ന്യൂ ഡൽഹി : വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഈ വർഷം ഇന്ന് ഇതുവരെ പത്ത് തവണയായി 5.3 ശതമാനമാണ് ജെറ്റ് ഫ്യുവലുകൾക്ക് വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തിലുള്ള വില വർധനയ്ക്ക് അനുസൃതമായി എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കാണിത്.
ഡൽഹിയിലെ കണക്ക് പ്രകാരം വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 6,188.25 രൂപ അഥവാ 5.29 ശതമാനം വർധിപ്പിച്ച് 1,23,039.71 രൂപയായി (ലിറ്ററിന് 123 രൂപ). ഇത് ഈ വർഷത്തെ പത്താമത്ത് ഇന്ധന വില വർധനവാണ്. എല്ലാ മാസത്തിന്റെ ഒന്നാം തിയതിയിലും 16-ാം തിയതിയിലൂമാണ് വിമാന ഇന്ധന വില പുനഃനിർണയിക്കുന്നത്.
ALSO READ: നിർമാണ ചിലവ് വർധിച്ചു; ടിവി, ഫ്രിഡ്ജ്, എസി എന്നിവയ്ക്കെല്ലാം വില ഉയരും
മാർച്ച് 16-ന് 18.3 ശതമാനമാണ് (കിലോ ലിറ്ററിന് 17,135.63 രൂപ) ജെറ്റ് ഫ്യുവലിന് വർധിച്ചത്, ഏപ്രിൽ 1-ന് 2 ശതമാനം (കിലോ ലിറ്ററിന് 2,258.54 രൂപ) വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് എടിഎഫ് വിലയിലെ വർധനവ്. ഏപ്രിൽ 16-ന് 0.2 ശതമാനം, തുടർന്ന് മെയ് 1-ന് കിലോലിറ്ററിന് 3,649.13 രൂപ (3.2 ശതമാനം) വർദ്ധനവ്. മുംബൈയിലെ എടിഎഫിന് ഇപ്പോൾ കിലോ ലിറ്ററിന് 1,21,847.11 രൂപയും കൊൽക്കത്തയിൽ 1,27,854.60 രൂപയും ചെന്നൈയിൽ 1,27,286.13 രൂപയുമാണ് വില.
റഷ്യ യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്ധന വില ഗണ്യമായി വർധിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന 85 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്നതാണ്. ഒരു വിമനക്കമ്പനിയുടെ നടത്തിപ്പ് ചിലവിന്റെ ഏകദേശം 40 ശതമാനം ഇന്ധന വിലയിലേക്കാണ് പോകുന്നത്. ഇത്തരത്തിൽ വില ക്രമാതീതമായി വർധിച്ചാൽ വിമാനക്കമ്പനികൾക്ക് യാത്രക്കൂലി വർധിപ്പിക്കാതെ മറ്റൊരു വഴി ഉണ്ടാകില്ല.
ALSO READ : ആഗോള വിപണിയിൽ വിലക്കയറ്റം; ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ
അതേസമയം രാജ്യത്തെ പെട്രോൾ ഡീസൽ വില കഴിഞ്ഞ 41 ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഇരു ഇന്ധനങ്ങളുടെ വില പത്ത് രൂപ വീതം ഉയർത്തിയതിന് ശേഷമാണ് ഇപ്പോൾ വില പിടിച്ച് നിർത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.