Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്.
ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.
പതിനൊന്നാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..
ആരണ്യകാണ്ഡം
ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍
നീലനീരജദലലോചനന്‍ നാരായണന്
നീലലോഹിതസേവ്യന്‍ നിഷ്കളന്‍ നിത്യന് പരന്
കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍
പാലനപരായണന്‍ പരമാത്മാവുതന്റെ
ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും.
ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
സാരമായൊരു മുക്തിസാധനം രസായനം.
ഭാരതീഗുണം തവ പരമാമൃതമല്ലോ
പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാള്‍.
ഫാലലോചനന് പരമേശ്വരന് പശുപതി
ബാലശീതാംശുമൌലി ഭഗവാന് പരാപരന്‍
പ്രാലേയാചലമകളോടരുള്‍ചെയ്തീടിനാന്‍.
ബാലികേ കേട്ടുകൊള്‍ക പാര്‍വ്വതി ഭക്തപ്രിയേ!
രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
രാമനദ്വയനേകനവ്യയനഭിരാമന്‍
അത്രിതാപസപ്രവരാശ്രമേ മുനിയുമാ-
യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം.
മഹാരണ്യപ്രവേശം
പ്രത്യുഷസ്യുത്ഥായ തന് നിത്യകര്‍മ്മവും ചെയ്തു
നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍.
“പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി-
മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു
ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം
പണ്ഡിതശ്രേഷ്ഠ! കരുണാനിധേ! തപോനിധേ!
ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ-
ളിങ്ങുനിന്നയയ്ക്കേണം ശിഷ്യരില്‍ ചിലരെയും.”
ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു
തിങ്ങീടും കൌതൂഹലംപൂണ്ടുടനരുള്‍ചെയ്തുഃ
“നേരുളള മാര്‍ഗ്ഗം ഭവാനേവര്‍ക്കും കാട്ടീടുന്നി-
താരുളളതഹോ തവ നേര്‍വഴി കാട്ടീടുവാന്‍!
എങ്കിലും ജഗദനുകാരിയാം നിനക്കൊരു
സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം.”
‘ചൊല്ലുവിന്‍ നിങ്ങള്‍ മുമ്പില്‍നടക്കെ’ന്നവരോടു
ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാന്‍.
അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി-
തന്നോടു രാമചന്ദ്രന് വന്ദിച്ചു ഭക്തിപൂര്‍വ്വംഃ
“നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ-
മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ.”
എന്നു കേട്ടാശീര്‍വാദംചെയ്തുടന്‍ മന്ദം മന്ദം
ചെന്നു തന് പര്‍ണ്ണശാല പുക്കിരുന്നരുളിനാന്‍.
പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോള്‍
മുന്നിലാമ്മാറു മഹാവാഹിനി കാണായ്വന്നു.
അന്നേരം ശിഷ്യര്‍കളോടരുളിച്ചെയ്തു രാമ-
‘നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?’
എന്നുകേട്ടവര്‍കളും ചൊല്ലിനാ’രെന്തു ദണ്ഡം
മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.
വേഗേന ഞങ്ങള്‍ കടത്തീടുന്നതുണ്ടുതാനു-
മാകുലം വേണ്ട ഞങ്ങള്‍ക്കുണ്ടല്ലോ പരിചയം.
എങ്കിലോ തോണികരേറീടാ’മെന്നവര്‍ ചൊന്നാര്,
ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാര്‍.
ശ്രീരാമന് പ്രസാദിച്ചു താപസകുമാരക-
ന്മാരോടു ‘നിങ്ങള്‍ കടന്നങ്ങുപോകെ’ന്നു ചൊന്നാന്‍.
ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ-
രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാര്‍.
ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ
ഘോരമായുളള മഹാകാനനമകംപുക്കാര്‍.
ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര-
ശല്യാദിമൃഗഗണാകീര്‍ണ്ണമാതപഹീനം
ഘോരരാക്ഷസകുലസേവിതം ഭയാനകം
ക്രൂരസര്‍പ്പാദിപൂര്‍ണ്ണം കണ്ടു രാഘവന് ചൊന്നാന്‍ഃ
“ലക്ഷ്മണാ! നന്നായ് നാലുപുറവും നോക്കിക്കൊള്‍ക
ഭക്ഷണാര്‍ത്ഥികളല്ലോ രക്ഷസാം പരിഷകള്‍.
