Ramayana Masam 2021: രാമായണം ഇരുപത്തിയൊൻപതാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.  

Written by - Ajitha Kumari | Last Updated : Aug 14, 2021, 04:35 PM IST
  • രാമായണ പാരായണം ഇരുപത്തിയൊൻപതാം ദിനം
  • ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ
Ramayana Masam 2021: രാമായണം ഇരുപത്തിയൊൻപതാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. 

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.

Also Read:Onam 2021: Horoscope 14 August 2021: എല്ലാ പ്രശ്നങ്ങളും ഇന്ന് നീങ്ങും, ആദരവ് വർദ്ധിക്കുന്നതോടൊപ്പം ധനലാഭവും ഉണ്ടാകും

 

ഇരുപത്തിയൊൻപതാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..  

രാമരാവണയുദ്ധം

ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു
ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍
മൂലബലാദികള്‍ സംഗരത്തിന്നു തല്‍-
കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ
ലങ്കാധിപന്നു സഹായമായ്‌ വേഗേന
സംഖ്യയില്ലാത ചതുരംഗസേനയും
പത്തു പടനായകന്മാരുമൊന്നിച്ചു
പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാര്‍
വാരാധിപോലെ പരന്നു വരുന്നതു
മാരുതിമുമ്പ‍ാം കപികള്‍ കണ്ടെത്രയും
ഭീതി മുഴുത്തു വാങ്ങീടുന്നതു കണ്ടു
നീതിമാനാകിയ രാമനും ചൊല്ലിനാന്‍
‘വാനരവീരരേ! നിങ്ങളിവരോടു
മാനം നടിച്ചുചെന്നേല്‍ക്കരുതാരുമേ
ഞാനിവരോടു പോര്‍ചെയ്തൊടുക്കീടുവ-
നാനന്ദമുള്‍ക്കൊണ്ടു കണ്ടുകൊള്‍കേവരും’
എന്നരുള്‍ചെയ്തു നിശാചരസേനയില്‍
ചെന്നു ചാടീടിനാനേകനാമീശ്വരന്‍
ചാപബാണങ്ങളും കൈക്കൊണ്ടു രാഘവന്‍
കോപേന ബാണജാലങ്ങള്‍ തൂകീടിനാന്‍
എത്ര നിശാചരരുണ്ടു വന്നേറ്റതി-
ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ
രാമമയമായ്‌ ചമഞ്ഞിതു സംഗ്രാമ-
ഭൂമിയുമെന്തൊരു വൈഭവമന്നേരം
‘എന്നോടുതന്നേ പൊരുന്നിതു രാഘവ-’
നെന്നു തോന്നീ രജനീചരര്‍ക്കൊക്കവെ
ദശനാഴികനേരമൊരുപോലെ
യാതുധാനാവലിയോടു രഘൂത്തമന്‍
അസ്ത്രം വരിഷിച്ചനേരമാര്‍ക്കും തത്ര
ചിത്തേ തിരിച്ചറിയായതില്ലേതുമേ
വാസരരാത്രി നിശാചരവാനര
മേദിനി വാരിധി ശൈലവനങ്ങളും
ഭേദമില്ലാതെ ശരങ്ങള്‍ നിറഞ്ഞിതു
മേദുരന്മാരായ രാക്ഷസവീരരും
ആനയും തേരും കുതിരയും കാലാളും
വീണു മരിച്ചു നിറഞ്ഞിതു പോര്‍ക്കളം
കാളിയും കൂളികളും കബന്ധങ്ങളും
കാളനിശീഥിനിയും പിശാചങ്ങളും
നായും നരിയും കഴുകകള്‍ കാകങ്ങള്‍
പേയും പെരുത്തു ഭയങ്കരമ‍ാംവണ്ണം
രാമചാപത്തിന്‍ മണിതന്‍ നിനാദവും
വ്യോമമാര്‍ഗേ തുടരെത്തുടരെ കേട്ടു
ദേവഗന്ധര്‍വ്വയക്ഷാപരോവൃന്ദവും
ദേവമുനീന്ദ്രന‍ാം നാരദനും തദാ
രാഘവന്‍ തന്നെ സ്തുതിച്ചുതുടങ്ങിനാ-
രാകാശചാരികളാനന്ദപൂര്‍വ്വകം
ദ്വാദശ നാഴികകൊണ്ടു നിശാചരര്‍
മേദിനിതന്നില്‍ വീണീടിനാരൊക്കവേ
മേഘത്തിനുള്ളില്‍നിന്നര്‍ക്കബിംബംപോലെ
രാഘവന്‍തന്നെയും കാണായിതന്നേരം
ലക്ഷ്മണന്‍താനും വിഭീഷണനും പുന-
രര്‍ക്കതനയനും മാരുതപുത്രനും
മറ്റുള്ള വാനരവീരരും വന്ദിച്ചു
ചുറ്റും നിറഞ്ഞിതു രാഘവനന്നേരം
മര്‍ക്കടനായകന്മാരോടരുള്‍ചെയ്തി-
‘തിക്കണക്കേ യുദ്ധമാശു ചെയ്തീടുവാന്‍
നാരായണനും പരമേശ്വരനുമൊഴി-
ഞ്ഞാരുമില്ലെന്നു കേള്‍പ്പുണ്ടു ഞാന്‍ മുന്നമേ’
രാക്ഷസരാജ്യം മുഴുവനതുനേരം
രാക്ഷസസ്ത്രീകള്‍ മുറവിളികൂട്ടിനാര്‍
‘താത! സഹോദര! നന്ദന! വല്ലഭ!
നാഥ! നമുക്കവലംബനമാരയ്യോ!
