ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സ്മരാണാർഥമാണ് നാണയം പുറത്തിറക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നാണയം അനാച്ഛാദനം ചെയ്യും.നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭവും അതിനു താഴെ "സത്യമേവ ജയതേ" എന്നും എഴുതിയിരിക്കും. "ഭാരത്" എന്ന വാക്ക് ഇടതുവശത്ത് ദേവനാഗരി ലിപിയിലും വലതുവശത്ത് "ഇന്ത്യ" എന്ന വാക്ക് ഇംഗ്ലീഷിലും എഴുതപ്പെടും.
നാണയത്തിൽ രൂപ ചിഹ്നവും അശോക സ്തംഭത്തിന് താഴെ അന്താരാഷ്ട്ര അക്കങ്ങളിൽ 75 എന്ന മൂല്യവും ഉണ്ടായിരിക്കും. നാണയത്തിന്റെ മറുവശത്ത് പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രം കാണിക്കും. മുകളിലെ ചുറ്റളവിൽ "സൻസദ് സങ്കുൽ" എന്ന് ദേവനാഗരി ലിപിയിലും താഴത്തെ ചുറ്റളവിൽ "പാർലമെന്റ് കോംപ്ലക്സ്" ഇംഗ്ലീഷിലും എഴുതും.
44 മില്ലിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന് അതിന്റെ അരികുകളിൽ 200 സെറേഷനുകൾ ഉണ്ടായിരിക്കും. 50% വെള്ളി, 40% ചെമ്പ്, 5% നിക്കൽ, 5% സിങ്ക് എന്നിവ ഉൾപ്പെടുന്ന നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് 35 ഗ്രാം നാണയം നിർമ്മിക്കുന്നത്.
അതേസമയം പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. 25 ഓളം പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കുറഞ്ഞത് 20 പ്രതിപക്ഷ പാർട്ടികളെങ്കിലും പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഇടതുപക്ഷം, തൃണമൂൽ, സമാജ്‌വാദി പാർട്ടി തുടങ്ങിയവർ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു.
"ജനാധിപത്യത്തിന്റെ ആത്മാവ് ഊറ്റിയെടുക്കുമ്പോൾ" ഒരു പുതിയ കെട്ടിടത്തിന് ഒരു വിലയും കാണുന്നില്ലെന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം.പ്രസിഡന്റ് ദ്രൗപതി മുർമുവിന് പകരം പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തിലുംപ്രതിപക്ഷ പാർട്ടികൾ വിയോജിപ്പ് പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...