കാർഷികമേഖലയ്ക്ക് വലിയ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും എല്ലാ മേഖലകളെയും ഉൾപ്പെടുത്താൻ ശ്രമിച്ചുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കാതെ നിലവിൽ ഉള്ളവയുടെ വിപുലീകരണത്തിനാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. 851 കോടി രൂപ കാർഷിക മേഖലയ്ക്കാകെ വകയിരുത്തി. കഴിഞ്ഞ വർഷത്തെക്കാൾ 48 കോടി അധികമാണിത്. കർഷകരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് നെല്ലിന്റെ താങ്ങുവില 28.20 രൂപ കൂട്ടി. നെൽ ഉത്പാദനത്തിന് 10 കോടിയും വകയിരുത്തി. നെൽകൃഷി വികസനത്തിന് 76 കോടി അനുവദിച്ചിട്ടുണ്ട്.
റബ്ബർ ഉത്പാദനം വർധിപ്പും. റബ്ബർ സബ്സിഡിക്കായി 500 കോടി വകയിരുത്തിയിട്ടുള്ളത്. കൃഷി ശ്രീ കേന്ദ്രങ്ങൾ തുറക്കും. റമ്പൂട്ടാൻ, അവക്കാഡോ, ലിച്ചി കൃഷി പ്രോത്സാഹിപ്പിക്കും. കാർഷിക സബ്സിഡി നേരിട്ട് നൽകുന്നതിൽ മാറ്റമുണ്ടാകും. കർഷക സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ ഏർപ്പെടുത്തും. തോട്ടഭൂമി നിർവചനത്തിൽ മാറ്റം വരും. റബ്ബർ, തേയില, കാപ്പി എന്നിവയ്ക്കൊപ്പം മറ്റ് വിളകൾ കൃഷി ചെയ്യുന്ന ഇടവും തോട്ടമായി കണക്കാക്കും. തോട്ടം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടിയും ഇത്തവണത്തെ ബജറ്റിൽ സർക്കാർ അനുവദിച്ചിട്ടുണ്ട്.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
സിയാൽ മതൃകയിൽ കമ്പനി
സിയാൽ മാതൃകയിൽ കാർഷിക വികസന കമ്പനിയാണ് ശ്രദ്ധേയമായൊരു പ്രഖ്യാപനം. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താൻ 100 കോടി രൂപ മൂലധനത്തിൽ ആണ് മാർക്കറ്റിംഗ് കമ്പനി.
'ഞങ്ങളും കൃഷിയിലേക്ക്'
കൃഷി പ്രോത്സാഹത്തിനായി കൃഷി വകുപ്പിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. കൃഷി പ്രോത്സാഹത്തിനായുള്ള ജനകീയ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. വിദ്യാർഥികൾ, സ്ത്രീകൾ, തൊഴിലാളികൾ, പ്രൊഫഷണലുകൾ, സെലിബ്രിറ്റികൾ തുടങ്ങിയവരെ പദ്ധതിയുടെ ഭാഗമാക്കും...
നെൽ ഉടമകൾക്ക് റോയൽറ്റി
നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകും. നെൽകൃഷി ചെയ്യാവുന്ന വയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന വയൽ നിലങ്ങളുടെ ഉടമകൾക്കാണ് റോയൽറ്റി നൽകുക. ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകും. ഇതിനായി 60 കോടി രൂപ വകയിരുത്തി.
വിള ഇൻഷുറൻസ്
കർഷകർക്കും വിളകൾക്കുമുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള വിഹിതം 30 കോടിയായി ഉയർത്തി. പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിച്ചവർക്ക് അടിയന്തര സഹായത്തിന് 7 കോടി രൂപ നൽകും. വിളനാശം തടയാൻ 51 കോടിയും പ്രഖ്യാപിച്ചു.
വന്യജീവി ആക്രമണം തടയാൻ
മലയോര ജില്ലകളിലുള്ള കർഷകരുടെ പ്രധാന പ്രശ്നം വന്യജീവി ആക്രമണം ആയിരുന്നു. കർഷകർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സാഹര്യത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജീവനും കൃഷിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വന്യജീവികളുടെ അക്രമണം തടയാൻ 25 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ജീവഹാനി സംഭവിച്ചവർക്കായി 7 കോടിയും അനുവദിച്ചു.
രണ്ടാം കുട്ടനാട് പാക്കേജിന് 140 കോടിയും കുട്ടനാട്ടിലെ നെല്ലുൽപാദനം വർധിപ്പിക്കുന്നതിന് 44 കോടിയും അനുവദിച്ചു. വഴിയോര കച്ചവടക്കാർക്ക് വൈദ്യുതി ഉറപ്പാക്കാൻ സോളാർ പുഷ്കാർട്ട് ലഭ്യമാക്കും. കാർഷിക വിഭവങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കാൻ മൂല്യവർദ്ധിത കാർഷിക മിഷൻ. മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള ബൾക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സർട്ടിഫിക്കേഷൻ മുതലായവയ്ക്ക് 175 കോടി രൂപ ചെലവിൽ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങൾ ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...