വൃദ്ധയായേറ്റം വിരൂപയായുള്ളൊരു
നക്തഞ്ചരാധിപസോദരി രാമനെ
ശ്രദ്ധിച്ചകാരണമാപത്തിതൊക്കവെ
വര്‍ദ്ധിച്ചു വന്നതു മറ്റില്ല കാരണം
ശൂര്‍പ്പണഖയ്ക്കെന്തു കുറ്റമതില്‍പരം
പേപ്പെരുമാളല്ലയോ ദശകന്ധരന്‍!
ജാനകിയെക്കൊതിച്ചാശു കുലം മുടി-
ച്ചാനൊരു മൂഢന്‍ മഹാപാപി രാവണന്‍
അര്‍ദ്ധപ്രഹരമാത്രേണ ഖരാദിയെ
യുദ്ധേ വധിച്ചതും വൃത്രാരിപുത്രനെ
മൃത്യുവരുത്തി, വാഴിച്ചു സുഗ്രീവനെ
സത്വരം വാനരന്മാരെയയച്ചതും
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മവും
വാരിധിയില്‍ ചിറകെട്ടിക്കടന്നതും
കണ്ടിരിക്കെ നന്നു തോന്നുന്നതെത്രയു-
മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവൂ?
സിദ്ധമല്ലായ്കില്‍ വിഭീഷണന്‍ ചൊല്ലിനാന്‍
മത്തനായന്നതും ധിക്കരിച്ചീടിനാന്‍
ഉത്തമന്‍ നല്ല വിവേകി വിഭീഷണന്‍
സത്യവൃതന്‍ മേലില്‍ നന്നായ്‌വരുമവന്‍
നീചനിവന്‍ കുലമൊക്കെ മുടിപ്പതി-
നാചരിച്ചാനിതു തന്മരണത്തിനും
നല്ല സുതന്മാരെയും തമ്പിമാരെയും
കൊല്ലിച്ചു മറ്റുള്ളമാതൃജനത്തെയും
എല്ലാമനുഭവിച്ചീടുവാന്‍ പണ്ടുതാന്‍
വല്ലായ്മചെയ്തതുമെല്ല‍ാം മറന്നിതോ?
ബ്രഹ്മസ്വമായതും ദേവസ്വമായതും
നിര്‍മ്മരിയാദമടക്കിനാനേറ്റവും
നാട്ടിലിരിക്കും പ്രജകളെ പീഡിച്ചു
കാട്ടിലാക്കിച്ചമച്ചീടിനാന്‍ കശ്മലന്‍
അര്‍ത്ഥമന്യായേന നിത്യമാര്‍ജ്ജിക്കയും
മിത്രജനത്തെ വെറുത്തു ചമയ്ക്കയും
ബ്രാഹ്മണരെക്കൊലചെയ്കയും മറ്റുള്ള
ധാര്‍മ്മികന്മാര്‍മുതലൊക്കെയടക്കിയും
പാരം ഗുരുജനദോഷവുമുണ്ടിവ-
നാരെയുമില്ല കൃപയുമൊരിക്കലും
ഇമ്മഹാപാപി ചെയ്തോരു കര്‍മ്മത്തിനാല്‍
നമ്മെയും ദുഃഖിക്കുമാറാക്കിനാനിവന്‍’
ഇത്ഥം പുരസ്ത്രീജനത്തിന്‍ വിലാപങ്ങള്‍
നക്തഞ്ചരാധിപന്‍ കേട്ടു ദുഃഖാര്‍ത്തനായ്‌
‘ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി
യുദ്ധത്തിനാശു പുറപ്പെടുകെങ്കില്‍ ന‍ാം’
എന്നതു കേട്ടു വിരൂപാക്ഷനുമതിന്‍-
മുന്നേ മഹോദരനും മഹാപാര്‍ശ്വനും
ഉത്തരഗോപുരത്തൂടേ പുറപ്പെട്ടു
ശസ്ത്രങ്ങള്‍ തൂകിത്തുടങ്ങിനാരേറ്റവും
ദുര്‍ന്നിമിത്തങ്ങളുണ്ടായതനാദരി-
ച്ചുന്നതനായ നിശാചരനായകന്‍
ഗോപുരവാതില്‍ പുറപ്പെട്ടു നിന്നിതു
ചാപലമെന്നിയേ വാനരവീരരും
രാക്ഷസരോടെതിര്‍ത്താരതുകണ്ടേറ്റ-
മൂക്കോടടുത്തു നിശാചരവീരരും
സുഗ്രീവനും വിരൂപാക്ഷനും തങ്ങളി-
ലുഗ്രമ‍ാം വണ്ണം പൊരുതാനതുനേരം
വാഹനമാകിയ വാരണവീരനെ-
സ്സാഹസം കൈക്കൊണ്ടു വാനരരാജനും
കൊന്നതു കണ്ടു വിരൂപവിലോചനന്‍
ചെന്നിതു വാളും പരിചയും കൈക്കൊണ്ടു
കുന്നുകൊണ്ടൊന്നെറിഞ്ഞാന്‍ കപിരാജനും
നന്നായിതെന്നു വിരൂപാക്ഷനുമഥ
വെട്ടിനാന്‍ വാനരനായകവക്ഷസി
പുഷ്ടകോപത്തോടു മര്‍ക്കടരാജനും
നെറ്റിമേലൊന്നടിച്ചാനതു കൊണ്ടവന്‍
തെറ്റെന്നു കാലപുരം പുക്കുമേവിനാന്‍
തേരിലേറിക്കൊണ്ടടുത്താന്‍ മഹോദരന്‍
