കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഒരു കിലോയോളം സ്വർണം പിടികൂടി. വിവിധ യാത്രക്കാരിൽ നിന്നാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്തായിരുന്നു കസ്റ്റംസിന്റെ പരിശോധന നടന്നത്. ഇതിന് മുൻപ് കസ്റ്റംസ് ഇത്തരത്തിൽ വിമാനത്താവളത്തിന് പുറത്ത് പരിശോധന നടത്തിയിട്ടില്ല.
ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ട് വന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ ശ്രമിച്ച രണ്ട് ഇൻഡിഗോ എയർ ലൈൻ ജീവനക്കാർ പിടിയിലായിരുന്നു. സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് സമിൽ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 4.9 കിലോഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. വിമാന ജീവനക്കാരുടെ ഒത്താശയോടെ സ്വർണ്ണം കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ കസ്റ്റംസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിടികൂടിയത്.
Also Read: വൃക്ക മാറ്റിവച്ച രോഗിയുടെ മരണത്തിൽ അസ്വാഭാവികതയില്ല-മെഡിക്കൽ കോളേജ് അധികൃതർ
ദുബായിൽ നിന്ന് എത്തിയ വയനാട് സ്വദേശി അസ്കറലി എന്ന യാത്രക്കാരൻ കൊണ്ടുവന്ന മിശ്രിതം പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ സാജിദ് റഹ്മാനെ പിടികൂടുകയായിരുന്നു. ജീവനക്കാരെ കസ്റ്റംസ് നിരീക്ഷിച്ച് വരുന്നതിനിടയിലാണ് സാജിദ് റഹ്മാനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്. സാജിദ് റഹ്മാൻ യാത്രക്കാരൻ കൊണ്ട് വന്ന പെട്ടി നേരിട്ട് ശേഖരിക്കാൻ ശ്രമിക്കുകയും പെട്ടിയുടെ ടാഗിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ സിസിടിവിയിലൂടെയാണ് സാജിദ് റഹ്മാന്റെ നീക്കങ്ങൾ നിരീക്ഷിച്ചത്.
കസ്റ്റംസിന്റെ സ്കാനർ പരിശോധനയിൽ പെട്ടിക്കുള്ളിൽ സ്വർണ്ണ മിശ്രിതം കണ്ടെത്തിയത്തോടെ സാജിദ് റഹ്മാനെയും കടത്തിന് സഹായിച്ച കസ്റ്റമർ സർവീസ് ഏജന്റ് മുഹമ്മദ് സാമിലിനെയും കസ്റ്റംസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്വർണ്ണമടങ്ങിയ പെട്ടി ഉപേക്ഷിച്ച് യാത്രക്കാരൻ മുങ്ങിയതിനാൽ തുറന്നു പരിശോധിക്കുന്നതിന് കസ്റ്റംസിന് സാങ്കേതിക പ്രശ്നം നേരിട്ടു. തുടർന്ന് സാക്ഷികളുടെയും വിമാന കമ്പനിയിലെ മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ പെട്ടി തുറക്കുകയായിരുന്നു. പിടികൂടിയ സ്വർണ്ണത്തിന് 2.5 കോടി മൂല്യമുണ്ട്. ജീവനക്കാരായ സാജിദ് റഹ്മാൻ, മുഹമ്മദ് സാമിൽ എന്നിവർ നേരത്തെയും സ്വർണ്ണ കടത്തിന് സഹായിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...