മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പാറാവുകാരനെയും വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും മറ്റൊരു പോലീസുകാരനെയും പ്രതികൾ ക്രൂരമായി മർദ്ദിച്ചു. കൂടാതെ പൊലീസ് സ്റ്റേഷനിലും നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറും വയർലസ് സെറ്റും പ്രതികൾ എറിഞ്ഞു തകർത്തു. ഒരു അപകടത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്തവരാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. കാരാംകോട് സ്വദേശി ഷിജു, നെയ്യാറ്റിൻകര മരുതത്തൂർ ഇരുമ്പിൽ എസ്. എം. നിവാസിൽ എം. അരുൺ, മാറനല്ലൂർ കുവളശ്ശേരി കോടന്നൂർ പുത്തൻവീട്ടിൽ ഹരീഷ് എന്നിവരാണ് സംഭവത്തിലെ പ്രതികൾ.
തിരുവനന്തപുരത്ത് നിന്നും തച്ചോട്ടുകാവ് വഴി കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ മൂന്ന് പേരും സഞ്ചരിച്ചിരുന്ന കാർ ആക്റ്റീവ സ്‌കൂട്ടറിൽ ഇടിച്ച് മധ്യവയസ്കന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മലയിൻകീഴ് പോലീസ് കാരാംകോട് സ്വദേശി ഷിജുവിനെ സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ഷിജുവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ മറ്റ് രണ്ട് പ്രതികളും സ്റ്റേഷനിൽ ഹാജരായി. ഇതിന് ശേഷമാണ് ക്രൂരമായ ആക്രമണം നടന്നത്.
കാരാംകോട് സ്വദേശി ഷിജു നിരവധി വാഹനങ്ങളെ ഇടിക്കുകയും സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റേഷനിൽ എത്തിയ എം. അരുണും ഹരീഷും ചേർന്ന് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കുകയും സ്റ്റേഷനിലെ കമ്പ്യൂട്ടർ ,വയർലെസ്സ് സെറ്റ് എന്നിവ അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു. ജി ഡീ ചാർജ് ഉണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥ ആനിയുടെ കഴുത്തിന് പിടിച്ച് ആക്രമിക്കുകയും ചെയ്തതായി ആണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
ബഹളം കേട്ട് എത്തിയ പാറാവു ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വിഷ്ണുവിനെയും അലോഷ്യസിനെയും സംഘം ആക്രമിക്കുകയും യൂണിഫോം വലിച്ച് കീറി മർദ്ദിക്കുകയും ചെയ്തു. അലോഷ്യസിൻ്റെ കൈ അക്രമണത്തിൽ ഒടിഞ്ഞു. സംഭവത്തിലെ പ്രധാന പ്രതി ഷിജുവിനും സംഭവത്തെ തുടർന്ന് പരിക്കേറ്റിട്ടുണ്ട്. പോലീസുകാരനായ വിഷ്ണു,പ്രതി ഷിജു,വനിതാ
പൊലീസ് ആനി എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കീഴാറൂർ സ്വദേശി ശശി(50) യെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.