തൃശൂർ: ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് തൃശിനാപ്പിള്ളി കാമരാജ് നഗർ സ്വദേശി 26 വയസുള്ള ധർമരാജ് എന്ന രാജാണ് പിടിയിലായത്. തൃശൂർ സിറ്റി പോലിസ് കമ്മീഷണർ ആദിത്യയുടെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ന്യൂഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
സ്വർണ വ്യാപാരി തമ്പുരാൻപടി സ്വദേശി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ ഇക്കഴിഞ്ഞ 12ന് രാത്രിയിലായിരുന്നു കവർച്ച. ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോൾ മുകളിലത്തെ നിലയിലെ വാതിൽ പൂട്ടു തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്.
Read Also: ടിക്കറ്റെടുക്കാൻ പറഞ്ഞു; യാത്രക്കാരൻ ബസിന്റെ ചില്ല് അടിച്ച് തകർത്തു
തൊപ്പി വെച്ച ഒരാൾ നടക്കുന്നത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. എന്നാൽ മുഖം വ്യക്തമായിരുന്നില്ല. വിവര ശേഖരണത്തിനായി പോലീസ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. ഗുരുവായൂർ നിന്നും മോഷണം നടത്തി ശേഷം ഡൽഹിയിലെത്തിയ പ്രതി കുടുംബത്തോടൊപ്പം ആഡംബര ജീവിതം നയിച്ചു വരുന്നതിനിടയിലാണ് പോലിസിന്റെ വലയിലായത്.
പിടിയിലായ പ്രതി തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി 20 ഓളം കവർച്ച കേസുകളിൽ പ്രതിയാണ്. എന്നാൽ ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തമിഴ്നാട് തഞ്ചാവൂർ സ്റ്റേഷനിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഈ കേസിലും പ്രതിയെ പിടികൂടാനായിരുന്നില്ല. എടപ്പാളിൽ കുടുംബത്തോടൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് പ്രതി ഗുരുവായൂരിൽ മോഷണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...