തേരും തകര്‍ത്തു സുഗ്രീവനവനെയും
മൃത്യുപുരത്തിനയച്ചതു കണ്ടതി-
ക്രുദ്ധനായ്‌ വന്നടുത്താന്‍ മഹാപാര്‍ശ്വനും
അംഗദന്‍ കൊന്നാനവനെയുമന്നേരം
പൊങ്ങും മിഴികളോടാശരാധീശനും
പോര്‍മദത്തോടുമടുത്തു കപികളെ
താമസാസ്ത്രംകൊണ്ടു വീഴ്ത്തിനാനൂഴിയില്‍
രാമനുമൈന്ദ്രാസ്ത്രമെയ്തു തടുത്തിതു
താമസാസ്ത്രത്തെയുമപ്പോള്‍ ദശാസനന്‍
ആസുരമസ്ത്രമെയ്താനതു വന്നള-
വാതുരന്മാരായിതാശു കപികളും
വാരണസൂകര കുക്കുട ക്രോഷ്ടുക-
സാരമേയോരഗ സൈരിഭ വായസ-
വാനര സിംഹ രുരു വൃക കാക ഗൃ-
ദ്‌ധ്രാനനമായ്‌ വരുമാസുരാസ്ത്രാത്മകം
മുല്‍ഗര പട്ടസ ശക്തി പരശ്വധ-
ഖഡ്ഗശൂല പ്രാസ ബാണായുധങ്ങളും
രൂക്ഷമായ്‌ വന്നു പരന്നതു കണ്ടള-
വാഗ്നേയമസ്ത്രമെയ്താന്‍ മനുവീരനും
ചെങ്കനല്‍ക്കൊള്ളികള്‍ മിന്നല്‍ നക്ഷത്രങ്ങള്‍
തിങ്കളുമാദിത്യനഗ്നിയെന്നിത്തരം
ജ്യോതിര്‍മ്മയങ്ങളായ്‌ ചെന്നു നിറഞ്ഞള-
വാസുരമസ്ത്രവും പോയ്‌ മറഞ്ഞു ബലാല്‍
അപ്പോള്‍ മയന്‍ കൊടുത്തോരു ദിവ്യാസ്ത്രമെ-
യ്തുല്‍പേതരായുധം കാണായിതന്തികേ
ഗാന്ധര്‍വ്വമസ്ത്രം പ്രയോഗിച്ചതിനെയും
ശാന്തമാക്കീടിനാന്‍ മാനവവീരനും
സൗര്യാസ്ത്രമെയ്താന്‍ ദശാനനന്നേരം
ധൈര്യേണ രാഘവന്‍ പ്രത്യസ്ത്രമെയ്തതും
ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും
ചണ്ഡകര‍ാംശുസമങ്ങള‍ാം ബാണങ്ങള്‍
പത്തുകൊണ്ടെയ്തു മര്‍മ്മങ്ങള്‍ ഭേദിച്ചള-
വുത്തമപൂരുഷനാകിയ രാഘവന്‍
നൂറുശരങ്ങളെയ്താനതു കൊണ്ടുടല്‍-
കീറി മുറിഞ്ഞിതു നക്തഞ്ചരേന്ദ്രനും
ലക്ഷ്മണനേഴുശരങ്ങളാലൂക്കോടു
തല്‍ക്ഷണേ കേതു ഖണ്ഡിച്ചു വീഴ്ത്തീടിനാന്‍
അഞ്ചു ശരമെയ്തു സൂതനെയും കൊന്നു
ചഞ്ചലഹീനം മുറിച്ചിതു ചാപവും
അശ്വങ്ങളെഗ്ഗദകൊണ്ടു വിഭീഷണന്‍
തച്ചുകൊന്നാനതുനേരം ദശാനനന്‍
ഭൂതലേ ചാടിവീണാശു വേല്‍കൊണ്ടതി-
ക്രോധാല്‍ വിഭീഷണനെ പ്രയോഗിച്ചിതു
ബാണങ്ങള്‍ മൂന്നുകൊണ്ടെയ്തു മുറിച്ചിതു
വീണിതു മൂന്നു നുറുങ്ങി മഹീതലേ
അപ്പോള്‍ വിഭീഷണനെക്കൊല്ലുമാറവന്‍
കല്‍പിച്ചു മുന്നം മയന്‍ കൊടുത്തോരു വേല്‍
കയ്ക്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു
ലക്ഷ്മണന്‍ മുല്‍പുക്കു ബാണങ്ങളെയ്തിതു
നക്തഞ്ചരാധിപന്‍ തന്നുടലൊക്കവേ
രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടന്‍
നില്‍ക്കും ദശാസനന്‍ കോപിച്ചു ചൊല്ലിനാന്‍
ലക്ഷ്മണന്‍ തന്നോടു ‘നന്നു നീയെത്രയും
രക്ഷിച്ചവാറു വിഭീഷണനെത്തദാ
രക്ഷിക്കില്‍ നന്നു നിന്നെപ്പുനരെന്നുടെ
ശക്തി വരുന്നതു കണ്ടാലുമിന്നൊരു
ശക്തനാകില്‍ ഭവാന്‍ ഖണ്ഡിയ്ക്ക വേലിതും’
എന്നു പറഞ്ഞു വേഗേന ചാട്ടീടിനാന്‍
ചെന്നു തറച്ചിതു മാറത്തു ശക്തിയും
അസ്ത്രങ്ങള്‍ കൊണ്ടു തടുക്കരുതാഞ്ഞുടന്‍
വിത്രസ്തനായ്‌ തത്ര വീണു കുമാരനും
വേല്‍കൊണ്ടു ലക്ഷ്മണന്‍ വീണതു കണ്ടുള്ളില്‍
മാല്‍കൊണ്ടു രാമനും നിന്നു വിഷണ്ണനായ്‌
