ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ നാലാം പ്രതിയും പിടിയിലായി. രാഹുൽ ആണ് പിടിയിലായത്. വീടിന് സമീപത്ത് നിന്നുമാണ് രാഹുലിനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നാലെ 3 പേരെ പോലീസ് പിടികൂടിയിരുന്നു. കൊല്ലം സ്വദേശി അരുൺ പ്രസാദിനാണ് റെയിവേ ട്രാക്കിൽ വെച്ച് അതിക്രൂരമായി മർദ്ദനമേറ്റത്. അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ ഷൂട്ട് ചെയ്ത് പുറത്തുവിട്ടിരുന്നു.
രാഹുലാണ് പാറക്കല്ല് കൊണ്ട് അരുണിന്റെ കയ്യിലും കാലിലും ഇടിക്കുന്നത്. മർദനത്തെ തുടർന്ന് അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടുകയും കേൾവിശക്തി നഷ്ടമാകുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവമാണ് തട്ടിക്കൊണ്ടുപോയി ആക്രമിക്കലിേക്ക് എത്തിയത്. കായംകുളത്തെ ഒരു ചായക്കടയിൽ ഒരു സംഘം പൊലീസ് സിവിൽ ഡ്രസ്സിൽ എത്തിയിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചത് പൊലീസ് ചോദ്യം ചെയ്തു.
Also Read: Alappuzha Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; കായംകുളത്ത് 3 പേർ പിടിയിൽ
തുടർന്ന് പോലീസും ഇവരും തമ്മിൽ തർക്കമുണ്ടായി. ഈ സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടു. അരുൺ പ്രസാദിന് ഈ ഫോൺ ലഭിക്കുകയും ഇയാൾ അത് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഈ വൈരാഗ്യമാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായത്. അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് നേരത്തെ പിടിയിലായത്. കൃഷ്ണപുരം സ്വദേശികളാണ് ഇവർ.