷേ കേരളത്തില്‍ കുറവായിരിക്കാം. ജാതിബോധം തൂത്തെറിഞ്ഞെന്ന് കോള്‍മയില്‍ കൊള്ളുന്ന നമ്പര്‍ വണ്‍ കേരളത്തില്‍ ദളിത് വിവേചനത്തിനെതിരെ ഒരു ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി സമരം ചെയ്യുമ്പോള്‍, അത് കണ്ടില്ലെന്ന് നടിക്കാന്‍ പൊതുസമൂഹത്തിന് സാധിക്കില്ല.

എന്നാല്‍ നമ്മുടെ 'താരസമൂഹം' പൊതുസമൂഹത്തില്‍ നിന്ന് എത്ര അകലെയാണ് എന്ന് ചിന്തിപ്പിക്കുകയാണ് മെഗാസ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന മമ്മൂട്ടി. രാജീവ് രവിയും അമല്‍ നീരദും ആഷിക് അബുവും ജിയോ ബേബിയും അടക്കമുള്ള സംവിധായക നിര തന്നെ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഈ വിഷയത്തില്‍ ഒന്ന് പ്രതികരിക്കാന്‍ പോലും ധൈര്യമുണ്ടായില്ല. 

Read Also: 'ഇതുപോലൊക്കെ ആര് ചെയ്ത് തരും'! മാധ്യമപ്രവർത്തകർക്കൊപ്പം മമ്മൂട്ടി

നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തെ കുറിച്ച് മമ്മൂട്ടിയോട് ചോദ്യമുയര്‍ന്നത്. 'അതൊക്കെ അവിടെ നടക്കട്ടെ. ഇത് നിര്‍ത്തിയിട്ട് ബാക്കി തുടങ്ങണം. വേറെ പണിയുണ്ട്. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നമുക്ക് പിന്നെ പോകാം. ഇപ്പോള്‍ നമുക്ക് നിര്‍ത്താം.'- മമ്മൂട്ടിയുടെ ഉത്തരം ഇങ്ങനെ ആയിരുന്നു.

മമ്മൂട്ടി ഏറെ തിരക്കുകളുള്ള ആളാണെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. അദ്ദേഹത്തിന്റെ തിരക്കുകള്‍ മലയാളിയുടെ സിനിമാസ്വാദനത്തിന്റെ പ്രതിഫലവും ആണ്. എല്ലാ കാര്യങ്ങളിലും സിനിമാ താരങ്ങള്‍ പ്രതികരിക്കണം എന്ന് വാശിപിടിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. അവര്‍ക്ക് അറിയാത്ത വിഷയങ്ങളില്‍ പ്രതികരിച്ച് പുലിവാല് പിടിക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. പലരും അങ്ങനെ പുലിവാല് പിടിച്ച ചരിത്രവും ഉണ്ട്. എന്നാല്‍ സ്വന്തം നാട്ടിലെ ഏക ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നത് അതുപോലെ ആണോ?

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്താണ് നടക്കുന്നത് എന്ന് അന്വേഷിച്ചറിയാന്‍ മമ്മൂട്ടിയെ പോലെ ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്കൊപ്പം നാളെ മമ്മൂട്ടിയ്ക്കും ജോലി ചെയ്യേണ്ടി വന്നേക്കും. ആ വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ ന്യായമുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച്, അതിനനുസരിച്ച് ഒരു നിലപാട് സ്വീകരിക്കാന്‍ മമ്മൂട്ടിയെ പോലെ ഉള്ള ഒരു താരശരീരത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലാത്തതാണ്. അദ്ദേഹം അത് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കാനും അത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാനും അദ്ദേഹത്തിന് കഴിയേണ്ടതായിരുന്നു. ഏറ്റവും ചുരുങ്ങിയത് മമ്മൂട്ടിയിൽ നിന്ന് അത്രയെങ്കിലും മലയാളി സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

Read Also:  'എനിക്ക് നിറം നഷ്ടപ്പെടുന്നു'... തന്റെ രോ​ഗാവസ്ഥ വെളിപ്പെടുത്തി മംമ്ത

മറുവശത്ത് വേറേയും ഉണ്ട് താരങ്ങൾ. പ്രകാശ് രാജിനെ പോലുള്ളവ‍ർ. മമ്മൂട്ടിയുടെ അത്ര പ്രായമില്ലെങ്കിലും നാനൂറോളം സിനിമകളിൽ അഭിനയിച്ച അനുഭവപരിചയമുണ്ട്. രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയാറുണ്ട്. കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മറ്റൊരു വിഷയത്തിൽ നടന്ന പരിപാടിയ്ക്കിടെ ആയിരുന്നു പ്രകാശ് രാജിനോട് കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയം സദസ്സിൽ നിന്ന് ഉന്നയിക്കപ്പെട്ടത്. ചർച്ചയിൽ ഒപ്പമുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എംപി കാര്യങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. ഒരു എംപി എന്ന നിലയിൽ താങ്കൾ ഈ വിഷയത്തിൽ എന്തുചെയ്തു എന്ന മറുചോദ്യം ഉന്നയിച്ച് പ്രകാശ് രാജ് ഞെട്ടിച്ചത് ബ്രിട്ടാസിനെ മാത്രമല്ല, കേരള സമൂഹത്തേയും സൂപ്പർ, മെ​ഗാ താരബോധങ്ങളെ കൂടി ആയിരുന്നു. ഏത് വിഷയത്തിലും പ്രതികരിക്കുന്ന പ്രകാശ് രാജിനെ പോലെ എല്ലാവരും ആകണം എന്ന് വാശിപിടിക്കാൻ കഴിയില്ല. പക്ഷേ, തങ്ങൾ കൂടി ഭാ​ഗമായ ഒരു സമൂഹത്തിലെ വിഷയങ്ങളിൽ താരശരീരങ്ങളുടെ പ്രതികരണം എന്തെന്നറിയാൻ ജനം കാത്തിരിക്കും എന്നതിൽ തർക്കമൊന്നുമില്ല.

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ട‍ർ ശങ്കർ മോഹന് എതിരെ ആണ് ആക്ഷേപങ്ങൾ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയ‍ർപേഴ്സൺ ആയ അടൂർ ​ഗോപാലകൃഷ്ണൻ വിദ്യാ‍ർത്ഥികളേയും പ്രതിഷേധക്കാരേയും അപഹസിച്ചും ശങ്കർ മോഹനെ പിന്തുണച്ചും പലതവണ രം​ഗത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. ശരിയോ തെറ്റോ ആകട്ടെ, തന്റെ നിലപാട് തുറന്ന് പറയാനുള്ള ആർജ്ജവം അടൂർ കാണിച്ചു എന്ന് പറയാം. ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ അടൂരിന്റെ ധൈര്യമെങ്കിലും സൂപ്പർ താരങ്ങൾ കാണിക്കേണ്ടതുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News