ശക്തി പറപ്പതിന്നാര്‍ക്കും കപികള്‍ക്കു
ശക്തി പോരാഞ്ഞു രഘുകുലനായകന്‍
തൃക്കൈകള്‍ കൊണ്ടു പിടിച്ചു പറിച്ചുട-
നുള്‍ക്കോപമോടു മുറിച്ചെറിഞ്ഞീടിനാന്‍
മിത്രതനയ സുഷേണ ജഗല്‍പ്രാണ-
പുത്രാദികളോടരുള്‍ചെയ്തിതാദരാല്‍
‘ലക്ഷ്മണന്‍ തന്നുടെ ചുറ്റുമിരുന്നിനി
രക്ഷിച്ചുകൊള്‍വിന്‍ വിഷാദിക്കരുതേതും
ദുഃഖസമയമല്ലിപ്പോളുഴറ്റോടു
രക്ഷോവരനെ വധിയ്ക്കുന്നതുണ്ടു ഞാന്‍
കല്യാണമുള്‍ക്കൊണ്ടു കണ്ടുകൊള്‍വിന്‍ നിങ്ങ-
ളെല്ലവരുമിന്നു മല്‍ക്കരകൗശലം
ശക്രാത്മജനെ വധിച്ചതും വേഗത്തി-
ലര്‍ക്കാത്മജാദികളോടുമൊരുമിച്ചു
വാരിധിയില്‍ ചിറകെട്ടിക്കടന്നതും
പോരില്‍ നിശാചരന്മാരെ വധിച്ചതും
രാവണനിഗ്രഹസാദ്ധ്യമായിട്ടവന്‍
കേവലമിപ്പോളഭിമുഖനായിതു
രാവണനും ബത! രാഘവനും കൂടി
മേവുക ഭൂമിയിലെന്നുള്ളതല്ലിനി
രാത്രിഞ്ചരേന്ദ്രനേക്കൊല്ലുവാന്‍ നിര്‍ണ്ണയം
മാര്‍ത്താണ്ഡവംശത്തിലുള്ളവനാകില്‍ ഞാന്‍
സപ്തദീപങ്ങളും സപ്ത‍ാംബുധികളും
സപ്താചലങ്ങളും സൂര്യചന്ദ്രന്മാരും
ആകാശഭൂമികളെന്നിവയുള്ള നാള്‍
പോകാതെ കീര്‍ത്തിവര്‍ദ്ധിയ്ക്കുംപരിചു ഞാന്‍
ആയോധനേ ദശകണ്ഠനെക്കൊല്‌വനൊ-
രായുധപാണിയെന്നാകില്‍ നിസ്സംശയം
ദേവാസുരോരഗചാരണതാപസ-
രേവരും കണ്ടറിയേണം മമ ബലം.’
ഇത്ഥമരുള്‍ചെയ്തു നക്തഞ്ചരേന്ദ്രനോ-
ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങീടിനാന്‍
തത്സമം ബാണം നിശാചരാധീശനു-
മുത്സാഹമുള്‍ക്കൊണ്ടു തൂകിത്തുടങ്ങിനാന്‍
രാഘവരാവണന്മാര്‍തമ്മിലിങ്ങനെ
മേഘങ്ങള്‍ മാരി ചൊരിയുന്നതുപോലെ
ബാണഗണം പൊഴിച്ചീടുന്നതുനേരം
ഞാണൊലികൊണ്ടു മുഴങ്ങി ജഗത്ത്രയം
സോദരന്‍ വീണു കിടക്കുന്നതോര്‍ത്തുള്ളി-
ലാധി മുഴുത്തു രഘുകുലനായകന്‍
താരേയതാതനോടേവമരുള്‍ചെയ്തു
‘ധീരതയില്ല യുദ്ധത്തിനേതും മമ
ഭൂതലേ വാഴ്കയില്‍ നല്ലതെനിക്കിനി
ഭ്രാതാവുതന്നോടുകൂടെ മരിപ്പതും
വില്‍പിടിയും മുറുകുന്നതില്ലേതുമേ
കെല്‍പുമില്ലതെ ചമഞ്ഞു നമുക്കിഹ
നില്‍പാനുമേതുമരുതു മനസ്സിനും
വിഭ്രമമേറിവരുന്നിതു മേല്‍ക്കുമേല്‍
ദുഷ്ടനെക്കൊല്‍വാനുപായവും കണ്ടീല
നഷ്ടമായ്‌ വന്നിതു മാനവും മാനസേ’
ഏവമരുള്‍ചെയ്തനേരം സുഷേണനും
ദേവദേവന്‍തന്നൊടാശു ചൊല്ലീടിനാന്‍
‘ദേഹത്തിനേതും നിറം പകര്‍ന്നീലൊരു
മോഹമത്രേ കുമാരന്നെന്നു നിര്‍ണ്ണയം
എന്നുണര്‍ത്തിച്ചനിലാത്മജന്‍ തന്നോടു
പിന്നെ നിരൂപിച്ചു ചൊന്നാന്‍ സുഷേണനും
‘മുന്നെക്കണക്കേ വിശല്യകരണിയാ-
കുന്നമരുന്നിന്നു കൊണ്ടുവന്നീടുക’
എന്നളവേ ഹനുമാനും വിരവോടു
ചെന്നു മരുന്നതും കൊണ്ടുവന്നീടിനാന്‍
നസ്യവും ചെയ്തു സുഷേണന്‍ കുമാരനാ-
ലസ്യവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാന്‍
പിന്നെയുമൗഷധശൈലം കപിവരന്‍
മുന്നമിരുന്നവണ്ണം തന്നെയാക്കിനാന്‍
മന്നവന്‍തന്നെ വണങ്ങിനാന്‍ തമ്പിയും
നന്നായ്‌ മുറുകെപ്പുണര്‍ന്നിതു രാമനും
