ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ എസ്‌യുവിയാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ. ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇഗ്‌നിസ് എന്നിവയോട് ഏറ്റുമുട്ടാനൊരുങ്ങിയാണ് എക്സ്റ്റർ എത്തുന്നത്. ഹ്യൂണ്ടായ് എക്‌സ്‌റ്ററിന്റെ ആദ്യ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിരുന്നു. സ്മാർട്ട് ഇലക്ട്രിക് സൺറൂഫും ഡ്യുവൽ ക്യാമറയുള്ള ഡാഷ് ക്യാമുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. നിലവിൽ, 11,000 രൂപ ടോക്കൺ നൽകി എക്‌സ്‌റ്റർ ബുക്ക് ചെയ്യാം. കൂടാതെ ബുക്കിംഗുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ നടത്താം. ജൂൺ 10 ന് എക്സ്റ്റർ പുറത്തിറങ്ങും.
നിരവധി സവിശേഷതകളാണ് എക്സ്റ്ററിൽ ഉള്ളതെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ സി ഒ ഒ തരുൺ ഗാർഗ് പറഞ്ഞു. എക്സ്റ്ററിലെ യാത്ര മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും. ഇതുവരെ പുറത്തുവിട്ട ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചതെന്നും ഈ വർഷം ജൂലൈ 10 ന് ഹ്യൂണ്ടായ് എക്‌സ്‌റ്റർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഒലയേക്കാൾ വില കുറവ്,നിരവധി ഫീച്ചറുകളുമായി ഇ-സ്പ്രിന്റോ അമേരി, ഗംഭീര സ്കൂട്ടർ
"ഓപ്പൺ സൺറൂഫ്" അഥവാ "ഐ വാണ്ട് ടു സീ ദ സ്കൈ" എന്നിങ്ങനെയുള്ള വോയ്‌സ് കമാൻഡുകളോട് ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ സ്മാർട്ട് ഇലക്ട്രിക് സൺറൂഫ് പ്രതികരിക്കും. ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാം, മുൻ ക്യാമറകൾ, 5.84 സെന്റി മീറ്റർ (2.31”) എൽസിഡി ഡിസ്‌പ്ലേ, സ്‌മാർട്ട് ഫോൺ ആപ്പ് അടിസ്ഥാനമാക്കിയുള്ള കണക്റ്റിവിറ്റി, ഒന്നിലധികം റെക്കോർഡിംഗ് മോഡുകൾ എന്നിവ വാഹനത്തിലുണ്ട്.
ഡാഷ്‌ക്യാം ഫുൾ എച്ച്‌ഡി വീഡിയോ റെസല്യൂഷനും സപ്പോർട്ട് ചെയ്യുന്നു. കൂടാതെ മുൻ ക്യാമറകളിൽ നിന്നും പിൻ ക്യാമറകളിൽ നിന്നും ചിത്രങ്ങൾ പകർത്താൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് ഡ്രൈവിംഗ്, ഇവന്റ്, ഹോളിഡേ എന്നിങ്ങനെയുള്ള വ്യത്യസ്ത റെക്കോർഡിംഗ് ഓപ്‌ഷനുകൾ ഡ്യുവൽ ക്യാമറയുള്ള ഡാഷ്‌ക്യാമിലുണ്ട്. ഇതിന് പുറമെ, 6 എയർബാഗുകളുമായാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ വരുന്നത്.
ഔറ, ഗ്രാൻഡ് ഐ10 നിയോസ്, ഐട്വന്റി തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള 1.2 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനാണ് എക്സ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ മോട്ടോറിന് 69 ബിഎച്ച്പി കരുത്തും 95.2 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കാൻ കഴിയും. 1.2 ലിറ്റർ പെട്രോൾ യൂണിറ്റിന് അഞ്ച് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് നൽകിയിട്ടുണ്ട്. എന്നാൽ, സിഎൻജി മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. ആറ് ലക്ഷത്തിന് മുകളിലായിരിക്കും എക്സ്റ്ററിന്റെ വില എന്നാണ് ലഭിക്കുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...