Also Read: Ramayana Masam 2021: രാമായണം പത്താം ദിനം പാരായണം ചെയ്യേണ്ട ഭാഗം
വില്ലിനി നന്നായ്ക്കുഴിയെക്കുലയ്ക്കയും വേണം
നല്ലൊരു ശരമൂരിപ്പിടിച്ചുകൊള്‍ക കൈയില്‍.
മുന്നില്‍ നീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം.
ജീവാത്മപരമാത്മാക്കള്‍ക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ
ആവയോര്‍മ്മദ്ധ്യേ നടന്നീടുകവേണം സീതാ-
ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്വരാ.”
ഇത്തരമരുള്‍ചെയ്തു തല്‍പ്രകാരേണ പുരു-
ഷോത്തമന്‍ ധനുര്‍ദ്ധരനായ് നടന്നോരുശേഷം
പിന്നിട്ടാരുടനൊരു യോജനവഴിയപ്പോള്‍
മുന്നിലാമ്മാറങ്ങൊരു പുഷ്കരിണിയും കണ്ടാര്.
കല്ഹാരോല്‍പലകുമുദാംബുജരക്തോല്‍പല-
ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം
തോയപാനവുംചെയ്തു വിശ്രാന്തന്മാരായ് വൃക്ഷ-
ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം.
ശരഭംഗമന്ദിരപ്രവേശം
രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍.
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്തു ചിത്താ-
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്തുഃ
“ഞാനനേകംനാളുണ്ടു പാര്‍ത്തിരിക്കുന്നിതത്ര
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
മാര്‍ജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
മര്‍ത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ-
നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേന്‍.”
യോഗീന്ദ്രനായ ശരഭംഗനാം തപോധനന്
യോഗേശനായ രാമന്‍തന്‍പദം വണങ്ങിനാന്‍ഃ
“ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
ജന്തുക്കളന്തര്‍ഭാഗേ വസന്തം ജഗന്നാഥം
ശ്രീരാമം ദുര്‍വാദളശ്യാമള മംഭോജാക്ഷം
ചീരവാസസം ജടാമകുടം ധനുര്‍ദ്ധരം
സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
സൌമുഖ്യമനോഹരം കരുണാരത്നാകരം.”
കുണ്ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
ലോകേശപദം പ്രാപിച്ചീടിനാന്‍ തപോധന-
നാകാശമാര്‍ഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
നാകേശാദികള്‍ പുഷ്പവൃഷ്ടിയുംചെയ്തീടിനാര്‍
പാകശാസനന്‍ പദാംഭോജവും വണങ്ങിനാന്‍.
മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
കൌസല്യാതനയനും കൌതുകമുണ്ടായ്വന്നു
തത്രൈവ കിഞ്ചില്‍കാലം കഴിഞ്ഞോരനന്തരം
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ് സ്വര്‍ഗ്ഗം പുക്കാര്‍.
മുനിമണ്ഡലസമാഗമം
ഭണ്ഡകാരണ്യതലവാസികളായ മുനി-
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്
പുണ്ഡരീകാക്ഷന്തന്നെക്കാണ്മാനായ് വന്നീടിനാര്‍.
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
മാമുനിമാരെ വീണു നമസ്കാരവുംചെയ്താര്‍.
താപസന്മാരുമാശീര്‍വാദംചെയ്തവര്‍കളോ-
ടാഭോഗാനന്ദവിവശന്മാരായരുള്‍ചെയ്താര്‍ഃ
“നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു
പന്നഗോത്തമതല്പേ പളളികൊളളുന്ന ഭവാന്.
ധാതാവര്‍ത്ഥിക്കമൂലം ഭൂഭാരം കളവാനായ്
ജാതനായിതു ഭൂവി മാര്‍ത്താണ്ഡകുലത്തിങ്കല്‍
ലക്ഷ്മണനാകുന്നതു ശേഷനും, സീതാദേവി
ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാര്
ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും
സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം.
നാനാതാപസകുലസേവിതാശ്രമസ്ഥലം
കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം
ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
മാനസേ കാരുണ്യമുണ്ടായ്വരുമല്ലോ കണ്ടാല്‍.”
