മലപ്പുറം: മകളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്ററായ മങ്കട സ്വദേശി അബ്ദുല്‍ വാഹിദിനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇയാളെ റിമാൻഡ് ചെയ്തു. ഫെബ്രുവരി രണ്ട് വരെയാണ് റിമാന്‍ഡ് ചെയ്തത്. അബ്ദുല്‍ വാഹിദിനെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു യുവതിയും മകളും. മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളില്‍ എല്‍ കെ ജിയിലാണ് കുട്ടി പഠിക്കുന്നത്. കഴിഞ്ഞ 18ന് സ്‌കൂളിലെത്തിയ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിന്റെയോ സ്‌കൂള്‍ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബലമായി കൊണ്ടുപോവുകയിരുന്നു.
പിന്നീട് കുട്ടിയെ യുവതിയുടെ വീടിനടുത്തുള്ള റോഡില്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് മഞ്ചേരി പോലീസില്‍ പരാതി നല്‍കി. എസ് ഐ റിയാസ് ചാക്കീരിയാണ് അബ്ദുല്‍ വാഹിദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊണ്ടുപോകാനുപയോഗിച്ച ബുള്ളറ്റ് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...