‘നിന്നുടെ പാരവശ്യം കാണ്‍കകാരണ-
മെന്നുടെ ധൈര്യവും പോയിതു മാനസേ’
എന്നതുകേട്ടുരചെയ്തു കുമാരനു-
‘മൊന്നു തിരുമനസ്സിങ്കലുണ്ടാകണം
സത്യം തപോധനന്മാരോടു ചെയ്തതും
മിഥ്യയായ്‌ വന്നുകൂടായെന്നു നിര്‍ണ്ണയം
ത്രൈലോക്യകണ്ടകനാമിവനെക്കൊന്നു
പാലിച്ചുകൊള്‍ക ജഗത്ത്രയം വൈകാതെ’
ലക്ഷ്മണന്‍ ചൊന്നതു കേട്ടു രഘൂത്തമന്‍
രക്ഷോവരനോടെതിര്‍ത്താനതിദ്രുതം
തേരുമൊരുമിച്ചു വന്നു ദശാസ്യനും
പോരിനു രാഘവനോടെതിര്‍ത്തീടിനാന്‍
പാരില്‍ നിന്നിക്ഷ്വാകുവംശതിലകനും
തേരില്‍നിന്നാശരവംശതിലകനും
പോരതി ഘോരമായ്‌ ചെയ്തോരു നേരത്തു
പാരമിളപ്പം രഘൂത്തമനുണ്ടെന്നു
നാരദനാദികള്‍ ചൊന്നതു കേള്‍ക്കയാല്‍
പാരം വളര്‍ന്നൊരു സംഭ്രമത്തോടുടന്‍
ഇന്ദ്രനും മാതലിയോടു ചൊന്നാന്‍ ‘മമ
സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ
ശ്രീരാഘവന്നു ഹിതം വരുമാറു നീ
തേരും തെളിച്ചു കൊടുക്ക മടിയാതെ’
മാതലിതാനതു കേട്ടുടന്‍ തേരുമായ്‌
ഭൂതലം തന്നിലിഴഞ്ഞു ചൊല്ലീടിനാന്‍
‘രാവണനോടു സമരത്തിനിന്നു ഞാന്‍
ദേവേന്ദ്രശാസനയാ വിടകൊണ്ടിതു
തേരതിലാശു കരേറുക പോരിനായ്‌
മാരുതതുല്യവേഗേന നടത്തുവന്‍’
എന്നതു കേട്ടു രഥത്തെയും വന്ദിച്ചു
മന്നവന്‍ തേരിലാമ്മാറു കരേറിനാന്‍
തന്നോടു തുല്യനായ്‌ രാഘവനെക്കണ്ടു
വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനന്‍
പേമഴപോലെ ശരങ്ങള്‍ തൂകീടിനാന്‍
രാമനും ഗാന്ധര്‍വ്വമസ്ത്രമെയ്തീടിനാന്‍
രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം
രാക്ഷസരാജനും രൂക്ഷമായെത്രയും
ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാന്‍
ഗാരുഡമസ്ത്രമെയ്തു രഘുനാഥനും
മാതലിമേലും ദശാസനന്‍ ബാണങ്ങ-
ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു
വാജികള്‍ക്കും ശരമേറ്റമേറ്റു പുന-
രാജിയും ഘോരമായ്‌വന്നു രഘുവരന്‍
കൈകാല്‍ തളര്‍ന്നു തേര്‍ത്തട്ടില്‍നില്‍ക്കും വിധൗ
കൈകസീനന്ദനനായ വിഭീഷണന്‍
ശോകാതിരേകം കലര്‍ന്നു നിന്നീടിനാന്‍
ലോകരുമേറ്റം വിഷാദം കലര്‍ന്നിതും
കാലപുരത്തിനയപ്പേനിനിയെന്നു
ശൂലം പ്രയോഗിച്ചിതാശരാധീശനും
അസ്ത്രങ്ങള്‍കൊണ്ടു തടപൊറാഞ്ഞോര്‍ത്തുടന്‍
വൃത്രാരിതന്നുടെ തേരിലിരുന്നൊരു
ശക്തിയെടുത്തയച്ചൂ രഘുനാഥനും
പത്തു നുറുങ്ങി വീണു തത്ര ശൂലവും
നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ-
ശ്ശസ്ത്രങ്ങള്‍കൊണ്ടു മുറിച്ചിതു രാഘവന്‍
സാരഥി തേരും തിരിച്ചടിച്ചാര്‍ത്തനായ്‌
പോരിലൊഴിച്ചു നിര്‍ത്തീടിനാനന്നേരം
ആലശ്യമൊട്ടകന്നോരു നേരം തത്ര-
പൗലസ്ത്യനും സൂതനോടു ചൊല്ലീടിനാന്‍
‘എന്തിനായ്ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ-
ലന്ധനായ്‌ ഞാനത്ര ദുര്‍ബ്ബലനാകയോ?
കൂടലരോടെതിര്‍ത്താല്‍ ഞാനൊരുത്തനോ-
ടൊടിയൊളിച്ചവാറെന്നു കണ്ടൂ ഭവാന്‍?