എന്നരുള്‍ചെയ്ത മുനിശ്രേഷ്ഠന്മാരോടുകൂടി
ചെന്നവരോരോ മുനിപര്ണ്ണശാലകള് കണ്ടാര്.
അന്നേരം തലയോടുമെല്ലുകളെല്ലാമോരോ
കുന്നുകള്‍പോലെ കണ്ടു രാഘവന് ചോദ്യംചെയ്താന്‍ഃ
“മര്‍ത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ-
മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!”
തദ്വാക്യം കേട്ടു ചൊന്നാര് താപസജനംഃ”രാമ-
ഭദ്ര! നീ കേള്‍ക്ക മുനിസത്തമന്മാരെക്കൊന്നു
നിര്‍ദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ-
യിദ്ദേശമസ്ഥിവ്യാപ്തമായ് ചമഞ്ഞിതു നാഥാ!”
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ-
ചിത്തനായോരു പുരുഷോത്തമനരുള്‍ചെയ്തുഃ
“നിഷ്ഠൂരതരമായ ദുഷ്ടരാക്ഷസകുല-
മൊട്ടൊഴിയാതെ കൊന്നു നഷ്ടമാക്കീടുവന്‍ ഞാന്‍.
ഇഷ്ടാനുരൂപം തപോനിഷ്ഠയാ വസിക്ക സ-
ന്തുഷ്ട്യാ താപസകുലമിഷ്ടിയും ചെയ്തു നിത്യം.”
Also Read: നിങ്ങളും ഈ തെറ്റ് ചെയ്യാറുണ്ടോ? Shani-Rahu ന്റെ കോപം നേരിടേണ്ടിവരാം
സുതീഷ്ണാശ്രമപ്രവേശം
സത്യവിക്രമനിതി സത്യവുംചെയ്തു തത്ര
നിത്യസംപൂജ്യമാനനായ് വനവാസികളാല്‍
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി
സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്വന്നു
വിഖ്യാതമായ സുതീക്ഷ്ണാശ്രമം മനോഹരം
മുഖ്യതാപസകുലശിഷ്യസഞ്ചയപൂര്‍ണ്ണം
സര്‍വര്‍ത്തുഗുണഗണസമ്പന്നമനുപമം
സര്‍വകാലാനന്ദദാനോദയമത്യത്ഭുതം
സര്‍വപാദപലതാഗുല്‍മസംകുലസ്ഥലം
സര്‍വസല്‍പക്ഷിമൃഗഭുജംഗനിഷേവിതം.
രാഘവനവരജന്‍തന്നോടും സീതയോടു-
മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്ഠന്
കുംഭസംഭവനാകുമഗസ്ത്യശിഷ്യോത്തമന്‍
സംപ്രീതന്‍ രാമമന്ത്രോപാസനരതന്‍ മുനി
സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
സംപൂജ്യച്ചരുളിനാനര്‍ഗ്ഘ്യപാദാദികളാല്‍.
ഭക്തിപൂണ്ടശ്രുജനനേത്രനായ് സഗദ്ഗദം
ഭക്തവത്സലനായ രാഘവനോടു ചൊന്നാന്‍ഃ
“നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
സന്തതം ജപിപ്പു ഞാന്‍ മല്‍ഗുരുനിയോഗത്താല്‍.
ബ്രഹ്മശങ്കരമുഖ്യവന്ദിമാം പാദമല്ലോ
നിന്മഹാമായാര്‍ണ്ണവം കടപ്പാനൊരു പോതം.
ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ
വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം.
ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാന്‍
ത്വല്‍പാദാംബുജം നിത്യമുള്‍ക്കാമ്പിലുദിക്കണം.
പുത്രഭാര്യാര്‍ത്ഥനിലയാന്ധകൂപത്തില്‍ വീണു
ബദ്ധനായ് മുഴുകീടുമെന്നെ നിന്തിരുവടി
ഭക്തവാത്സല്യകരുണാകടാക്ഷങ്ങള്‍തന്നാ-
ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
മൂത്രമാംസാമേദ്ധ്യാന്ത്രപുല്ഗല പിണ്ഡമാകും
ഗാത്രമോര്‍ത്തോളമതി കശ്മല,മതിങ്കലു-
ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി-
ച്ചാര്‍ത്തിനാശന! ഭവാന് വാഴുകെന്നുളളില്‍ നിത്യം.
