തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ (Kodakara Hawala Case) കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. വിവരം ചോർത്തിയത് പരാതിക്കാരന്റെ ഡ്രൈവറുടെ സഹായിയാണെന്ന് പൊലീസ് (Police) വ്യക്തമാക്കി. കോഴിക്കോട് സ്വദേശി റഷീദ് ആണ് വിവരം ചോർത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. കണ്ണൂരും കോഴിക്കോടും ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
അതേസമയം, കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിലെ പ്രതിയുടെ പക്കൽനിന്ന് പൊലീസുകാരൻ 30,000 രൂപ കൈക്കൂലി (Bribe) വാങ്ങിയതായി ആരോപണം ഉയർന്നു. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് എതിരെയാണ് ആരോപണം ഉയർന്നത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം (Departmental Inquiry) ആരംഭിച്ചു. മറ്റൊരു പ്രതിയോട് സ്പെഷ്യൽ ബ്രാഞ്ചിലെ പൊലീസുകാരൻ പണം ആവശ്യപ്പെട്ടതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ഒമ്പത് പേർ കസ്റ്റഡിയിൽ
കേസിൽ അറസ്റ്റിലായ വെള്ളാങ്കല്ലൂർ സ്വദേശി മാർട്ടിനാണ് പൊലീസുകാരന് എതിരെ മൊഴി നൽകിയത്. കുഴൽപ്പണം കവർന്ന ശേഷം പൊലീസുകാരൻ ഫോണിൽ വിളിച്ച് 30,000 രൂപ ആവശ്യപ്പെട്ടെന്നാണ് മൊഴി. കിട്ടിയ പണം എന്തു ചെയ്തെന്ന ചോദ്യം ചെയ്യലിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ദീപക്കിനോട് സ്പെഷ്യൽ ബ്രാഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതായും വിവരം ലഭിച്ചു.
ഇതിനിടെ, കുഴൽപ്പണം കടത്തുന്ന വിവരമറിഞ്ഞ് ഇൻസ്പെക്ടറും സംഘവും സ്വന്തം സ്റ്റേഷൻ പരിധിക്ക് പുറത്ത് പോയി പരിശോധനയ്ക്കായി നിലയുറപ്പിച്ചു. മേലുദ്യോഗസ്ഥർ അറിയാതെയായിരുന്നു ഇത്. ഈ പരിശോധനയിലും അസ്വാഭാവികതയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. കൈക്കൂലി വാങ്ങിയ പൊലീസുകാരനെതിരെയും കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെയും സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകി. ഇവർക്കെതിരെ അച്ചടക്കനടപടിയുണ്ടായേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...