ബിഹാറിലെ റോഹ്താസ് ജില്ലയിൽ 60 അടി ഉയരമുള്ള പാലം പട്ടാപ്പകൽ മോഷ്ടിച്ച് കടത്തി. സംസ്ഥാന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ മോഷ്ടാക്കൾ ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് പാലം പൊളിച്ചത്. തുടർന്ന് പൊളിച്ചെടുത്ത ഇരുമ്പുമായി രക്ഷപ്പെടുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
60 അടി നീളവും 12 അടി ഉയരവുമുള്ള പാലമാണ് കള്ളൻമാർ പൊളിച്ച് കടത്തിയത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘത്തിനെ പ്രദേശവാസികൾക്കും സംശയം തോന്നിയില്ല. മോഷ്ടാക്കൾക്കെതിരെ സമീപത്തെ നസ്രിഗഞ്ച് പോലീസ് കേസെടുത്തിട്ടുണ്ട്.
കുറഞ്ഞത് 500 ടൺ സ്റ്റീൽ എങ്കിലും കടത്തിയവയിൽ ഉൾപ്പെടുന്നു. മൂന്ന് ദിവസം എങ്കിലും ഇവ കടത്താനായി എടുത്തെന്നാണ് സംശയം. ജീർണിച്ച കനാൽ പാലം കുറച്ചു കാലമായി ആളുകൾ ഉപയോഗിച്ചിരുന്നില്ല. സമീപത്ത് തന്നെയുള്ള കോൺക്രീറ്റ് പാലമായിരുന്നു പ്രധാന യാത്ര ഉപാധി. 1972-ൽ ആമിയാവരിലെ അറ കനാലിന് കുറുകെയാണ് പാലം നിർമ്മിച്ചത്.
കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് മണൽ മാഫിയ സംഘത്തിൽ നിന്നും 200 കോടിയുടെ മണൽ അധികൃതർ കണ്ടെത്തിയിരുന്നു. ഇതും വളരെ അധികം സംസാര വിഷയമായിരുന്നു. 2021 ഡിസംബറിലും മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു സമസ്തിപൂർ ലോക്കോ ഡീസൽ ഷെഡ്ഡിൽ നിന്നും പ്രവർത്തന ക്ഷമമല്ലാത്ത ആവി എഞ്ചിൻ ഷെഡ്ഡിൽ എഞ്ചിനിയർ തന്നെ വിറ്റതും വലിയ വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...