തിരുവനന്തപുരം: വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിടികൂടി. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസ്സാണ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ചു ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയപ്പോൾ തിരുവനന്തപുരം കിഴക്കേകോട്ടയിൽ വെച്ച് പിടിയിലായത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ബസ് പിടികൂടിയത്.
കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. വാഹനം വിറ്റെങ്കിലും വാങ്ങിയ ആൾ പേര് മാറ്റാതെ മറിച്ചു വിൽക്കുക ആയിരുന്നു. കേരള രജിസ്ട്രേഷൻ ഉള്ള വാഹനത്തിൽ വ്യാജ ചേസിസ് നമ്പർ കൊത്തി AP26Y6417 എന്ന നമ്പർ പ്ലേറ്റ് പതിച്ചു വാഹനം യാത്ര ചെയ്യുന്നതിനിടയിലാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ ആയത്.
പരിശോധനയിൽ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും ചേസിസ് നമ്പർ വ്യാജമായി കൊത്തിയതാണെന്നും ബോധ്യപ്പെട്ടതായി പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അജിത്കുമാർ, കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അൻസാരി.എച്ച് എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാംജി കെ കരൻ്റെ നേതൃത്വത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വിഷ്ണു .രഥുൻ മോഹൻ, ലൈജു, സരിഗ ജ്യോതി ,വിജേഷ് എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ചതിനു വാഹനം പോലീസിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം ഉദ്യോഗസ്ഥർ ഇടപെട്ട് തീർത്ഥാടകർക്ക് തുടർ യാത്രയ്ക്ക് സൗകര്യം ഒരുക്കി. യാത്രക്കാരുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ വാഹനത്തിന്റെ യഥാർത്ഥ ഉടമ കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ക്കും പോലീസിനും പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...