സര്‍വഭൂതങ്ങളുടെയുളളില്‍ വാണീടുന്നതും
സര്‍വദാ ഭവാന്തന്നെ കേവലമെന്നാകിലും
ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല.
ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
സേവാനുരൂപഫലദാനതല്പരന് ഭവാന്
ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ!
വിശ്വസംഹാരസൃഷ്ടിസ്ഥിതികള്‍ ചെയ്വാനായി
വിശ്വമോഹിനിയായ മായതന്‍ ഗുണങ്ങളാല്‍
രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി-
ച്ചിദ്രൂപനായ ഭവാന് വാഴുന്നു, മോഹാത്മനാം
നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കല്‍
ഭാനുമാന് ജലംപ്രതി വെവ്വേറെ കാണുംപോലെ.
ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ-
മെങ്ങനെയറിഞ്ഞുപാസിപ്പു ഞാന്‍ ദയാനിധേ!
അദ്യൈവ ഭവച്ചരണാംബുജയുഗം മമ
പ്രത്യക്ഷമായ്വന്നിതു മത്തപോബലവശാല്‍.
ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
നിര്‍മ്മലനായ ഭവാന് ചിന്മയനെന്നാകിലും
സന്മയമായി പരബ്രഹ്മമായരൂപമായ്
കര്‍മ്മണാമഗോചരമായോരു ഭവദ്രൂപം
ത്വന്മായാവിഡംബനരചിതം മാനുഷ്യകം
മന്മഥകോടികോടിസുഭഗം കമനീയം
കാരുണ്യപൂര്‍ണ്ണനേത്രം കാര്‍മ്മുകബാണധരം
സ്മേരസുന്ദരമുഖമജിനാംബരധരം
സീതാസംയുതം സുമിത്രാത്മജനിഷേവിത-
പാദപങ്കജം നീലനീരദകളേബരം.
കോമളമതിശാന്തമനന്തഗുണമഭി-
രാമമാത്മാരാമമാനന്ദസമ്പൂര്‍ണ്ണാമൃതം
പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!”
വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു
മന്ദഹാസവും പൂണ്ടു രാഘവനരുള്‍ചെയ്തുഃ
“നിത്യവുമുപാസനാശുദ്ധമായിരിപ്പോരു
ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്വന്നു മുനേ!
സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ-
ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ്
സന്തുഷ്ടന്മാരായുളള ഭക്തന്മാര്‍ക്കെന്നെ നിത്യം
ചിന്തിച്ചവണ്ണംതന്നെ കാണായ്വന്നീടുമല്ലോ.
ത്വല്‍കൃതമേതല്‍ സ്തോത്രം മല്‍പ്രിയം പഠിച്ചീടും
സല്‍കൃതിപ്രവരനാം മര്‍ത്ത്യനു വിശേഷിച്ചും
സല്‍ഭക്തി ഭവിച്ചീടും ബ്രഹ്മജ്ഞാനവുമുണ്ടാ-
മല്പവുമതിനില്ല സംശയം നിരൂപിച്ചാല്‍.
താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം
പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ.
ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ-
ക്കണ്ടു വന്ദിച്ചുകൊള്‍വാ,നെന്തതിനാവതിപ്പോള്‍?
തത്രൈവ കിഞ്ചില്‍ക്കാലം വസ്തുമുണ്ടത്യാഗ്രഹ-
മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ!”
ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാന്‍ സുതീക്ഷ്ണനു-
“മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാന്‍
കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാള്‍.
വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെന്‍ ഗുരുവിനെ.
പുഷ്ടമോദത്തോടൊക്കത്തക്കപ്പോയ്ക്കാണാമല്ലോ.”
ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ-
ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
പ്രീതനാം മുനിയോടും ജാനകീദേവിയോടും
സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്
ചെന്നിതു രാമനഗസ്ത്യാനുജാശ്രമേ ജാവം
വന്നു സല്‍ക്കാരംചെയ്താനഗസ്ത്യസഹജനും
വന്യഭോജനവുംചെയ്തന്നവരെല്ലാവരു-
മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷം
Also Read: Ramayana Masam 2021: ഇതാണ് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം
അഗസ്ത്യസന്ദര്‍ശനം
ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്കി മഹാ-
കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം.
സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ-
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം
നന്ദനസമാനമാനന്ദദാനാഢ്യം മുനി-
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
ബ്രഹ്മര്‍ഷിപ്രവരന്മാരമരമുനികളും
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം.
ബ്രഹ്മലോകവുമിതിനോടു നേരല്ലെന്നത്രേ
ബ്രഹ്മജ്ഞന്മാരായുളേളാര്‍ ചൊല്ലുന്നു കാണുംതോറും.
ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമന്
വിശ്രുതനായ സുതീക്ഷ്ണന്‍തന്നോ’ടിനിയിപ്പോള്‍
വേഗേന ചെന്നു ഭവാനഗസ്ത്യമുനീന്ദ്രനോ-
ടാഗതനായോരെന്നെയങ്ങുണര്‍ത്തിച്ചീടേണം.
ജാനകിയോടും ഭ്രാതാവായ ലക്ഷ്മണനോടും
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.’
ശ്രുത്വാ രാമോക്തം സുതീക്ഷ്ണന്മഹാപ്രസാദമി-
ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
നത്വാ തം ഗുരുവരമഗസ്ത്യം മുനികുല-
സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
രാമമന്ത്രാര്‍ത്ഥവ്യാഖ്യാതല്‍പരം ശിഷ്യന്മാര്‍ക്കാ-
യ്ക്കാമദമഗസ്ത്യമാത്മാരാമം മുനീശ്വരം
ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു-
മാരാല്‍ വീണുടന്‍ ദണ്ഡനമസ്കാരവും ചെയ്താന്‍.
“രാമനാം ദാശരഥി സോദരനോടും നിജ-
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോള്‍.
നില്ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിന്
തൃക്കഴലിണ കണ്ടു വന്ദിപ്പാന്‍ ഭക്തിയോടെ.”
മുമ്പേതന്നകകാമ്പില്‍ കണ്ടറിഞ്ഞിരിക്കുന്നു
കുംഭസംഭവന്‍ പുനരെങ്കിലുമരുള്‍ചെയ്താന്‍:
“ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാന്.
പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
കോമളം കാളമേഘശ്യാമളം നളിനാക്ഷം.”
ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
രോത്തമന്‍ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാര്‍ത്തരുള്‍ചെയ്താന്‍ഃ
“ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
ഭദ്ര! മേ ദിഷ്ട്യാ ചിരമദ്യൈവ സമാഗമം.
യോഗ്യനായിരിപ്പോരിഷ്ടാതിഥി ബലാല് മമ
ഭാഗ്യപൂര്‍ണ്ണത്വേന സംപ്രാപ്തനായിതു ഭവാന്.
അദ്യവാസരം മമ സഫല,മത്രയല്ല
മത്തപസ്സാഫല്യവും വന്നിതു ജഗല്പതേ!”
കുംഭസംഭവന്‍തന്നെക്കണ്ടു രാഘവന്‍താനും
തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്കാരം ചെയ്തപ്പോള്‍
കുംഭജന്മാവുമെടുത്തെഴുനേല്‍പിച്ചു ശീഘ്രം
ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും
ഗൂഢപാദീശാംശജനായ ലക്ഷ്മണനെയും
ഗാത്രസ്പര്‍ശനപരമാഹ്ലാദജാതസ്രവ-
ന്നേത്രകീലാലാകുലനായ താപസവരന്‍
ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
രാഘവനുടെ കരപങ്കജമതിദ്രുതം
സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്ഠ-
നാശ്രിതജനപ്രിയനായ വിശ്വേശം രാമം
പാദ്യാര്‍ഗ്ഘ്യാസന മധുപര്‍ക്കമുഖ്യങ്ങളുമാ-
പാദ്യ സമ്പൂജ്യ സുഖമായുപവിഷ്ടം നാഥം
വന്യഭോജ്യങ്ങള്‍കൊണ്ടു സാദരം ഭുജിപ്പിച്ചു
ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാന്‍
അഗസ്ത്യസ്തുതി
“നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം
ദേവകളോടും കമലാസനനോടും ഭവാന്
ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്തു
‘ഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല-
ഭാരാപഹരണം ചെയ്തീടുവനെ’ന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍.
