ഹൈദരാബാദ്: കഴിഞ്ഞ ദിവസം, അതായത് മാര്‍ച്ച് 30 അന്താരാഷ്ട്ര ഇഡലി ദിനം ആയിരുന്നു. ഒരു ദക്ഷിണേന്ത്യന്‍ ഭക്ഷണ വിഭവത്തിന് വേണ്ടി ഒരു അന്താരാഷ്ട്ര ദിനമോ എന്നൊന്നും ചിന്തിക്കേണ്ടതില്ല. ലോകമെമ്പാടും ഇപ്പോള്‍ ഇഡലി ഒരു ജനപ്രിയ ഭക്ഷണം ആണ്.
ഇനി പറയാന്‍ പോകുന്നത് വ്യത്യസ്തമായ ഒരു ഇഡലി വിശേഷം ആണ്. ഒരു വര്‍ഷം കൊണ്ട് ആറ് ലക്ഷം രൂപയുടെ ഇഡലി വാങ്ങിയ ഒരാളെ കുറിച്ചാണ് വാര്‍ത്ത. ഈ ഇഡലി മുഴുവന്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴിച്ച് തീര്‍ക്കാന്‍ പറ്റുമോ എന്ന് ആര്‍ക്കായാലും സംശയം തോന്നാം. എന്തായാലും ഇത് ഇദ്ദേഹം ഒറ്റയ്ക്ക് കഴിച്ചതല്ല എന്നാണ് വിവരം.
ഹൈദരാബാദ് സ്വദേശിയായ വ്യക്തിയാണ് 12 മാസം കൊണ്ട് 6 ലക്ഷം രൂപയുടെ ഇഡലി സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ 8,428 പ്ലേറ്റ് ഇഡലികള്‍. ഇതില്‍ പല ഓര്‍ഡറുകളും 'ഫ്രണ്ട്സ് ആന്റ് ഫാമിലി' എന്ന വിഭാഗത്തിലാണ് വരുന്നത് എന്ന് സ്വഗ്ഗി വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ഓര്‍ഡര്‍ ചെയ്തത് ഒരേയൊരു അക്കൗണ്ടില്‍ നിന്ന് തന്നെ! കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി വഴി ഏറ്റവും അധികം ഇഡലി ഓര്‍ഡര്‍ ചെയ്ത വ്യക്തി എന്ന റെക്കോര്‍ഡിനും ഈ വ്യക്തി അര്‍ഹനായിട്ടുണ്ട്.
Read Also: ലോക ഇഡ്ഡലി ദിനം, ദക്ഷിണേന്ത്യക്കാരുടെ പ്രിയഭക്ഷണത്തിന്റെ ഗുണങ്ങള്‍ അറിയാം....
ഹൈദരാബാദില്‍ വച്ച് മാത്രമല്ല ഇദ്ദേഹം ഇത്രയും അധികം ഇഡലി ഓര്‍ഡര്‍ ചെയ്തത്. ചെന്നൈ, ബെംഗളുരു തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇതേ അക്കൗണ്ട് വഴി ഇഡലി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാള്‍ ആണ് ഈ അക്കൗണ്ടിന്റെ ഉടമ എന്ന് വ്യക്തമാക്കുന്നതാണ് ഇത്. 2022 മാര്‍ച്ച് 30 മുതല്‍ 2023 മാര്‍ച്ച് 25 വരെയുള്ള കണക്കുകള്‍ ആണ് സ്വിഗ്ഗിപുറത്ത് വിട്ടിരിക്കുന്നത്.
ഇഡലിയുടെ കാര്യത്തില്‍ രസകരമായ കണക്കുകള്‍ വേറേയും ഉണ്ട്. ഈ കാലയളവില്‍ ഇന്ത്യയില്‍ മൊത്തത്തില്‍ 3.3 കോടി പ്ലേറ്റ് ഇഡലിയാണ് സ്വിഗ്ഗി വഴി മാത്രം ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതത്രെ. ഹൈദരാബാദുകാരന്റെ കണക്ക് പരിശോധിച്ചാല്‍ ഒരു പ്ലേറ്റ് ഇഡലിയ്ക്ക് ശരാശരി 71 രൂപ വില വരും. അങ്ങനെയെങ്കില്‍ ഒരു വര്‍ഷത്തിനിടെ ഇന്ത്യക്കാര്‍ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഇഡലിയുടെ ഏകദേശ വില 234 കോടി രൂപയില്‍ അധികം വരും!
ദക്ഷിണേന്ത്യന്‍ വിഭവമായ ഇഡലിയ്ക്ക് ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ചത് ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, വിശാഖപട്ടണം, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ മാത്രമാണെന്ന് പറയാന്‍ കഴിയില്ല. ഈ നഗരങ്ങള്ക്കൊപ്പമോ, ചിലപ്പോള്‍ അവയ്ക്ക് മുകളിലോ ആണ് മുംബൈ, പൂനെ, ദില്ലി, കൊല്‍ക്കത്ത എന്നീ നഗരങ്ങളും. രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയില്‍ ആണത്രെ ഏറ്റവും അധികം ഇഡലി ഓര്‍ഡുകള്‍ ലഭിക്കുന്നത്.
മലയാളികളെ സംബന്ധിച്ച് ഇഡലിയ്ക്കൊപ്പം തേങ്ങാ ചട്ണി, സാന്പാർ തുടങ്ങിയവയാണ് പ്രിയം. എന്നാൽ തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും എല്ലാം നെയ് ചേർക്കുന്ന ചമ്മന്തി പൊടിയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. ബെംഗളൂരുവിൽ റവ ഇഡലിയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഇഡലിയ്ക്കൊപ്പം സാന്പാറും ചമ്മന്തിയും എന്ന പൊതു കോംബിനേഷൻ എല്ലാവരും അംഗീകരിക്കാറില്ല എന്ന് കൂടി ഇതോടൊപ്പം പറയേണ്ടതുണ്ട്. ചിക്കൻ കറിയും മട്ടൻ ചാപ്സും എല്ലാം ഇഡലിയ്ക്ക് മികച്ച കോംബിനേഷനാണ് പറയുന്നവരുണ്ട്. രസവും ഇഡലിയും ചേർന്നാൽ അപൂർവ്വ രുചിയാണെന്ന് വാദിക്കുന്ന ചിലരും ഉണ്ട് എന്നത് മറക്കാനാവില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...