നീയല്ല സൂതനെനിക്കിനി രാമനു
നീയതിബാന്ധവനെന്നറിഞ്ഞേനഹം’
ഇത്ഥം നിശാചാധീശന്‍ പറഞ്ഞതി-
നുത്തരം സാരഥി സത്വരം ചൊല്ലിനാന്‍
‘രാമനെ സ്നേഹമുണ്ടായിട്ടുമല്ല മ-
ത്സ്വാമിയെ ദ്വേഷമുണ്ടായിട്ടുമല്ല മേ
രാമനോടേറ്റു പൊരുതിനില്‍ക്കുന്നേര-
മാമയം പൂണ്ടു തളര്‍ന്നതു കണ്ടു ഞാന്‍
സ്നേഹം ഭവാനെക്കുറിച്ചേറ്റമാകയാല്‍
മോഹമകലുവോളം പോര്‍ക്കളം വിട്ടു
ദൂരെ നിന്നാലസ്യമെല്ല‍ാം കളഞ്ഞിനി-
പ്പോരിന്നടുക്കണമെന്നു കല്‍പിച്ചത്രെ
സാരഥിതാനറിയേണം മഹാരഥ-
ന്മാരുടെ സാദവും വാജികള്‍സാദവും
വൈരികള്‍ക്കുള്ള ജയാജയകാലവും
പോരില്‍ നിമ്‌നോന്നതദേശവിശേഷവും
എല്ലാമറിഞ്ഞു രഥം നടത്തുന്നവ-
നല്ലോ നിപുണനായുള്ള സൂതന്‍ പ്രഭോ!’
എന്നതു കേട്ടു തെളിഞ്ഞഥ രാവണ-
നൊന്നു പുണര്‍ന്നാശു കൈവളയും കൊടു-
‘ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക
പിന്നോക്കമില്ലിനിയൊന്നുകൊണ്ടുമെടോ!
ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും
മന്നവനോടുള്ള പോരെന്നറിക നീ’
സൂതനും തേരതിവേഗേന പൂട്ടിനാന്‍
ക്രോധം മുഴുത്തങ്ങടുത്തിതു രാമനും
തങ്ങളിലേറ്റമണഞ്ഞു പൊരുതള-
വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാല്‍

അഗസ്ത്യാഗമനവും ആദിത്യ സ്തുതിയും
അങ്ങനെയുള്ള പോർ കണ്ടുനിൽക്കുന്നേര-
മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യൻ തദാ
രാഘവൻതേരിലിറങ്ങിനിന്നീടിനാ-
നാകാശദേശാൽ പ്രഭാകരസന്നിഭൻ
വന്ദിച്ചു നിന്നു രഘുകുലനാഥനാ-
നന്ദമിയന്നരുൾചെയ്താനഗസ്ത്യനും
‘അഭ്യുദയം നിനക്കാശു വരുത്തുവാ-
നിപ്പോഴിവിടേയ്ക്കു വന്നിതു ഞാനെടോ!
താപത്രയവും വിഷാദവും തീർന്നുപോ-
മാപത്തു മറ്റുള്ളവയുമകന്നുപോം
ശത്രുനാശം വരും രോഗവിനാശനം
വർദ്ധിയ്ക്കുമായുസ്സു സൽക്കീർത്തിവർദ്ധനം
നിത്യമാദിത്യഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാ ജപിയ്ക്കെടോ!
ദേവാസുരോരഗചാരണ കിന്നര-
താപസഗുഹ്യകയക്ഷരക്ഷോഭൂത-
കിംപുരുഷാപ്സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലു ലോകങ്ങളും
രക്ഷിപ്പതും നിജ രശ്മികൾകൊണ്ടവൻ
ഭക്ഷിപ്പതുമവൻ കൽപകാലാന്തരേ
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖൻതാനും പ്രജാപതി വൃന്ദവും
ശക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാ ഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാ പിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസർത്തുസംവത്സരകൽപാദി
കാരകനായതും സൂര്യനിവൻതന്നെ
വേദാന്തവേദ്യനാം വേദാത്മകനിവൻ
വേദാർത്ഥവിഗ്രഹൻ വേദജ്ഞസേവിതൻ
പൂഷാ വിഭാകരൻ മിത്രൻ പ്രഭാകരൻ
ദോഷാകരാത്മകൻ ത്വഷ്ടാ ദിനകരൻ
ഭാസ്കരൻ നിത്യനഹസ്കരനീശ്വരൻ
സാക്ഷിസവിതാ സമസ്തലോകേക്ഷണൻ
ഭാസ്വാൻ വിവസ്വാൻ നഭസ്വാൻ ഗഭസ്തിമാൻ
ശാശ്വതൻ ശംഭു ശരണ്യൻ ശരണദൻ
ലോകശിശിരാരി ഘോരതിമിരാരി
ശോകാപഹാരി ലോകാലോകവിഗ്രഹൻ
ഭാനു ഹിരണ്യഗർഭൻ ഹിരണ്യേന്ദ്രിയൻ
ദാനപ്രിയൻ സഹസ്രാംശു സനാതനൻ
സപ്താശ്വനർജ്ജുനാശ്വൻ സകലേശ്വരൻ
സുപ്തജനാവബോധപ്രദൻ മംഗലൻ
ആദിത്യനർക്കനരുണനനന്തഗൻ
ജ്യോതിർമ്മയൻ തപനൻ സവിതാ രവി
വിഷ്ണു വികർത്തനൻ മാർത്താണ്ഡനംശുമാ-
നുഷ്ണകിരണൻ മിഹിരൻ വിരോചനൻ
പ്രദ്യോതനൻ പരൻ ഖദ്യോതനുദ്യോത-
നദ്വയൻ വിദ്യാവിനോദൻ വിഭാവസു
വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണൻ
വിശ്വവന്ദ്യൻ മഹാവിശ്വരൂപൻ വിഭു
വിശ്വവിഭാവനൻ വിശ്വൈകനായകൻ
വിശ്വാസഭക്തിയുക്താനാം ഗതിപ്രദൻ
ചണ്ഡകിരണൻ തരണി ദിനമണി
പുണ്ഡരീകപ്രബോധപ്രദനര്യമാ
ദ്വാദശാത്മാ പരമാത്മാ പരാപര-
നാദിതേയൻ ജഗദാദിഭൂതൻ ശിവൻ
ഖേദവിനാശനൻ കേവലാത്മാവിന്ദു-
നാദാത്മകൻ നാരദാദി നിഷേവിതൻ
ജ്ഞാനസ്വരൂപനജ്ഞാനവിനാശനൻ
ധ്യാനിച്ചുകൊൾക നീ നിത്യമിദ്ദേവനെ

ആദിത്യഹൃദയം
സന്തതം ഭക്ത്യാ നമസ്കരിച്ചീടുക
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ നമോനമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമത‍ാംകാന്തിരൂപായ തേ നമഃ
സ്ഥവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ 3930
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം”
ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടെത്രയും
ഭക്തി വര്‍ദ്ധിച്ചു കാകുത്സ്ഥനും കൂപ്പിനാന്‍
പിന്നെ വിമാനവുമേറി മഹാമുനി
ചെന്നു വീണാധരോപാന്തേ മരുവിനാന്‍.

