പത്തനംതിട്ട: അടൂരിൽ നിന്നും ഇലന്തൂരിലേക്ക് അര മണിക്കൂർ യാത്രയെയുള്ളു. രണ്ടിടത്തും നടന്നത് ഏതാണ്ട് സമാനമായ കൊലപാതകങ്ങൾ ആയിരുന്നു. മീൻ കച്ചവടവും ഡ്രൈവിങ്ങുമായിരുന്നു കലഞ്ഞൂർ സ്വദേശി നൗഷാദിന് ജോലി.അടുർ പരുത്തിപ്പാറയിൽ ഭാര്യ അഫ് സാനയുമൊത്ത് വാടക വീട്ടിൽ താമസിച്ച് വരുന്നതിനിടെയാണ് 2021 നവംബറിൽ നൗഷാദിനെ കാണാതാവുന്നത്.
കേസിൽ കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഫ്സാന സ്റ്റേഷനിൽ വിളിച്ച് നൗഷാദ് അടുരിലൂടെ നടന്ന് പോകുന്നത് കണ്ടതായി അറിയിച്ചത്. അതായിരുന്നു കേസിലെ ഏറ്റവും വലിയ വഴിത്തിരിവ്. ഒന്നരവർഷം മുന്നേ കാണാതായ ഭർത്താവിനെ കണ്ടിട്ടും അഫ്സാന എന്തുകൊണ്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനോ സംസാരിക്കാൻ പോലുമോ ശ്രമിച്ചില്ല എന്നത് പോലീസിനെ സംശയത്തിലാക്കി.പ്രദേശത്തെ സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല.
തുടർന്ന് പോലീസ് അഫ്സാനയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായിരുന്നു അഫ്സാന മൊഴി നൽകിയത്. ഇതേ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്ന അഫ്സാന അവസാനം നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. മദ്യപാനിയായ നൗഷാദ് സ്ഥിരമായി ദേഹോപദ്രവം ചെയ്തതാണ് കൊലപാതകത്തിന് പ്രേരണയായതെന്നും ഇവർ മൊഴി നൽകി. മൃതദേഹം പുഴയിൽ ഒഴുക്കിയതായും, വാടക വീടിന് സമീപത്തെ പള്ളിയിൽ അടക്കിയതായും വേസ്റ്റ് കുഴിയിൽ തള്ളിയതായുമെല്ലാം ഇവർ മൊഴി നൽകി. ഇത് പിന്നെയും പോലീസിനെ വട്ടം ചുറ്റിച്ചു.
മൃതദേഹം സെമിത്തേരിയിൽ മറവ് ചെയ്തതെന്ന് മൊഴി പരിശോധനക്ക് ശേഷം പോലീസ് തള്ളിക്കളഞ്ഞു. വീടിൻ്റെ സെപ്റ്റി ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നിട് ഇരുവരും താമസിച്ചിരുന്ന പരുത്തിപ്പാറയിലെ വാടക വീടിൻ്റെ രണ്ട് മുറികളും അടുക്കളയും കുഴിച്ച് പരിശോധിച്ചു. പിന്നീട് അഫ്സാന കാണിച്ച പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും മൃതദേഹവശിഷ്ടങ്ങൾ ലഭിച്ചില്ല.
ഫിംഗർ പ്രിൻറ്, ഫോറൻസിക് വിഭാഗവും ഇവിടെ പരിശോധന നടത്തി. ഇരുവരും ഒന്നിച്ച് മൂന്ന് മാസമാണ് ഇവിടെ താമസിച്ചിരുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചില്ലെങ്കിലും കൊലപാതകം നടന്നു എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. കൊലപാതകം നടന്നിട്ടുണ്ടെങ്കിൽ അഫ്സാനക്ക് ഒറ്റക്ക് കൊല നടത്തി മൃതദേഹം മറവ് ചെയ്യാനാവില്ല എന്നും മറ്റാരുടെയോ സഹായം ലഭിച്ചിരിക്കാം എന്ന സംശയവുമുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയായിരിക്കും അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...