താപസജനത്തോടും ശിഷ്യസംഘാതത്തോടും
ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാന്‍.
ലോകസൃഷ്ടിക്കു മുന്നമേകനായാനന്ദനായ്
ലോകകാരണന്‍ വികല്പോപാധിവിരഹിതന്
തന്നുടെ മായ തനിക്കാശ്രയഭൂതയായി
തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ
നിര്‍ഗ്ഗുണനായ നിന്നെയാവരണംചെയ്തിട്ടു
തല്‍ഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
നിര്‍വ്യാജം വേദാന്തികള്‍ ചൊല്ലുന്നു നിന്നെ മുന്നം
ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാല്‍.
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും.
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ
ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം.
നിന്നാല്‍ സംക്ഷോഭ്യമാണയാകിയ മായതന്നില്‍-
നിന്നുണ്ടായ്വന്നു മഹത്തത്ത്വമെന്നല്ലോ ചൊല്വൂ.
നിന്നുടെ നിയോഗത്താല്‍ മഹത്തത്ത്വത്തിങ്കലേ-
നിന്നുണ്ടായ്വന്നു പുനരഹങ്കാരവും പുരാ.
മഹത്തത്ത്വവുമഹങ്കാരവും സംസാരവും
മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു.
സാത്വികം രാജസവും താമസമെന്നീവണ്ണം
വേദ്യമായ് ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
താമസത്തിങ്കല്‍നിന്നു സൂക്ഷ്മതന്മാത്രകളും
ഭൂമിപൂര്‍വകസ്ഥൂലപഞ്ചഭൂതവും പിന്നെ
രാജസത്തിങ്കല്‍നിന്നുണ്ടായിതിന്ദ്രിയങ്ങളും
തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ
സാത്വികത്തിങ്കല്‍നിന്നു മനസ്സുമുണ്ടായ്വന്നു;
സൂത്രരൂപകം ലിംഗമിവറ്റില്‍നിന്നുണ്ടായി.
സര്‍വത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കല്‍നിന്നു
ദിവ്യനാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പൂ.
അങ്ങനെയുളള വിരാള്‍പുരുഷന്‍തന്നെയല്ലോ
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
ദേവമാനുഷതിര്യഗ്യോനിജാതികള്‍ ബഹു-
സ്ഥാവരജംഗമൗഘപൂര്‍ണ്ണമായുണ്ടായ്വന്നു.
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ
ബ്രഹ്മാവും വിഷ്ണുതാനും രുദ്രനുമുണ്ടായ്വന്നു.
ലോകസൃഷ്ടിക്കു രജോഗുണമാശ്രയിച്ചല്ലോ
ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി,
സത്ത്വമാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്ണു,
രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.
ബുദ്ധിജാദികളായ വൃത്തികള്‍ ഗുണത്രയം
നിത്യമംശിച്ചു ജാഗ്രല്‍സ്വപ്നവും സുഷുപ്തിയും.
ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയന് ഭവാന്
നിവൃത്തന്‍ നിത്യനേകനവ്യയനല്ലോ നാഥ!
യാതൊരു കാലം സൃഷ്ടിചെയ്വാനിച്ഛിച്ചു ഭവാന്
മോദമോടപ്പോളംഗീകരിച്ചു മായതന്നെ.
തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാന്
ത്വന്മഹാമായ രണ്ടുവിധമായ്വന്നാളല്ലോ,
വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ.
വിദ്യയെന്നല്ലോ ചൊല്വൂ നിവൃത്തിനിരതന്മാര്‍
അവിദ്യാവശന്മാരായ് വര്‍ത്തിച്ചീടിന ജനം
പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു.
വേദാന്തവാക്യാര്‍ത്ഥവേദികളായ് സമന്മാരായ്
പാദഭക്തന്മാരായുളളവര്‍ വിദ്യാത്മകന്മാര്‍.
അവിദ്യാവശഗന്മാര്‍ നിത്യസംസാരികളെ-
ന്നവശ്യം തത്ത്വജ്ഞന്മാര്‍ ചൊല്ലുന്നു നിരന്തരം.
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാര്‍.
ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാര്ക്കു
നിര്‍മ്മലയായ വിദ്യ താനേ സംഭവിച്ചീടും.
