കർക്കടക വാവുബലി 2023: ഹൈന്ദവ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണ് കര്‍ക്കടക മാസത്തിലെ അമാവാസി ദിവസത്തെ കര്‍ക്കടക വാവുബലി. മൂന്ന് തലമുറകളിലെ പരേതര്‍ക്ക് വേണ്ടി ചെയ്യുന്ന ശ്രാദ്ധ കർമ്മമാണ് കര്‍ക്കടക വാവുബലി. ഈ വർഷത്തെ കർക്കടക വാവുബലി ജൂലൈ പതിനേഴിനാണ്. പൂര്‍വികരെ സ്മരിച്ച് അവരുടെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുക എന്നതാണ് ബലിതര്‍പ്പണത്തിന്റെ അടിസ്ഥാന വിശ്വാസം.
പൂർവികർക്ക് ശ്രാദ്ധം ചെയ്യുന്നതിന് മുൻപ് വ്രതം അനുഷ്ഠിക്കുന്നു. ബലിയുടെ തലേദിവസം 'ഒരിക്കല്‍' വ്രതം അനുഷ്ഠിക്കും. 'ഒരിക്കല്‍' വ്രതം എടുക്കുന്നവർ ഒരുനേരം മാത്രമേ അരി ആഹാരം കഴിക്കൂ. പൂർവികരെ സ്മരിച്ച് പ്രാര്‍ത്ഥിച്ച് ബലിച്ചോറും തീര്‍ത്ഥവും തര്‍പ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുന്നതാണ് വാവുബലി. കര്‍ക്കടക മാസത്തിലെ അമാവാസി ദിവസമാണ് വാവുബലി ആചരിക്കുന്നത്.
കർക്കടക വാവുബലി ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്നും മണ്‍മറഞ്ഞുപോയ പൂര്‍വികരായ പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നതാണ് വിശ്വാസം. കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും സ്നാനഘട്ടങ്ങളിലും കടല്‍ത്തീരങ്ങളിലും ഭവനങ്ങളിലും ആയിരക്കണക്കിന് ഭക്തരാണ് ബലിതർപ്പണത്തിനായി എത്തുന്നത്.
മരിച്ച് പോയവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായാണ് ബലിതർപ്പണം നടത്തുന്നത്. മരിച്ച് പോയ പൂർവികർ വരുമെന്നും ബലി സ്വീകരിക്കുമെന്നുമാണ് വിശ്വസം. എല്ലാ മാസവും ബലിതര്‍പ്പണം നടത്താമെങ്കിലും കര്‍ക്കടക മാസത്തില്‍ ബലിതര്‍പ്പണം നടത്തുന്നത് കൂടുതല്‍ പുണ്യം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. കര്‍ക്കടക മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്.
ALSO READ: Karkidaka vavu Bali 2023: നാളെ കർക്കടക വാവുബലി; ബലിതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം
ബലിതര്‍പ്പണം നടത്തുന്നതെങ്ങനെ
പിതൃക്കളുമായി രക്തബന്ധമുള്ളവർക്ക് കര്‍ക്കടക വാവുബലി അര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അച്ഛനോ അമ്മയോ രണ്ട് പേരുമോ മരിച്ചു പോയവരാണ് സാധാരണയായി ബലികര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്. വ്രതം അനുഷ്ഠിച്ച് മനസ്സും ശരീരവും ശുദ്ധീകരിച്ചാണ് ബലിതർപ്പണത്തിന് ഒരുങ്ങുന്നത്. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതാനുഷ്ഠാന സമയത്ത് കഴിക്കാന്‍ പാടില്ല. 48 മണിക്കൂര്‍ വ്രതം അനുഷ്ഠിക്കണം. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല.
സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പിതാവ് മരിച്ചാല്‍ പണ്ട് കാലങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമേ ബലിതർപ്പണ ചടങ്ങുകൾ ചെയ്തിരുന്നുള്ളൂ. പുത്രന്‍മാരിലൂടെയാണ് പിതാവിന് മോക്ഷ പ്രാപ്തി ലഭിക്കുകയെന്നായിരുന്നു വിശ്വാസം. ഇന്ന് സ്ത്രീകളും പിതൃക്കൾക്ക് ബലിതര്‍പ്പണം നടത്തുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ ആര്‍ത്തവദിനങ്ങളില്‍ ബലിതര്‍പ്പണം നടത്താൻ പാടില്ല.
പൂജയ്ക്ക് വേണ്ട സാധനങ്ങൾ
വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല് എന്നിവയാണ് പൂജയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍. ബ്രാഹ്‌മണര്‍ ബലിതര്‍പ്പണത്തിന് അരി ഉപയോഗിക്കാറില്ല.
വ്രതമെടുക്കേണ്ടതെങ്ങനെ
തലേദിവസം വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞ് മരിച്ചുപോയ പിതൃക്കളെ മനസ്സില്‍ സങ്കൽപ്പിച്ച് ഭക്തിയോടെയാണ് ബലിയിടേണ്ടത്. എള്ളും പൂവും ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ടാണ് ബലിതര്‍പ്പണം നടത്തേണ്ടത്. പിതൃക്കള്‍ക്ക് ബലിയിടുന്നവർ നിർബന്ധമായും വ്രതം എടുക്കണം. വ്രതം തെറ്റിച്ചാല്‍ പിതൃക്കള്‍ ബലി സ്വീകരിക്കില്ലെന്നും അവരുടെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്നുമാണ് വിശ്വാസം. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് സദ്യ നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ ഭക്ഷണം കഴിക്കുകയുള്ളൂ.
കേരളത്തിലെ പ്രധാന ബലിതര്‍പ്പണ ക്ഷേത്രങ്ങള്‍
കേരളത്തില്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കടല്‍ത്തീരങ്ങളിലും നദീ തീരങ്ങളിലും കർക്കടക വാവുബലിക്കുള്ള സൗകര്യം ഒരുക്കാറുണ്ട്. തിരുവന്തപുരത്ത് തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം എന്നിവയാണ് വാവുബലിക്കുള്ള പ്രധാന ക്ഷേത്രങ്ങൾ. കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിലെ മറ്റ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...