രാവണവധം

രാഘവന്‍ മാതലിയോടരുളിച്ചെയ്തി-
‘താകുലമെന്നിയേ തേര്‍ നടത്തീടു നീ’
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും
മൂടി പൊടികൊണ്ടു ദിക്കുമുടനിട-
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും
യാധുധാനാധിപന്‍ വാജികള്‍ തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാന്‍
ശൂലം മുസലം ഗദാദികളും മേല്‍ക്കു-
മേലേ പൊഴിച്ചിതു രാക്ഷസരാജനും
സായകജാലം പൊഴിച്ചവയും മുറി-
ച്ചായോധനത്തിന്നടുത്തിനു രാമനും
ഏറ്റമണഞ്ഞുമകന്നും വലംവച്ചു-
മേറ്റുമിടംവച്ചുമൊട്ടു പിന്‍വാങ്ങിയും
സാരഥിമാരുടെ സൗത്യകൗശല്യവും
പോരാളികളുടേ യുദ്ധകൗശല്യവും
പണ്ടുകീഴില്‍ കണ്ടതില്ല നാമീവണ്ണ-
മുണ്ടാകയുമില്ലിവണ്ണമിനി മേലില്‍
എന്നു ദേവാദികളും പുകഴ്ത്തീടിനാര്‍
നന്നുനന്നെന്നു തെളിഞ്ഞിതു നാരദന്‍
പൗലസ്ത്യരാഘവന്മാര്‍തൊഴില്‍ കാണ്‍കയാല്‍
ത്രൈലോക്യവാസികള്‍ ഭീതിപൂണ്ടീടിനാര്‍
വാതമടങ്ങി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്‌
പാഥോനിധിയുമിളകി മറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാര്‍
‘അംബുധി അംബുധിയോടെന്നെതിര്‍ക്കിലു-
മംബരമംബരത്തോടെതിര്‍ത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാമണയുദ്ധമൊഴിഞ്ഞില്ല’
കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നര്‍
ദേവാദികളുമന്നേരത്തു രാഘവന്‍
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടന്‍
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെ മുളച്ചുകാണായിതവന്‍തല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും
ഉണ്ടായിതപ്പോളതും പിന്നെ രാഘവന്‍
ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാല്‍
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമന്‍
പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും
ഇങ്ങനെ നൂറായിരം തല പോകിലു-
മെങ്ങും കുറവില്ലവന്‍തല പത്തിനും
രാത്രിഞ്ചരാധിപന്‍തന്റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം
കുംഭകര്‍ണ്ണന്‍ മകരാക്ഷന്‍ ഖരന്‍ ബാലി
വമ്പന‍ാം മാരീചനെന്നിവരാദിയ‍ാം
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി-
നിഷ്ഠൂരനാമിവനെക്കൊല്ലുവാന്‍ മടി-
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാന്‍
കണ്ടീലുപായവുമേതുമൊന്നീശ്വരാ!
ചിന്തിച്ചു രാഘവന്‍ പിന്നെയുമദ്ദശ-
കന്ധരന്‍മെയ്യില്‍ ബാണങ്ങള്‍ തൂകീടിനാന്‍
രാവണനും പൊഴിച്ചീടിനാന്‍ ബാണങ്ങള്‍
ദേവദേവന്‍തിരുമേനിമേലാവോളം
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര-
നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും
കെല്‍പുകുറഞ്ഞു ദശാസ്യനും നിര്‍ണ്ണയം
ഏഴുദിവസം മുഴുവനീവണ്ണമേ
രോഷേണനിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ-
‘നേതും വിഷാദമുണ്ടാകായ്ക മാനസേ
മുന്നമഗസ്ത്യതപോധനനാദരാല്‍
തന്ന ബാണം കൊണ്ടു കൊല്ല‍ാം ജഗല്‍പ്രഭോ!