മറ്റുളള മൂഢന്മാര്‍ക്കു വിദ്യയുണ്ടാകെന്നതും
ചെറ്റില്ല നൂറായിരം ജന്മങ്ങള് കഴിഞ്ഞാലും.
ആകയാല്‍ ത്വത്ഭക്തിസമ്പന്നന്മാരായുളളവ-
രേകാന്തമുക്തന്മാരില്ലേതും സംശയമോര്‍ത്താല്‍.
ത്വഭക്തിസുധാഹീനന്മാരായുളളവര്‍ക്കെല്ലാം
സ്വപ്നത്തില്‍പ്പോലും മോക്ഷം സംഭവിക്കയുമില്ല.
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ!
ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
ചിന്തിക്കില്‍ സാരം കിഞ്ചില് ചൊല്ലുവന്‍ ധരാപതേ!
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
വേദാന്തജ്ഞന്മാരായ വിദ്വാന്മാര് ചൊല്ലീടുന്നു.
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാര്‍ക്കായ്
നിസ്പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ്
ഇഷ്ടാനിഷ്ടപ്രാപ്തികള്‍ രണ്ടിലും സമന്മാരായ്
നഷ്ടസംഗന്മാരുമായ് സന്യസ്തകര്‍മ്മാക്കളായ്
തുഷ്ടമാനസന്മാരായ് ബ്രഹ്മതല്‍പ്പരന്മാരായ്
ശിഷ്ടാചാരൈകപരായണന്മാരായി നിത്യം
യോഗാര്‍ത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോള്‍
ചേതസി ഭവല്‍കഥാശ്രവണേ രതിയുണ്ടാം.
ത്വല്‍കഥാശ്രവണേന ഭക്തിയും വര്‍ദ്ധിച്ചീടും
ഭക്തി വര്‍ദ്ധിച്ചീടുമ്പോള്‍ വിജ്ഞാനമുണ്ടായ്വരും;
വിജ്ഞാനജ്ഞാനാദികള്‍കൊണ്ടു മോക്ഷവും വരും;
വിജ്ഞാതമെന്നാല്‍ ഗുരുമുഖത്തില്‍നിന്നിതെല്ലാം.
ആകയാല്‍ ത്വല്‍ഭക്തിയും നിങ്കലേപ്രേമവായ്പും
രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
ത്വല്‍പാദാബ്ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ-
ന്നുള്‍പ്പൂവില്‍ ഭക്തി പുനരെപ്പോഴുമുണ്ടാകേണം.
ഇന്നല്ലോ സഫലമായ്വന്നതു മമ ജന്മ-
മിന്നു മല് ക്രതുക്കളും വന്നിതു സഫലമായ്.
Also Read: Ramayana Masam 2021: എല്ലാദിവസും രാമായണം ജപിക്കാൻ പറ്റാത്തവർ ഇത് ജപിക്കുക
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്വന്നു
ഇന്നല്ലോ സഫലമായ്വന്നതു മന്നേത്രവും.
സീതയാ സാര്‍ദ്ധം ഹൃദി വസിക്ക സദാ ഭവാന്
സീതാവല്ലഭ! ജഗന്നായക! ദാശരഥേ!
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
നാനാകര്‍മ്മങ്ങളനുഷ്ഠിക്കുമ്പോള്‍ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!”
കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
ജംഭാരി തന്നാല്‍ മുന്നം നിക്ഷിപ്തമായ ചാപം
ബാണതൂണീരത്തോടും കൊടുത്തു ഖഡ്ഗത്തോടും
ആനന്ദവിവശനായ് പിന്നെയുമരുള്‍ചെയ്താന്‍:
“ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാല്‍
ഭൂപതേ! വിനഷ്ടമായീടേണം വൈകീടാതെ.
സാക്ഷാല്‍ ശ്രീനാരായണനായ നീ മായയോടും
രാക്ഷസവധത്തിനായ്മര്‍ത്ത്യനായ് പിറന്നതും.
രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി-
ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി.
ഗൗതമീതീരെ നല്ലൊരാശ്രമം ചമച്ചതില്‍
സീതയാ വസിക്ക പോയ് ശേഷമുളെളാരുകാലം
തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം
സത്വരം ചെയ്കെ”ന്നുടനനുജ്ഞ നല്കി മുനി.
കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...