പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നടപടി. ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാലക്കാട് ടൗൺ സൗത്ത് പോലീസ് ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
ജൂലൈയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. നവജാത ശിശു മരിച്ച് പിറ്റേദിവസമാണ് ഐശ്വര്യ മരിച്ചത്. അമിത രക്തസ്രാവത്തെ തുടർന്നാണ് മരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഗര്‍ഭിണിയായ 25 വയസുകാരി ഐശ്വര്യയെ ജൂൺ അവസാനത്തോടെയാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രസവ ശസ്ത്രക്രിയ വേണമെന്ന് അറിയിച്ച ഡോക്ടർമാർ പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. കുട്ടിയെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തു. കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ ഐശ്വര്യയ്ക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഐശ്വര്യയും മരിച്ചു. ഐശ്വര്യയുടെ ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ലെന്നും ആരോഗ്യനിലയെ സംബന്ധിച്ച് യാതൊരു വിവരങ്ങളും ഡോക്ടർമാർ പറഞ്ഞിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...