പൈതാമഹാസ്ത്രമതായതെ’ന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരന്‍
‘നന്നു പറഞ്ഞതു നീയിതെന്നോടിനി-
ക്കൊന്നീടുവന്‍ ദശകണ്ഠനെ നിര്‍ണ്ണയം’
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവന്‍
സൂര്യാനലന്മാരതിന്നു തരം തൂവല്‍
വായുവും മന്ദരമേരുക്കള്‍ മദ്ധ്യമായ്‌
വിശ്വമെല്ല‍ാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നന്‍
രാവണന്‍തന്റെ ഹൃദയം പിളര്‍ന്നു ഭൂ-
ദേവിയും ഭേദിച്ചു വാരിധിയില്‍ പുക്കു
ചോരകഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവന്‍ തന്നുടെ
തൂണിയില്‍ വന്നിങ്ങു വീണു തെളിവോടെ
ബാണവുമെന്തൊരു വിസ്മയ,മന്നേരം
തേരില്‍ നിന്നാശു മറിഞ്ഞുവീണീടിനാന്‍
പാരില്‍ മരാമരം വീണപോലെ തദാ
കല്‍പകവൃക്ഷപ്പുതുമലര്‍ തൂകിനാ-
രുല്‍പന്നമോദേന വാനരരേവരും
അര്‍ക്കകുലോത്ഭവന്‍ മൂദ്ധനി മേല്‍ക്കുമേല്‍
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു
പുഷ്കരസംഭവനും തെളിഞ്ഞീടിനാ-
നര്‍ക്കനും നേരെയുദിച്ചാനതുനേരം
മന്ദമായ്‌ വീശിത്തുടങ്ങി പവനനും
നന്നായ്‌ വിളങ്ങീ ചതുര്‍ദ്ദശലോകവും
താപസന്മാരും ജയജയ ശബ്ദേന
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാര്‍
ശേഷിച്ച രാക്ഷസരോടിയകംപുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ
അര്‍ക്കജന്‍ മാരുതി നീല‍ാംഗദാദിയ‍ാം
മര്‍ക്കടവീരരുമാര്‍ത്തു പുകഴ്ത്തിനാര്‍
അഗ്രജന്‍ വീണതു കണ്ടു വിഭീഷണന്‍
വ്യഗ്രിച്ചരികത്തു ചെന്നിരുന്നകുലാല്‍
ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ-
‘നൊക്കെ വിധിബലമല്ലോ വരുന്നതും
ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന
വീര! മഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായതും
കണ്ടിതെല്ല‍ാം ഞാനനുഭവിക്കേണമെ-
ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും?
ഏവം കരയും വിഭീഷണന്‍തന്നോടു
ദേവദേവേശനരുള്‍ചെയ്തിതാദരാല്‍
‘എന്നോടഭിമുഖനായ്നിന്നു പോര്‍ചെയ്തു
നന്നായ്‌ മരിച്ച മഹാശൂരനാമിവന്‍-
തന്നെക്കുറിച്ചു കരയരുതേതുമേ
നന്നല്ലതുപരലോകത്തിനു സഖേ!
വീരരായുള്ള രാജാക്കള്‍ധര്‍മ്മം നല്ല
പോരില്‍ മരിയ്ക്കുന്നതെന്നറിയേണമേ!
പോരില്‍ മരിച്ചു വീരസ്വര്‍ഗ്ഗസിദ്ധിയ്ക്കു
പാരം സുകൃതികള്‍ക്കെന്നി യോഗം വരാ
ദോഷങ്ങളെല്ലമൊടുങ്ങീതിവന്നിനി-
ശ്ശേഷക്രിയയ്ക്കു തുടങ്ങുക വൈകാതെ’
ഇത്ഥമരുള്‍ ചെയ്തു നിന്നരുളുന്നേരം
തത്ര മണ്ഡോദരി കേണു വന്നീടിനാള്‍
ലങ്കാധിപന്‍മാറില്‍ വീണു കരഞ്ഞുമാ-
തങ്കമുള്‍ക്കൊണ്ടു മോഹിച്ചു പുനരുടന്‍
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള
നാരീജനങ്ങളും കേണുതുടങ്ങിനാര്‍
പംക്തിരഥാത്മജനപ്പോളരുള്‍ചെയ്തു
പംക്തിമുഖാനുജന്‍ തന്നോടു സാദരം
‘രാവണന്‍ തന്നുടല്‍ സംസ്കരിച്ചീടുക
പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം’
തത്ര വിഭീഷണന്‍ ചൊന്നാ’നിവനോള-
മിത്ര പാപം ചെയ്തവരില്ല ഭൂതലേ
യോഗ്യമല്ലേതുമടിയനിവനുടല്‍-
സംസ്കരിച്ചീടുനാ’നെന്നു കേട്ടേറ്റവും
വന്ന ബഹുമാനമോടെ രഘൂത്തമന്‍
പിന്നെയും ചൊന്നാന്‍ വിഭീഷണന്‍ തന്നോടു
‘മദ്ബാണമേറ്റു രണാന്തേ മരിച്ചൊരു
കര്‍ബ്ബുരാധീശ്വരനറ്റിതു പാപങ്ങള്‍
വൈരവുമാമരണാന്തമെന്നാകുന്നി-
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ
ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു
ദോഷം നിനക്കതിനേതുമകപ്പെടാ’
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ-
നന്ദേന കൂട്ടി മുനിവരന്മാരുമായ്‌
വസ്ത്രാഭരണമാല്യങ്ങള്‍കൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി-
ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി-
ഹോത്രികളെസ്സംസ്കരിയ്ക്കുന്നവണ്ണമേ
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂര്‍വ്വജനായുദകക്രിയയും ചെയ്തു
നാരികള്‍ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്കരിച്ചീടിനാന്‍
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം പോയ്‌ സുരാലയം മേവിനാന്‍
ചെന്നു നിജനിജ മന്ദിരം പുക്കിതു
ജന്യാവലോകനം ചെയ്തു നിന്നോര്‍കളും

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News